ഒടുവിൽ യു.എസുമായി ധാരണയിലെത്തി; പകരച്ചുങ്കം താത്കാലികമായി കുറയ്ക്കാൻ തീരുമാനം; ബോയിംഗിനുള്ള വിലക്ക് നീക്കി ചൈന
By : സ്വന്തം ലേഖകൻ
Update: 2025-05-14 17:01 GMT
ബീജിംഗ്: അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിംഗിൽ നിന്നും പുതിയ ഡെലിവറികൾ സ്വീകരിക്കുന്നതിന് രാജ്യത്തെ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ചൈന. ഇറക്കുമതികൾക്ക് പരസ്‌പരം ചുമത്തിയ പകരച്ചുങ്കം താത്കാലികമായി കുറയ്ക്കാൻ യു.എസുമായി ധാരണയിൽ എത്തിയ പിന്നാലെയാണ് ചൈനയുടെ നീക്കം.
ഇക്കഴിഞ്ഞ ഏപ്രിലിൽ യു.എസുമായി വ്യാപാര യുദ്ധം മുറുകിയ ഘട്ടത്തിലാണ് ബോയിംഗിന്റെ ഡെലിവറികൾക്ക് ചൈന നിയന്ത്രണമേർപ്പെടുത്തിയത്. വിമാനങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഉപകരണങ്ങളും ബോയിംഗ് അടക്കം അമേരിക്കൻ കമ്പനികളിൽ നിന്ന് വാങ്ങേണ്ട എന്നും ചൈന തങ്ങളുടെ വിമാനക്കമ്പനികളോട് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെ ചൈനയിലെ ബോയിംഗിന്റെ ഡെലിവറി സെന്ററിൽ നിന്ന് മൂന്ന് ജെറ്റുകൾ യു.എസിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.