യുഎസ് സൈനിക താവളത്തില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ പാക്കറ്റ് തുറന്നു; നിരവധി പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
യുഎസ് സൈനിക താവളത്തില്‍ സംശയാസ്പദമായ പാക്കറ്റ് ; നിരവധി പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
വാഷിങ്ടന്‍: യുഎസ് സൈനിക താവളത്തില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ പാക്കറ്റ് തുറന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് ജോയിന്റ് ബേസിലാണ് സംഭവം. അജ്ഞാതമായ വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് ഒരു വ്യക്തി തുറന്നതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ മാല്‍ക്കം ഗ്രോ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും പരിശോധനയ്ക്കു ശേഷം വിട്ടയച്ചെന്നും യുഎസ് സൈന്യം അറിയിച്ചു. സൈനിക താവളത്തിലെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. പ്രത്യേക അന്വഷണ സംഘം സൈനിക താവളത്തില്‍ പരിശോധന നടത്തി.
അതേസമയം പാക്കറ്റില്‍ നിന്ന് അപകടകരമായതൊന്നും കണ്ടെത്താനായില്ലെന്നും പരിശോധന തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സൈനിക താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്നും അധികൃതര്‍ അറിയിച്ചു. യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമുള്‍പ്പെടെ രാജ്യത്തും ലോകമെമ്പാടും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന സൈനിക താവളമാണിത്.