അമേരിക്കയിലെ അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്

Update: 2025-07-17 02:08 GMT

വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ അലാസ്‌കാ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. അലാസ്‌കയിലെ ദ്വീപ് നഗരമായ സാന്‍ഡ് പോയിന്റില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂചലനത്തിനു പിന്നാലെ തെക്കന്‍ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. സാന്‍ഡ് പോയിന്റ് നഗരത്തില്‍നിന്ന് ഏകദേശം 87 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം 12.37-ഓടെയാണ് സംഭവം. തെക്കന്‍ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും, അലാസ്‌കയിലെ കെന്നഡി എന്‍ട്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്.

പ്രാഥമിക വിവരങ്ങളനുസരിച്ച്, വളരെ അകലെയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം (എന്‍ടിഡബ്ല്യുസി) അറിയിച്ചു. ഭൂകമ്പ സാധ്യതയേറിയ പസഫിക് 'റിങ് ഓഫ് ഫയറി'ന്റെ ഭാഗമാണ് അലാസ്‌ക. 2023 ജൂലായില്‍ അലാസ്‌കന്‍ ഉപദ്വീപില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 7.0 മുതല്‍ 7.9 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വലിയ ഭൂകമ്പമായാണ് കണക്കാക്കുന്നത്. വലിയ നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്.

ഓരോ വര്‍ഷവും ലോകമെമ്പാടുമായി ഇത്തരത്തിലുള്ള 10 മുതല്‍ 15 വരെ ശക്തമായ ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. 1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയതാണ് അലാസ്‌കയിലുണ്ടായ ഏറ്റവുംവലിയ ഭൂകമ്പം. അന്ന് 250-ലധികം ആളുകള്‍ മരിച്ചിരുന്നു.

Tags:    

Similar News