പള്ളിയില്‍ വ്യാജ ബോംബ് വെച്ച് സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന്റെ 'പണി'; ക്രിസ്മസ് ചടങ്ങുകള്‍ മുടങ്ങി; പിടിയിലായ യുവാവിന് ലഭിക്കുക പത്ത് വര്‍ഷം വരെ തടവും കോടികളുടെ പിഴയും

Update: 2025-12-22 05:53 GMT

സിംഗപ്പൂരിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ സെന്റ് ജോസഫ് പള്ളിയില്‍ വ്യാജ ബോംബ് സ്ഥാപിച്ച് ഭീതി പടര്‍ത്തിയ ഇന്ത്യന്‍ വംശജനായ യുവാവ് പിടിയിലായി. അപ്പര്‍ ബുക്കിറ്റ് തിമാ മേഖലയില്‍ താമസിക്കുന്ന കൊകുലാനന്ദന്‍ മോഹന്‍ (26) എന്ന സിംഗപ്പൂര്‍ സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകിയെത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. ജനത്തിരക്കേറിയ റെസിഡന്‍ഷ്യല്‍ ഏരിയയിലുള്ള പള്ളിയില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തിയതോടെ എല്ലാ ആരാധനാ പരിപാടികളും റദ്ദാക്കി വിശ്വാസികളെ സുരക്ഷിതമായി മാറ്റി.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് പള്ളി പരിസരത്ത് കല്ലുകള്‍ നിറച്ച് ചുവന്ന വയറുകള്‍ ഘടിപ്പിച്ച മൂന്ന് കാര്‍ഡ്‌ബോര്‍ഡ് റോളുകള്‍ കണ്ടെത്തിയത്. കറുപ്പും മഞ്ഞയും ടേപ്പുകള്‍ ഉപയോഗിച്ച് ബോംബ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ നിര്‍മ്മിച്ചിരുന്നത്. വിവരമറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇത് കേവലം വ്യാജ സ്‌ഫോടകവസ്തുവാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മതപരമായ വിദ്വേഷമോ ഭീകരവാദ ബന്ധമോ ഈ പ്രവൃത്തിക്ക് പിന്നിലില്ലെന്നും പ്രതി ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി.

പൊതുജനങ്ങളെ ഭീതിയിലാഴ്ത്തിയതിന് സിംഗപ്പൂര്‍ നിയമപ്രകാരം കടുത്ത ശിക്ഷയാണ് പ്രതിയെ കാത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷയോ അല്ലെങ്കില്‍ ഏകദേശം മൂന്നര കോടിയോളം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ആഘോഷ വേളയില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് സിംഗപ്പൂര്‍ അധികൃതരുടെ തീരുമാനം.

Similar News