സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച് കീര്‍ സ്റ്റാര്‍മര്‍; വിശ്വസ്തര്‍ പലരും രാജിവെച്ചേക്കും
സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച് കീര്‍ സ്റ്റാര്‍മര്‍; വിശ്വസ്തര്‍ പലരും രാജിവെച്ചേക്കും
ലണ്ടന്‍: ട്രംപിയന്‍ ശൈലി പിന്തുടര്‍ന്ന് പൊതു ചെലവുകള്‍ വെട്ടിച്ചുരുക്കാനുള്ള സര്‍ കീര്‍ സ്റ്റാര്‍മറുടെ നയത്തിനെതിരെ ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷം പോരിനിറങ്ങുന്നു. വിവിധ വകുപ്പുകള്‍ ചെലവാക്കുന്ന തുകകളില്‍ കുറവ് വരുത്തുന്നതിനെതിരെ ഉപ പ്രാധാനമന്ത്രി ഏയ്ഞ്ചല റെയ്നറും എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡുമാണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്. ക്ഷേമ പദ്ധതികളില്‍ നിന്നും 6 ബില്യന്‍ പൗണ്ട് വെട്ടി കുറയ്ക്കുന്നത് ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ചെലവ് ചുരുക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടും. ഈ നയവുമായി മുന്നോട്ട് പോയാല്‍ പല മന്ത്രിമാരും രാജിവെച്ചേക്കും എന്ന ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.
ഊര്‍ജ്ജ സെക്രട്ടറി, എഡ് മിലിബാന്‍ഡിന്റെ സ്വപ്ന പദ്ധതിയായ 8 ബില്യന്‍ പൗണ്ടിന്റെ ജി ബി എനര്‍ജി റിന്യൂവബിള്‍ എനര്‍ജി പദ്ധതിയെ ചാനസലര്‍ റേച്ചല്‍ റീവ്‌സ് ഉന്നംവച്ചാല്‍ അദ്ദേഹം രാജിവയ്ക്കും എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍, അത്തരമൊരു നീക്കത്തെ പാര്‍ട്ടിയിലെ വലതുപക്ഷം അനുകൂലിക്കുകയാണ്. അതേസമയം, മിലിബാന്‍ഡിന്റെ രാജ്യം പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്നതിനാല്‍, ആ പദ്ധതിയെ ചെലവു ചുരുക്കലില്‍ നിന്നും ഒഴിവാക്കിയതായി ഇന്നലെ ചില അവകാശവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഏതായാലും ക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും, സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കാനുമുള്ള തീരുമാനം കേവലം ഏഴ് മാസം മാത്രം പ്രായമായ ലേബര്‍ സര്‍ക്കാരിനെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പരിസ്ഥിതി, തദ്ദേശ ഭരണം, നീതി നിര്‍വ്വഹണം തുടങ്ങി സംരക്ഷിതങ്ങളല്ലാത്ത വകുപ്പുകളില്‍ 11 ശതമാനം ചെലവ് വെട്ടിക്കുറയ്ക്കുന്നതിനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസത്തെ മന്ത്രി സഭാ യോഗത്തില്‍ വലിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെയ്നാറിനും മിലിബാന്‍ഡിനുമൊപ്പം മറ്റു പല മന്ത്രിമാരും ഈ ന്യത്തിനെതിരായി രംഗത്ത് എത്തിയിരിക്കുകയാണ്.