ഇസ്രയേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു; ബന്ദികളെ മോചിപ്പിക്കുന്നതിനിടെയെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍; നിഷേധിച്ച് ഇസ്രയേല്‍ സൈന്യം
ഇസ്രയേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: തെക്കന്‍ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ബന്ദികളെ മോചിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നതെന്നാണ് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇസ്രയേല്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റിയുടെ സൈനിക വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അഹമ്മദ് സര്‍ഫാനാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം ഇയാളെ വധിച്ചത്്. ഇസ്രയേലിന്റെ പ്രത്യേക സൈനിക വിഭാഗമാണ് ഖാന്‍യുനീസില്‍ പ്രവേശിച്ച് ആക്രമണം നടത്തിയത്. സൈനികര്‍ വേഷപ്രച്ഛന്നരായിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചില സൈനികര്‍ സ്ത്രീകളുടെ വേഷത്തിലാണ് എത്തിയത്. കൊല്ലപ്പെട്ട സര്‍ഹാന്റെ ഭാര്യയേയും കുട്ടികളേയും ഇസ്രയേല്‍ സൈന്യം പിടികൂടിയിട്ടുണ്ട്.
ഗാസാ മുനമ്പില്‍ ഹമാസും ഇസ്ലാമിക് ജിഹാദും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ ഭീകര സംഘടനയായിട്ടാണ് പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹമാസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഖാന്‍യുനീസിലെ നസര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇസ്രയേല്‍ സൈന്യം പുലര്‍ച്ചെ ശക്തമായ വ്യോമാക്രമണവും നടത്തിയിരുന്നു.
ഹെലികോപ്ടറുകളും ഷെല്ലുകളും എല്ലാം ഉപയോഗിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ചില ഫലസ്തീന്‍ മാധ്യമങ്ങള്‍ ഇവിടെ ശക്തമായ ആക്രമണം നടന്നതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടതായും
സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം പ്രദേശത്തേക്ക് പ്രവേശിച്ചതായി പല അറബ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇതിന് മറുപടിയായി, അത്തരമൊരു ഓപ്പറേഷന്‍ നടന്നിട്ടില്ലെന്ന് ഇസ്രയേലും വ്യക്തമാക്കിയിരുന്നു. അതേസമയം, ഗാസയില്‍ ഇന്നലെ രാത്രി ഇസ്രയേല്‍ നിരവധി തവണ വ്യോമാക്രമണങ്ങള്‍ നടന്നതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും സമീപ പ്രദേശങ്ങളിലും വടക്ക് ഗാസയിലും ദെയ്ര് അല്‍-ബലാഹ് പ്രദേശത്തുമാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇന്നലെ മുതല്‍ ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചരിക്കുകയാണ്. അതിനിടയില്‍ ഹമാസ് തലവനായിരുന്ന കൊല്ലപ്പെട്ട യാഹ്യാ സിന്‍വറിന്റെ രണ്ട് സഹോദരന്‍മാരും കൊല്ലപ്പെട്ടതായി സ്ഥിരികരിച്ചു. യാഹ്യാ സിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വര്‍ കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഇസ്രയേല്‍ ഇക്കാര്യം സ്ഥീരീകരിച്ചു. ഒപ്പം യാഹ്യാ സിന്‍വറിന്റെ മറ്റൊരു സഹോദരനായ സക്കറിയ സിന്‍വറും കുടുംബവും കൊല്ലപ്പെട്ടിട്ടുണ്ട്.