ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി: അപകടം ഉണ്ടായത് കപ്പലില്‍ ജോലിക്ക് കയറുന്നതിനായി ബോട്ടില്‍ പോയപ്പോള്‍
മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
എറണാകുളം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഉണ്ടായ കപ്പല്‍ അപകടത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. ഒരു മലയാളി യുവാവിനെ അടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി, മൊസാംബിക്കിലെ ബെയ്‌റാ തുറമുഖത്തിന് സമീപമാണ് അപകടം ഉണ്ടായത്. കപ്പലില്‍ ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. പിറവം വെളിയനാട് പോത്തംകുടിലില്‍ സന്തോഷിന്റെയും ഷീനയുടെയും മകന്‍ ഇന്ദ്രജിത് (22) ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി.
തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലില്‍ ജോലിക്കു കയറേണ്ടവരും ഉള്‍പ്പെടെ 21 പേരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടില്‍നിന്ന് 13 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
കപ്പലില്‍ ജോലിക്കു കയറുന്നതിനു ബോട്ടില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഇന്ദ്രജിത്ത് ഒരു വര്‍ഷത്തോളമായി കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയിലാണു ജോലി ചെയ്യുന്നത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും കപ്പലില്‍ ജോലി ചെയ്യുകയാണ്. അദ്ദേഹം ഇന്നു മൊസാംബിക്കില്‍ എത്തും. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.