സ്വിറ്റ്സർലാൻഡിലെ ഡേ കെയറിൽ കത്തിയാക്രമണം; ആക്രമണം അഴിച്ചുവിട്ടത് 23കാരൻ; മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്
സൂറിച്ച്: സ്വിറ്റ്സർലാൻഡിൽ ഡേ കെയറിൽ 23കാരന്റെ കത്തിയാക്രമണം. സംഭവത്തിൽ മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്. സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലാണ് സംഭവം നടന്നത്. ഡേ കെയർ സെന്ററിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനിടയിലേക്ക് കയറിയ 23 വയസ് പ്രായമുള്ള യുവാവാണ് ആക്രമണം നടത്തിയത്. ഇയാൾ ചൈനീസ് യുവാവ് എന്നാണ് ലഭിക്കുന്ന വിവരം.
അക്രമിയെ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ഡേ കെയർ ജിവനക്കാരിയും ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് കീഴപ്പെടുത്തിയത് കൊണ്ട് വലിയ രീതിയിൽ അപകടം ഉണ്ടായില്ല.
പോലീസ് വരുന്നത് വരെ യുവാവിനെ തടഞ്ഞുവെയ്ക്കാനും ഇവർക്ക് സാധിച്ചു. ആക്രമണത്തിൽ അഞ്ച് വയസുള്ള ഒരു കുട്ടിയുടെ പരിക്ക് അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നാണ് പോലീസ് വിശദമാക്കുന്നത്.
ചൊവ്വാഴ്ച പ്രാദേശിക സമയം 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്. സൂറിച്ചിന്റെ വടക്കൻ മേഖലയിലുള്ള ബെർണിയ ഷോപ്പിംഗ് സെന്ററിന് സമീപത്തെ ഡേ കെയറിലാണ് ആക്രമണം നടന്നത്. പക്ഷെ ആക്രമണത്തിന് കാരണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.