തൊഴില്‍ ചൂഷണങ്ങള്‍ ബ്രിട്ടനിലും പതിവാകുന്നു; ഗള്‍ഫ് നാടുകളിലേതിന് സമാനമായ ആടുജീവിതമെന്ന് ചര്‍ച്ചകള്‍
ലണ്ടന്‍: ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ ചൂഷണത്തിനും, അവഹേളനത്തിനും പാത്രമാകുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വേതനം നല്‍കി കൂടുതല്‍ ജോലി ചെയ്യിക്കുകയും, മോശപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ഒക്കെ പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെ ഫാമുകളില്‍, താത്ക്കാലികമായി ജോലിക്കെത്തിയ 700 ല്‍ അധികം വിദേശ തൊഴിലാളികളാണ് 2024 ല്‍ വര്‍ക്കര്‍ സപ്പോര്‍ട്ട് സെന്റര്‍ എന്ന ചാരിറ്റിക്ക് മുന്‍പാകെ പരാതി ബോധിപ്പിച്ചത്.
വിളവെടുപ്പ് കാലങ്ങളില്‍ മാത്രം ബ്രിട്ടനിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രധാനമായും ചൂഷണത്തിന് വിധേയരാകുന്നത്. അടിമകളെ പോലെയാണ് തങ്ങളോട് തൊഴിലുടമകള്‍ പെരുമാറുന്നതെന്നാണ് അതില്‍ ഒരാള്‍ ബി ബി സിയോട് പറഞ്ഞത്. കൃഷിയിടങ്ങളില്‍ തൊഴിലാളി ചൂഷണം ശ്രദ്ധയില്‍ പെട്ടപ്പോഴൊക്ക് കര്‍ശനമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സീസണല്‍ വര്‍ക്കര്‍ വിസയില്‍ ബ്രിട്ടനിലെത്തിയ ബൊളീവിയന്‍ സ്വദേശി ജൂലിയ ക്യൂകാനോ എന്ന യുവതി പരാതിയുമായി ഹോം ഓഫീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
എന്നാല്‍, പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ ശോചനീയമാണ് സീസണല്‍ വര്‍ക്കര്‍മാരുടെ യഥാര്‍ത്ഥ സാഹചര്യമെന്നും അവര്‍ പറയുന്നു. അവര്‍ക്ക് സഹായത്തിനായി സമീപിക്കാന്‍ ആരുമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും ജൂലിയ പറയുന്നു.