ഒക്ടോബര്‍ 7 ലെ ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ച റായ്ദ് സയീദ്; ഗാസയില്‍ ഹമാസിന്റെ ഉന്നത നേതാവിനെ ഇസ്രയേല്‍ സൈന്യം വധിച്ചു
ഗാസയില്‍ ഹമാസിന്റെ ഉന്നത നേതാവിനെ ഇസ്രയേല്‍ സൈന്യം വധിച്ചു. ഒക്ടോബര്‍ 7 ലെ ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്ക്് വഹിച്ച റായ്ദ് സയീദിനെയാണ് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം വധിച്ചത്. ഇയാള്‍ ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിലെ രണ്ടാമത്തെ കമാന്‍ഡര്‍ ആണെന്നാണ് കരുതപ്പെടുന്നത്.
ഇന്നലെ ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക്് പരിക്കേറ്റതിനുള്ള തിരിച്ചടിയായിട്ടാണ് സയീദിനെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഹമാസിലെ ഒരു മുതിര്‍ന്ന നേതാവിന്റെ കൊലപാതകമാണിത്. എന്നാല്‍ ഹമാസ് നേതൃത്വം ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
പകരം അവര്‍ വ്യക്തമാക്കിയത് ഗാസ നഗരത്തിന് പുറത്ത് ഒരു സിവിലിയന്‍ വാഹനം ആക്രമിക്കപ്പെട്ടുവെന്നും അത് വെടിനിര്‍ത്തല്‍ ലംഘനമാണ് എന്നുമായിരുന്നു. അല്‍-റഷീദ് അല്‍-ബഹ്രി സ്ട്രീറ്റില്‍ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മരിച്ചവരില്‍ സയീദും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാരില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഹമാസ് നേതാവായ സയീദ് ഹമാസിന്റെ ഓപ്പറേഷന്‍സ് ഡിവിഷന് നേതൃത്വം നല്‍കിയിരുന്നയാളുമാണ്. എന്നാല്‍ ഇയാള്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന്റെ പ്രധാന ശില്‍പികളില്‍ ഒരാളാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സമയത്ത് അവര്‍ അത് ലംഘിച്ചു എന്നാണ് ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നത്. അതേ സമയം ഇസ്രായേലും ഹമാസും പരസ്പരം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ആരോപിച്ച് ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളിലും വെടിവയ്പ്പുകളിലും കുറഞ്ഞത് 386 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തങ്ങളുടെ സൈനികര്‍ക്കെതിരായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് സമീപകാല ആക്രമണങ്ങള്‍ നടത്തിയതെന്നും ഇസ്രായേല്‍ നിയന്ത്രിത ഗാസയുടെ ഭൂരിഭാഗം പ്രദേശത്തിനും മറ്റ് പ്രദേശങ്ങള്‍ക്കും ഇടയിലുള്ള 'യെല്ലോ ലൈന്‍' സമീപിച്ച പലസ്തീനികള്‍ക്കെതിരെ സൈന്യം വെടിയുതിര്‍ത്തതായും ഇസ്രായേല്‍ പറഞ്ഞു. ഫലസ്തീന്‍ തീവ്രവാദികള്‍ അവസാന ബന്ദിയായ റാന്‍ ഗ്വിലിയുടെ അവശിഷ്ടങ്ങള്‍ ഗാസയില്‍ നിന്ന് തിരികെ നല്‍കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു.
2023-ല്‍ ഇസ്രായേലില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ കരാറുകളിലൂടെയോ മറ്റ് കരാറുകളിലൂടെയോ മിക്കവാറും എല്ലാ ബന്ദികളോ അവരുടെ അവശിഷ്ടങ്ങളോ ഗാസയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ സൈനിക നടപടിയില്‍ 70,650-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
