ഏതു നിമിഷവും യുദ്ധം പ്രതീക്ഷിച്ചു ബ്രിട്ടന്‍; യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി

ഏതു നിമിഷവും യുദ്ധം പ്രതീക്ഷിച്ചു ബ്രിട്ടന്‍

Update: 2025-12-13 03:05 GMT

ലണ്ടന്‍: ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന ഒരു യുദ്ധത്തിനായി രാജ്യത്തെ മുഴുവന്‍ സജ്ജമാക്കി നിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി സായുധ സേനാ വിഭാഗം മന്ത്രി അറിയിച്ചു. വലിയൊരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍, അതില്‍ പൊതുജനങ്ങള്‍ വഹിക്കേണ്ടുന്ന പങ്കിനെ കുറിച്ച് അല്‍ കാണ്‍സ് പറഞ്ഞത് അത് വളരെ സുപ്രധാനമായ ഒന്നാണെന്നാണ്. കരസേനയും, നാവികസേനയും, വ്യോമസേനയുമൊക്കെ പ്രതിസന്ധിയോട് പ്രതികരിക്കുമെങ്കിലും ആത്യന്തികമായി യുദ്ധം ജയിക്കുന്നത് പൊതുസമൂഹവും, വ്യവസായശാലകളും, സമ്പദ്ഘടനയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിന്റെ പടിവാതിലില്‍ വരെ ഒരിക്കല്‍ കൂടി യുദ്ധത്തിന്റെ കരിനിഴല്‍ എത്തിക്കഴിഞ്ഞു എന്ന് പറഞ്ഞ അദ്ദേഹം ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് രാജ്യവും ജനങ്ങളും സജ്ജരാകണമെന്നും ആവശ്യപ്പെട്ടു. റഷ്യയുമായുള്ള ഒരു ഏറ്റുമുട്ടലിന് യൂറോപ്പ് തയ്യാറെടുക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച നാറ്റൊ തലവന്‍ മാര്‍ക്ക് റുട്ടെ പറഞ്ഞതിന് പിറകെയാണ് ഇപ്പോള്‍ ബ്രിട്ടീഷ് മന്ത്രിയും സമാനമായ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. നമ്മുടെ മാതാപിതാക്കളൂം അവരുടെ മാതാപിതാക്കളും അഭിമുഖീകരിച്ച ഒരു സംഘര്‍ഷ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും രണ്ട് ലോകമഹായുദ്ധങ്ങളെ സൂചിപ്പിച്ചുകൊണ്ട് റുട്ടെ പറഞ്ഞിരുന്നു.

ഒരു യുദ്ധം ആസന്നമാണെന്ന സൂചനകള്‍ നല്‍കി ബ്രിട്ടീഷ് സൈന്യത്തിനും പ്രതിരോധമന്ത്രാലയത്തിനും എതിരെയുള്ള ചാരപ്രവൃത്തികള്‍, ഹാക്കിംഗ്, ഭീഷണികള്‍ എന്നിവയില്‍ കഴിഞ്ഞവര്‍ഷം 50 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റഷ്യ, ചൈന, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെയാണ് പ്രധാനമായും പ്രതിസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ശത്രു രാജ്യങ്ങളുടെ ചാരവലയം കണ്ടെത്തുന്നതിനും അവയെ പ്രതിരോധിക്കുന്നതിനുമായി പുതിയ കൗണ്ടര്‍ ഇന്റലിജന്‍സ് സംവിധാനം ബ്രിട്ടന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Tags:    

Similar News