വിജയം നേടിയ ഒരു സ്ത്രീസമൂഹത്തിന്റെ വിജയപ്രഖ്യാപനമാണ്...ഹിജാബ്; ഹിജാബിനെ ഒരു 'പ്രശ്‌നം' ആക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ആശങ്ക ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ വളര്‍ച്ചയാണ്; ഈ ശിരോവസ്ത്രത്തില്‍ ആകാശത്തോളം അഭിമാനം മാത്രം: വനിതാ ലീഗ് ഉപാദ്ധ്യക്ഷ ഷാഹിന നിയാസിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

വനിതാ ലീഗ് ഉപാദ്ധ്യക്ഷ ഷാഹിന നിയാസിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

Update: 2025-10-16 09:47 GMT

'ഹിജാബ് ഒരു വസ്ത്രം മാത്രമല്ല, ഒരു സമൂഹത്തിന്റെ യാത്രയുടെ അടയാളം കൂടിയാണ്'

ഹിജാബ് എന്നത് ശിരോ വസ്ത്രം എന്നതിനപ്പുറം, അതൊരു സാമൂഹിക പ്രസ്താവനയാണ്...

മതം, വ്യക്തിത്വം, ആദരവിന്റെ പ്രതീകം എന്നതിലുപരി, അത് സ്ത്രീകളുടെ വിദ്യാഭ്യാസയാത്രയുമായി ചേര്‍ന്ന ഒരു പാതയുടെ ഭാഗമാണ്....

നൂറ്റാണ്ടുകളോളം അന്ധകാരത്തിലായിരുന്ന ഒരു സമൂഹം, പ്രത്യേകിച്ച് സ്ത്രീകള്‍, വിദ്യാഭ്യാസത്തിലേക്ക് കടന്നുവന്നത് എളുപ്പമല്ലായിരുന്നു...

മതത്തിന്റെ പേരിലും സാമൂഹികമായ പിടിവാശികളിലുമാണ് കൂടുതല്‍ സ്ത്രീകളും വീടിനുള്ളില്‍ ഒതുങ്ങിപ്പോയത്...എന്നാല്‍ നവോത്ഥാന നായകരുടെ പ്രചോദനവും, മതാധ്യാപകരുടെ ബോധവത്കരണവും ചേര്‍ന്നപ്പോള്‍ പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും കടന്നുവന്നു.

ഹിജാബ് ധരിച്ച് പഠനത്തിന് വരുന്നത് അവരുടെ ആത്മവിശ്വാസത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, മതാധിഷ്ഠിത മാന്യതയുടെ അടയാളമായി മാറി...

അത് മതം കൊണ്ടു പൂട്ടിയ ബിംബമല്ല, മറിച്ച് മതബോധത്തോടെ സമൂഹത്തിന്റെ പുരോഗതിയില്‍ പങ്കാളികളായതിന്റെ പ്രതീകമാണ്.

എന്നാല്‍ ഇന്ന് ചിലര്‍ ഹിജാബിനെ ഒരു ''പ്രശ്‌നം'' ആക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു...

അതില്‍ അവര്‍ക്കുള്ള ആശങ്ക ഹിജാബ് അല്ല ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ വളര്‍ച്ചയാണ്...ഡോക്ടര്‍ ആകുന്ന, എഞ്ചിനീയര്‍ ആകുന്ന, സിവില്‍ സര്‍വീസില്‍ എത്തുന്ന മുസ്ലിം പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ പഴയ മതിലുകള്‍ തകര്‍ത്തു മുന്നേറുന്നത് ചിലര്‍ക്കു ''അസഹ്യമായ'' കാര്യമായി തോന്നുന്നു...

അതിനാല്‍ അവര്‍ ഹിജാബിനെതിരെ വാദിക്കുന്നു..യൂണിഫോമിന്റെ പേരില്‍ തടയാന്‍ ശ്രമിക്കുന്നു, പഠനത്തിന് മതം തടസ്സമാകട്ടെ എന്ന് ആഗ്രഹിക്കുന്നു..കാരണം അവര്‍ക്ക് അറിയാം 'പഠിച്ച പെണ്‍കുട്ടി''യെ അടിച്ചമര്‍ത്താനാവില്ലെന്ന്...കേരളം അതിന്റെ മതനിരപേക്ഷതയിലും വിദ്യാഭ്യാസ ബോധത്തിലും അഭിമാനിക്കുമ്പോള്‍, മതം മറന്നുള്ള കൂട്ടായ്മയുടെ പ്രതീകം പല സ്‌കൂളുകളിലും കാണാന്‍ കഴിയും.., പ്രത്യേകിച്ചും മലപ്പുറത്ത്...

ഹിജാബും വ്യത്യസ്ത യൂണിഫോം കോഡ് ധരിച്ചു പഠിക്കുന്ന പെണ്‍കുട്ടികള്‍ ഒരേ ബെഞ്ചില്‍ ഇരിക്കുന്ന ആ ദൃശ്യസുന്ദരം...അതിമനോഹരമാണ്..അതാണ് യഥാര്‍ത്ഥ സാംസ്‌കാരിക കേരളം.., മതം മറന്നുള്ള വിദ്യാഭ്യാസകേരളം....അതിനാല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ ക്ലാസില്‍ ഇരിക്കുമ്പോള്‍ അവര്‍ മതമല്ല പ്രദര്‍ശിപ്പിക്കുന്നത്..

അവര്‍ മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ വിജയപ്രഖ്യാപനമാണ് പ്രകടിപ്പിക്കുന്നത്...ഇവിടെയാണ് രാഷ്ട്രീയപരമായ ദീര്‍ഘവീക്ഷണം പ്രസക്തമാകുന്നത്. മുസ്ലിം സമുദായം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തില്‍..

മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി വഹിച്ച പങ്ക് ചരിത്രപരമാണ്. ..

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യങ്ങളില്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും, പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ മുസ്ലിം ലീഗ് നടത്തി... മതപരമായ ചിട്ടകള്‍ പാലിച്ചുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് പുറത്തുവന്ന് പഠിക്കാന്‍ കഴിയുമെന്ന സാമൂഹിക വിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വലിയ പങ്കുവഹിച്ചു...ഇതിന്റെ ഫലമാണ് നമ്മള്‍ ഇന്ന് കാണുന്നത്.

ഡോക്ടര്‍മാരായും, പൈലറ്റായും എന്‍ജിനീയര്‍മാരായും, ഉന്നത ഉദ്യോഗസ്ഥരായും, സംരംഭകരായും മുസ്ലിം സ്ത്രീകള്‍ കേരളത്തിന്റെ പൊതുരംഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച എത്ര മനോഹരമാണ്...അവര്‍ ഇന്ന് ആരെയും ആശ്രയിക്കാതെ, സ്വന്തം കാലില്‍ നില്‍ക്കുന്ന, വിദ്യാഭ്യാസം ആയുധമാക്കിയ ഒരു തലമുറയുടെ പ്രതീകമാണ്...

അതുകൊണ്ട്, ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ ഇരിക്കുന്ന ഓരോ പെണ്‍കുട്ടിയും കേവലം ഒരു വസ്ത്രം ധരിച്ചല്ല ഇരിക്കുന്നത്

അവര്‍ തകര്‍ത്ത ഒരു സാമൂഹിക മതിലിന്റെയും, വിദ്യാഭ്യാസത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു പ്രസ്ഥാനത്തിന്റെയും, അതിലൂടെ വിജയം നേടിയ ഒരു സ്ത്രീസമൂഹത്തിന്റെയും വിജയപ്രഖ്യാപനമാണ്...ഹിജാബ്: അനഭിജ്ഞതയില്‍ നിന്നു ബോധത്തിലേക്കുള്ള ഒരു ജനതയുടെ എഴുന്നേല്‍പ്പ് മാത്രമല്ല, വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത മുസ്ലിം സ്ത്രീയുടെ ഉന്നതമായ സാമൂഹിക പദവിയുടെ പ്രതീകം കൂടിയാണ് ഞങ്ങളുടെ ഈ ശിരോവസ്ത്രം...

അതില്‍ ആകാശത്തോളം അഭിമാനം മാത്രം..

ഷാഹിന നിയാസി


Full View


Tags:    

Similar News