ലിവര്‍പൂള്‍ ഫാന്‍സിനിടയിലേക്ക് കാറോടിച്ചു കയറ്റിയ ആളെ തിരിച്ചറിഞ്ഞു; അക്രമി മൂന്ന് കുട്ടികളുടെ പിതാവായ 53 കാരന്‍
ലിവര്‍പൂള്‍ ഫാന്‍സിനിടയിലേക്ക് കാറോടിച്ചു കയറ്റിയ ആളെ തിരിച്ചറിഞ്ഞു; അക്രമി മൂന്ന് കുട്ടികളുടെ പിതാവായ 53 കാരന്‍
ലിവര്‍പൂള്‍: ലിവര്‍പൂള്‍ ആരാധകരുടെ വിജയാഘോഷത്തിനിടയിലേക്ക് കാറിടിച്ചു കയറ്റിയ ആള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ 53 കാരനാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലത്ത് നാല് കിടപ്പുമുറിയുള്ള വീട്ടില്‍ താമസിക്കുന്ന ഈ വ്യക്തി തികച്ചും ഒരു കുടുംബനാഥനാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ഇയാളുടെ മക്കളും നല്ല രീതിയില്‍ പെരുമാറുന്നവരാണ്. ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തില്‍, കമ്പനി ഡയറക്ടര്‍ ആയ ഇയാള്‍ ഭയന്നു കാണുമെന്നാണ് അവര്‍ പറയുന്നത്.
ഒന്നിലധികം കൊലപാതക ശ്രമങ്ങള്‍, മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ അപകടകരമായ നിലയിലെ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ഇയാള്‍ ഇപ്പോഴും മേഴ്സിസൈഡ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുള്ളതുകൊണ്ട്, കൂടുതല്‍ സമയം ഇയാളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.
തിങ്കളാഴ്ച, ലിവര്‍പൂള്‍ എഫ് സിയുടെ വിജയം ആഘോഷിക്കാന്‍ ആരാധകര്‍ നടത്തിയ പരേഡിലേക്ക് ഇയാള്‍ ഓടിച്ച ഫോര്‍ഡ് ഗാലക്സി ഇടിച്ചു കയറിയിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഏഴുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇയാളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.