ശരീരത്തെ ആകെ തളർത്തി; ഒന്നിനും വയ്യാത്ത അവസ്ഥ..!!; വിട്ടുമാറാത്ത അസുഖം ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ജോലി സ്ഥലത്ത് യുവതി നേരിട്ടത്; വൈറലായി കുറിപ്പ്
വിട്ടുമാറാത്ത രോഗബാധിതയായതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. തൻ്റെ രോഗാവസ്ഥയെക്കുറിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും പിന്തുണ ലഭിക്കുന്നതിന് പകരം ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.
ടിക് ടോക്ക് അക്കൗണ്ടിലൂടെയാണ് യുവതി തൻ്റെ അനുഭവം പങ്കുവെച്ചത്. ഹൈപ്പോതൈറോയിഡിസം എന്ന രോഗാവസ്ഥയുമായി ഏറെ നാളായി മല്ലിടുകയാണെന്നും ഇത് ശരീരത്തെ തളർത്തുകയും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നതായി അവർ വിശദീകരിച്ചു. ഈ വെല്ലുവിളികൾക്കിടയിലും മാസങ്ങളോളം ജോലി തുടർന്നു. ഒടുവിൽ, ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ ഫലവത്തായി ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഏകദേശം ഒരു മാസത്തേക്ക് ജോലിഭാരം കുറച്ചുതരണമെന്ന് ആവശ്യപ്പെട്ട് മാനേജർമാരെ സമീപിക്കുകയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി തൻ്റെ ആവശ്യം നിരസിച്ച് തൻ്റെ തൊഴിൽ കരാർ അവസാനിപ്പിക്കുകയാണെന്ന് വാക്കാൽ അറിയിച്ചതായി യുവതി പറഞ്ഞു.
"എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല, കുറച്ച് സമയം ആവശ്യമാണെന്നും അതിനുള്ള പിന്തുണ വേണമെന്നുമാണ് ഞാൻ ആവശ്യപ്പെട്ടത്. അതിനുപകരം അവർ എന്നെ വലിച്ചെറിഞ്ഞു," വികാരാധീനയായി യുവതി വീഡിയോയിൽ പ്രതികരിച്ചു. തൻ്റെ കമ്പനിയുടെ പേര് യുവതി വെളിപ്പെടുത്തിയിട്ടില്ല.