മേക്കപ്പ് കുറവാണെങ്കിലോ ഉള്ളൂ..! പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല; എയര്‍പോര്‍ട്ടില്‍ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു ജീവനക്കാര്‍

മേക്കപ്പ് കുറവാണെങ്കിലോ ഉള്ളൂ..!

Update: 2025-05-30 13:23 GMT

ഷാങ്ഷായ്: മേക്കപ്പ് കുറവാണെങ്കിലോ ഉള്ളൂ.. എന്നു പറയുന്ന സിനിമാ രംഗത്തിലെ പോലെയായി ചൈനയിലെ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവം. വിമാനത്താവളത്തിലെ സ്‌കാനറിന് തിരിച്ചറിയാന്‍ കഴിയാതായതോടെ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

ചൈനയിലെ ഷാങ്ഷായ് എയര്‍പോര്‍ട്ടിലാണ് സംഭവമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നതു വരെ മേക്കപ്പ് തുടച്ചുകളയാന്‍ വിമാനത്താവളത്തിലെ ജീവനക്കാരി നിര്‍ദേശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്തതതെന്നും പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും അവര്‍ പറയുന്നു.

വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം നിറഞ്ഞു. ചിലര്‍ സ്വാഭാവിക നടപടിക്രമമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ യുവതിയെ കളിയാക്കി രംഗത്തെത്തി. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത് കടുത്ത നടപടിയായി പോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിഡിയോ എടുത്തയാള്‍ അവരെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും വിമര്‍ശകര്‍ പറയുന്നു.

അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രസീലിയന്‍ മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപോയിരുന്നു. കോസ്‌മെറ്റിക് സര്‍ജറിക്കു പിന്നാലെ തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്. എന്നാല്‍ ഇടക്കിടെ രൂപമാറ്റം വരുത്തുന്നതിനാല്‍ ഇത്തരമൊരു സാഹചര്യം താന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് ജനൈന പ്രതികരിച്ചത്. സംഭവത്തിനു പിന്നാലെ പാസ്‌പോര്‍ട്ടിലെ ഫോട്ടോ അവര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു.

Tags:    

Similar News