ഭിക്ഷാടനത്തിന് അറസ്റ്റിലായ ആള്‍ മൂന്ന് ആഡംബര കാറുകളുടെ ഉടമ; പിടിയിലായ മറ്റൊരാളുടെ കൈവശം 25,000 ദിര്‍ഹത്തിലേറെ പണം; കുടുംബത്തോടെ ഭിക്ഷാടനം നടത്തുന്നവരും ഏറെ: പരിശോധന ശക്തമാക്കി ദുബായ് പോലിസ്
ഭിക്ഷാടനത്തിന് അറസ്റ്റിലായ ആള്‍ മൂന്ന് ആഡംബര കാറുകളുടെ ഉടമ
ദുബായ്: ദുബായ് പോലീസ് ഭിക്ഷാടനത്തിന് പിടികൂടിയ ആള്‍ മൂന്ന് ആഡംബര കാറുകളുടെ ഉടമ. മൂന്ന് ആഡംബരകാറുകള്‍ സ്വന്തമായിട്ടുള്ളപ്പോഴും യാചകനായി കഴിയുന്നത് വ്യത്യസ്തമായ സംഭവമാണെന്ന് പോലീസ് പറയുന്നു. ഭിക്ഷാടകര്‍ക്കായുള്ള പരിശഓധന ശക്തമാക്കിയതോടെയാണ് കോടീശ്വരന്മാരായ ഭിക്ഷക്കാര്‍ കുടുങ്ങിയത്. ഇയാള്‍ ആഡംബര ജീവിതം നയിക്കാന്‍ പണം കണ്ടെത്തുന്നത് ഭിക്ഷാടനത്തിലൂടെയാണോ എന്ന് പോലിസ് പരിശോധിച്ച് വരികയാണ്. പിടിയിലായ മറ്റൊരാളുടെ കൈവശം 25,000 ദിര്‍ഹത്തിലേറെ പണം കണ്ടെത്തി.
കൈക്കുഞ്ഞുമായി ഭിക്ഷാടനം നടത്തിയ മറ്റൊരാളും പോലിസ് പിടിയിലായി. കുടുംബമായി ഭിക്ഷയ്ക്കിറങ്ങുന്നവരും സ്‌കൂളില്‍ പോലും പോകാത്ത കുട്ടികളെയും ഭിക്ഷാടനത്തിനിടെ പോലിസ് പിടികൂടിയിട്ടുണ്ട്. ദുബായിലെ മാര്‍ക്കറ്റില്‍ പായവിരിച്ച് ഭിക്ഷാടനം നടത്തുകയായിരുന്ന മറ്റൊരാളും പിടിയിലായിട്ടുണ്ട്. ഇത്തരത്തില്‍ ഭിക്ഷാടകര്‍ സഹതാപം നേടി ജനങ്ങളില്‍ നിന്നും വലിയ രീതിയില്‍ പണം സമ്പാദിക്കുന്നുണ്ടെന്നും ദുബായ് പോലീസിലെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി സലേം അല്‍ ഷംസി പറഞ്ഞു.
കൈക്കുഞ്ഞിനെയും കൊണ്ട് ഭിക്ഷാടനം നടത്തുകയായിരുന്ന ഏഷ്യന്‍ വംശജനില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് വിവിധ വിദേശ കറന്‍സികളായി 20,000 ദിര്‍ഹം. രണ്ടരവയസ്സുള്ള കുഞ്ഞുമായാണ് ഇയാള്‍ ഭിക്ഷാടനം നടത്തിയിരുന്നത്. സഹതാപം പിടിച്ചുപറ്റാനാണ് ഇയാള്‍ രണ്ടരവയസ്സുള്ള കുഞ്ഞിനേയും യാചനയ്ക്കായി ഉപയോഗിക്കുന്നതെന്നും പോലീസ് പറഞ്ഞു. സന്ദര്‍ശക വിസയിലെത്തിയ പ്രതി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും തുക സമാഹരിച്ചതെന്ന് കരുതുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ ദുബായ് പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മൂന്നുദിവസം മുന്‍പാണ് ദുബായിലെ മാര്‍ക്കറ്റില്‍ പായവിരിച്ച് ഭിക്ഷാടനം നടത്തിയിരുന്നയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടയില്‍ പായക്കടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 25,000 ദിര്‍ഹം പോലീസ് കണ്ടെടുത്തതായി ദുബായ് പോലീസിലെ ക്രിമിനല്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ക്യാപ്റ്റന്‍ അമ്മാര്‍ താരിഖ് പറഞ്ഞു. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ കുടുംബങ്ങളായി ഭിക്ഷാടനം നടത്തുകയായിരുന്ന ഏഷ്യന്‍ വംശജര്‍ പിടിയിലായിരുന്നു. സ്‌കൂളില്‍ വിടാതെ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവരും ഏറെയാണ്. ഏഴും എട്ടും വയസ്സുള്ള കുട്ടികള്‍ വരെ ഭിക്ഷാടനത്തിനായി നിയോഗിക്കപ്പെടുന്നു. സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് ഇവരെ ഭിക്ഷാടനത്തിനായി പറഞ്ഞു വിടുന്നത് എന്നതാണ് വിചിത്രം. പത്ത് വയസ്സിനുമുകളിലുള്ള കുട്ടികളെക്കൂടി പ്രതികള്‍ ഭിക്ഷാടനത്തിനു ഉപയോഗിക്കുന്നതായി പോലീസ് നിരീക്ഷിച്ചിട്ടുണ്ട്.
സംഘങ്ങളായി ഭിക്ഷാടനം നടത്തുന്നത് 10 വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാനുള്ള കുറ്റമാണെന്നും അമ്മാര്‍ താരിഖ് വ്യക്തമാക്കി. എന്നാല്‍ ദുബായില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഭിക്ഷാടനം സംബന്ധിച്ച കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 2025 നെ അപേക്ഷിച്ച് 70 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദുബായില്‍ 1801 ഭിക്ഷാടന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
