പോപ്പ് ഫ്രാന്‍സിസ് മരിച്ചാല്‍ വത്തിക്കാനില്‍ സംഭവിക്കുന്നത് എന്തൊക്കെ? കബറടക്കത്തിന്റെ നടപടിക്രമങ്ങള്‍ എങ്ങനെ? പുതിയ പോപ്പിനെ എങ്ങനെ തെരഞ്ഞെടുക്കും? എത്രകാലം കഴിയും പുതിയ മാര്‍പ്പാപ്പ ചുമതല ഏല്‍ക്കാന്‍?

പോപ്പ് ഫ്രാന്‍സിസ് മരിച്ചാല്‍ വത്തിക്കാനില്‍ സംഭവിക്കുന്നത് എന്തൊക്കെ?

Update: 2025-02-26 03:32 GMT

വത്തിക്കാന്‍: അഭിവന്ദ്യ മാര്‍പ്പാപ്പ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ തുടരുമ്പോള്‍, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ തങ്ങളുടെ പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്. അദ്ദേഹത്തിന്റെ നില ചെറുതായൊന്ന് മെച്ചപ്പെട്ടിട്ടുണ്ട് എന്ന വത്തിക്കാനില്‍ നിന്നുള്ള സന്ദേശം വിശ്വാസികളുടെ പ്രതീക്ഷ ചെറുതായെങ്കിലും ശക്തമാക്കിയിട്ടുമുണ്ട്. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധ ഉണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആയിരുന്നു മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍, ഏറ്റവും ദുഃഖകരമായ വാര്‍ത്ത പുറത്തുവന്നാല്‍, എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. സാധാരണഗതിയില്‍ പോപ്പ് മരണമടഞ്ഞാല്‍ ആറ് ദിവസങ്ങള്‍ കഴിഞ്ഞാകും അവരുടെ ശവസംസ്‌കാരം നടത്തുക. ഈ സമയമത്രയും മൃതദേഹം സെയിന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആയിരിക്കും സൂക്ഷിക്കുക. മാത്രമല്ല, മാര്‍പ്പാപ്പയുടെ മരണശേഷം ചുരുങ്ങിയത് 15 ദിവസങ്ങള്‍ എങ്കിലും കഴിഞ്ഞാല്‍ മാത്രമെ, അടുത്ത പോപ്പിനെ കണ്ടെത്തുന്നതിനായി സിസ്‌റ്റൈന്‍ ചാപ്പലില്‍ യോഗം ചേരുകയുള്ളൂ.

പോപ്പിന്റെ കിടക്കയ്ക്കരികില്‍ എത്തി, മൂന്ന് തവണ പേര് ചൊല്ലിവിളിച്ചതിന് ശേഷം വത്തിക്കാന്‍ ചേംബര്‍ലെയ്ന്‍ (നിലവില്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാറെല്‍ ആണ് ആ സ്ഥാനം വഹിക്കുന്നത്). പോപ്പിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടര്‍ന്ന് പോപ്പിന്റെ സ്വകാര്യം ഓഫീസും അപ്പാര്‍ട്ട്‌മെന്റും അടച്ചു പൂട്ടി സീല്‍ ചെയ്യുകയും അദ്ദേഹത്തിന്റെ വിരലില്‍ നിന്നും പേപ്പല്‍ ഫിഷര്‍മാന്‍സ് മോതിരം ഊരിയെടുത്ത് അത് ഒരു ചുറ്റിക ഉപയോഗിച്ച് തല്ലി പൊട്ടിക്കുകയും ചെയ്യും. തുടര്‍ന്ന് ചുവന്ന വസ്ത്രം ധരിപ്പിച്ച ശരീരം സെയിന്റ് പീറ്റേഴ്സ് ബസിലിക്കയിലെക്ക് കൊണ്ടു പോകും. മൂന്ന് ദിവസം അത് അവിടെയായിരിക്കും.

ഇതിനു മുന്‍പ് ഉണ്ടായിരുന്ന മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് സെയിന്റ് പീറ്റേഴ്സില്‍ ആണെങ്കിലും, തന്നെ അടക്കുന്നത് റോമിലെ എസ്‌ക്യുലിനോയിലെ സാന്റാ മറിയ മഗ്ഗോയിര്‍ ബസലിക്കയില്‍ ആയിരിക്കുമെന്ന് 2023 ല്‍ പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 15 ദിവസത്തിനു ശേഷം നടക്കുന്ന, പിന്‍ഗാമിയെ കണ്ടെത്താനുള്ള യോഗത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള കര്‍ദ്ദിനാള്‍മാര്‍ക്കു മാത്രമെ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളു. നിലവില്‍ 252 കര്‍ദ്ദിനാള്‍മാര്‍ ഉള്ളതില്‍ 138 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരിക്കുക.

ചാപ്പലിലെ അടച്ചിട്ട മുറിയിലേക്ക് പ്രവേശിക്കുന്ന കര്‍ദ്ദിനാള്‍മാര്‍ക്ക്, പുതിയ പോപ്പിനെ കണ്ടെത്തുന്നതുവരെ സാങ്കേതിക വിദ്യയുമായോ പുറം ലോകവുമായോ ഒരു ബന്ധവും ഉണ്ടായിരിക്കില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വേണം പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍. കഴിഞ്ഞ തവണ, പോപ്പ് ബെനെഡിക്റ്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ കണ്ടെത്താന്‍ നടത്തിയ കോണ്‍ക്ലേവ് കേവലം ഒരു ദിവസം മാത്രമെ നീണ്ടുള്ളു. എന്നാല്‍ സാങ്കേതികമായി ഇത് ആഴ്ചകളോളമോ മാസങ്ങളോളമോ വര്‍ഷങ്ങള്‍ വരെയുമോ നീണ്ടേക്കാം. എന്നാല്‍, ആധുനിക കാലത്ത് ഇവ ഏതാനും ആഴ്ചകള്‍ക്കപ്പുറം നീളാതെ ശ്രദ്ധിക്കാറുണ്ട്.

പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം, കോണ്‍ക്ലേവിലെ സംഭവങ്ങള്‍ പുറത്തു പറയുകയില്ലെന്ന് അവര്‍ ദൈവ വചനങ്ങള്‍ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്യും. അതിനു ശേഷം പുതിയ പോപ്പിന് വേണമെന്ന് ആഗ്രഹിക്കുന്ന യോഗ്യതകളും സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മാള്‍ട്ടീസ് കര്‍ദ്ദിനാള്‍ വിശദീകരിക്കും. തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാത്രമല്ലാത്തവര്‍ എല്ലാവരും മുറിവിട്ട് പുറത്തു പോവുകയും വോട്ടിംഗ് ആരംഭിക്കുകയും ചെയ്യും.ഓരോ കര്‍ദ്ദിനാളും തങ്ങള്‍ക്ക് താത്പര്യപ്പെടുന്ന വ്യക്തിയുടെ പേര് ഒരു കടലാസില്‍ എഴുതി അള്‍ത്താരക്ക് മുന്‍പില്‍ വരും. അന്തിമ വിധികര്‍ത്താവായ യേശു ക്രിസ്തുവിന്റെ മുന്നില്‍ വെച്ചിരിക്കുന്ന ഒരു പാത്രത്തില്‍ അവര്‍ പ്രാര്‍ത്ഥനയോടെ അത് നിക്ഷേപിക്കും.

തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കും. മൂന്നില്‍ രണ്ട് വോട്ടുകള്‍ക്ക് ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഈ പ്രക്രിയ തുടരും ഈ സമയമത്രയും ആയിരക്കണക്കിന് വിശാസികള്‍ ചാപ്പലിന് പുറത്തും, ലക്ഷക്കണക്കിനുപേര്‍ ടെലിവിഷനുകള്‍ക്ക് മുന്നിലും ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കും. അവസാനം സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക പുറത്തുവരുമ്പോള്‍ പുതിയ പോപ്പിനെ കണ്ടെത്തിയ ആശ്വാസത്തില്‍ അവര്‍ നെടുവീര്‍പ്പിടും. വോട്ടിംഗിനായി ഉപയോഗിച്ച ബാലറ്റു പേപ്പറുകള്‍ കത്തിച്ചാണ് പുക ഉണ്ടാക്കുക. വെളുത്ത നിറം ഉറപ്പു വരുത്തായി ചില ഡൈകള്‍ അതില്‍ ചേര്‍ത്തിരിക്കും.

Tags:    

Similar News