നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്കിടെ ബോറടി മാറ്റാൻ ആശുപത്രിയിൽ വിളിച്ചു വരുത്തിയത് സ്വന്തം കാമുകനെ; വീഡിയോ പങ്കുവച്ചതോടെ നേഴ്സിന് മുട്ടൻ പണി; തലയിൽ കൈവച്ച് അധികൃതർ

Update: 2026-01-13 11:54 GMT

ബെയ്‌ജിങ്‌: ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഒരു ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്കിടെ കാമുകനെ സഹായിയായി ഒപ്പം കൂട്ടുകയും, ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത നഴ്സിനെ സസ്പെൻഡ് ചെയ്തു. രോഗികളുടെ ജീവനും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഗുരുതരമായ അച്ചടക്ക ലംഘനമായാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിലുണ്ടായിരുന്ന നഴ്സ് തൻ്റെ കാമുകനെ വാർഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വെറുതെ കൂട്ടിരിക്കുക മാത്രമല്ല, രോഗികൾക്ക് മരുന്ന് തയ്യാറാക്കുന്നതിലും ലേബൽ ഒട്ടിക്കുന്നതിലും മറ്റ് നഴ്സിംഗ് ജോലികളിലും ഇയാൾ നഴ്സിനെ സഹായിച്ചു. "രാത്രി ഡ്യൂട്ടിയിൽ എന്നെ സഹായിക്കാൻ ഒരാളുണ്ട്" എന്ന അടിക്കുറിപ്പോടെ ജനുവരി 2-നാണ് നഴ്സ് ഈ വീഡിയോകൾ സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചത്.

കാമുകൻ നൽകുന്ന പിന്തുണയും കരുതലും മറ്റുള്ളവരെ അറിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പകൽ സമയങ്ങളിൽ സ്വന്തം ജോലി ചെയ്യുന്ന കാമുകൻ, പല ദിവസങ്ങളിലും രാത്രിയിൽ ആശുപത്രിയിലെത്തി നഴ്സിനെ സഹായിച്ചിരുന്നു എന്നതിന് തെളിവായി വീഡിയോകളിൽ ഇയാൾ വ്യത്യസ്ത വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ ആശുപത്രി മാനേജ്‌മെൻ്റും ചൈനീസ് സർക്കാരും വിഷയത്തിൽ ഇടപെട്ടു. വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ അന്വേഷണം ആരംഭിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. രോഗികളുടെ ജീവനും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, ജനുവരി 3-ന് ക്വിംഗ്ദാവോ മുൻസിപ്പൽ ഹെൽത്ത് കമ്മീഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നഴ്സ് തൻ്റെ ജോലിയിലെ അച്ചടക്കം ഗുരുതരമായി ലംഘിച്ചു എന്ന് പ്രസ്താവനയിൽ പറയുന്നു. മെഡിക്കൽ രംഗത്തെ സുരക്ഷാ മാനദണ്ഡങ്ങളെയും രോഗികളുടെ സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് ഈ സംഭവം.

Tags:    

Similar News