പീഡിപ്പിച്ചത് രണ്ട് സ്ത്രീകളെ; ബലാത്സംഗക്കേസ് പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ; ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യം
ടെഹ്‌റാൻ: ഇറാൻ വടക്കൻ പ്രവിശ്യയായ സെമ്‌നാനിൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളെ ഇറാൻ ചൊവ്വാഴ്ച പരസ്യമായി തൂക്കിലേറ്റി. ജുഡീഷ്യറിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സുപ്രീം കോടതി വിധി ശരിവെച്ചതിനെത്തുടർന്ന് ബാസ്താം നഗരത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.
പ്രവിശ്യാ ജുഡീഷ്യറി മേധാവി മുഹമ്മദ് അക്ബരിയെ ഉദ്ധരിച്ച് മിസാൻ അറിയിച്ചത്, സുപ്രീം കോടതിയുടെ "സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം" വിധി "സ്ഥിരീകരിക്കുകയും നടപ്പിലാക്കുകയും" ചെയ്തു എന്നാണ്. "രണ്ട് സ്ത്രീകളെ കബളിപ്പിക്കുകയും ബലപ്രയോഗത്തിലൂടെയും നിർബന്ധത്തിലൂടെയും ബലാത്സംഗം ചെയ്യുകയും" ചെയ്തുവെന്നും, ഇരകളിൽ "മാനഹാനി ഭയം" സൃഷ്ടിക്കാൻ പ്രതി ഭീഷണിപ്പെടുത്തിയെന്നും എന്നും പ്രവിശ്യാ അധികാരി പറഞ്ഞു.
ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ വിവരങ്ങളോ ശിക്ഷ വിധിച്ച തീയതിയോ പുറത്തുവിട്ടിട്ടില്ല. ഇറാനിൽ സാധാരണയായി ജയിലുകൾക്കുള്ളിലാണ് വധശിക്ഷകൾ നടപ്പാക്കാറ്. എന്നാൽ, കൊലപാതകക്കേസിലെ പ്രതിയെ രണ്ടാഴ്ച മുമ്പ് പരസ്യമായി തൂക്കിലേറ്റിയതിന് പിന്നാലെയാണ് ഈ ശിക്ഷയും പരസ്യമായി നടപ്പാക്കിയിരിക്കുന്നത്.
ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച്, കുറ്റവാളികളിൽ ഭൂരിഭാഗം പേരെയും തൂക്കിലേറ്റുന്ന ഇസ്ലാമിക റിപ്പബ്ലിക്, ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ്.
ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇറാനിൽ വധശിക്ഷയാണ് നൽകുന്നത്. പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് അപൂർവമാണെങ്കിലും, ഇത്തരം കടുത്ത കുറ്റകൃത്യങ്ങൾക്കാണ് ഈ നടപടി സ്വീകരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ.
എൻ.സി.ആർ.ഐ (NCRI)യുടെ കണക്കനുസരിച്ച്, 2022-ൽ 578 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 2025-ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ ഏകദേശം 1,200 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുന്ന അതിശയിപ്പിക്കുന്ന വർധനവാണ് ഇതെന്നും യു.എൻ (UN) വ്യക്തമാക്കയിരുന്നു. 'ഇറാനിലെ വധശിക്ഷയുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്, അത് ജീവിക്കാനുള്ള അവകാശത്തിന്റെ ഗുരുതരമായ ലംഘനത്തെയാണ് സൂചിപ്പിക്കുന്നത്.' എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
