ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം മോഷണം പോയ കേസില്‍ രണ്ടു പ്രവാസികള്‍ പിടിയില്‍: രണ്ട് കിലോ സ്വര്‍ണമാണ് മോഷണം പോയത്
ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം മോഷണം പോയ കേസില്‍ രണ്ടു പ്രവാസികള്‍ പിടിയില്‍
കുവൈത്ത് സിറ്റി: ജഹ്‌റയിലുള്ള ജ്വല്ലറിയില്‍നിന്ന് രണ്ടു കിലോ സ്വര്‍ണം മോഷണം പോയ കേസില്‍ രണ്ടു പ്രവാസി ജീവനക്കാര്‍ അറസ്റ്റില്‍. ജഹ്‌റ പൊലീസ് സ്റ്റേഷന്‍ ഇന്‍വെസ്റ്റിഗേറ്ററുടെ നിര്‍ദേശപ്രകാരമാണ് നടപടി. 60,000 കുവൈത്ത് ദീനാറില്‍ കൂടുതല്‍ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതികളായ പ്രവാസികളെ അറസ്റ്റുചെയ്യുകയും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി, സംഭവത്തില്‍ പരാതി നല്‍കിയ വ്യക്തിയെയും ചോദ്യംചെയ്യുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കമ്പനിയുടെ മാനേജരായി സേവനമനുഷ്ഠിക്കുന്ന ഒരു പ്രവാസിയാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. ഏകദേശം ഒരു കിലോ സ്വര്‍ണം കാണാതായതായി കണ്ടെത്തിയ അദ്ദേഹം രണ്ടു സഹ പ്രവാസി ജീവനക്കാര്‍ക്കെതിരെ സംശയം ആരോപിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് രാവിലെ ഒമ്പതിനും ഏപ്രില്‍ 15ന് രാവിലെ 11നും ഇടയില്‍ മോഷണം നടന്നുവെന്നായിരുന്നു പരാതി.