കേടായ ഭക്ഷണം കഴിച്ചു; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭക്ഷ്യവിഷബാധ: അടുത്ത മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭക്ഷ്യവിഷബാധ
ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭക്ഷ്യവിഷബാധ. 75 വയസ്സുകാരനായ നെതന്യാഹുവിന് ശനിയാഴ്ച രാത്രിയോടെയാണ് അസ്വസ്ഥത തുടങ്ങിയത്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിലിരുന്ന് ചുമതലകള്‍ നിര്‍വഹിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. കേടായ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കേടായ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുടല്‍വീക്കവും നിര്‍ജ്ജലീകരണവും കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ചികിത്സ തുടരുകയാണെന്ന് ഓഫീസ് പ്രസ്താവനയില്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച്, പ്രധാനമന്ത്രി അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടില്‍ വിശ്രമിക്കുകയും അവിടെ നിന്ന് ഔദ്യോഗിക കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുമെന്ന്് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ശരീരത്തില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച നെതന്യാഹുവിന് 2023ല്‍ മൂത്രാശയ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.