പറന്ന് വന്നിടിച്ച് ഇറാന്റെ 'അജ്ഞാത' ആയുധം; അമേരിക്കയുടെ എഫ്35 വിമാനത്തിന് തീ പിടിച്ചു; അടിയന്തര ലാന്‍ഡിങ് നടത്തി; പൈലറ്റ് സുരക്ഷിതനെന്ന് അധികൃതര്‍; എഫ്35 ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്; വിമാനത്തിന് സാരമായ നഷ്ടമുണ്ടാക്കിയെന്ന് ഐആര്‍ജിസി

പറന്ന് വന്നിടിച്ച് ഇറാന്റെ 'അജ്ഞാത' ആയുധം; അമേരിക്കയുടെ എഫ്35 വിമാനത്തിന് തീ പിടിച്ചു

Update: 2026-03-20 05:34 GMT

ടെഹ്റാന്‍: ലോകത്തിലെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനമെന്ന അമേരിക്കയുടെ അഹങ്കാരത്തിന് ഇറാന്റെ മണ്ണില്‍ കനത്ത പ്രഹരം. അത്യാധുനികമായ എഫ്-35 വിമാനം ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആകാശത്ത് വെച്ച് തീപിടിച്ച വിമാനം പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് മാത്രം അടിയന്തരമായി നിലത്തിറക്കി. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടെങ്കിലും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നാണക്കേടായി മാറിയിരിക്കുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.50-ഓടെയാണ് സംഭവം. മധ്യ ഇറാനില്‍ വെച്ച് അമേരിക്കയുടെ എഫ്-35 വിമാനത്തെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ലക്ഷ്യം വെക്കുകയായിരുന്നു. മിസൈല്‍ ആക്രമണത്തിലോ ഡ്രോണ്‍ ആക്രമണത്തിലോ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. തീപിടിച്ച വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 100 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഒരു സാങ്കേതിക വിസ്മയമാണ് ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്.

വിമാനം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പുറത്തുവിട്ടു. വെറുമൊരു വിമാനം മാത്രമല്ല, അമേരിക്കയുടെയും ഇസ്രായേലിന്റെയും 125-ലേറെ ഡ്രോണുകളെ തങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ അവകാശപ്പെടുന്നു. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ അമേരിക്കയ്ക്ക് 16 യുദ്ധവിമാനങ്ങളാണ് നഷ്ടമായത്. ഇതില്‍ 10 എണ്ണം ഡ്രോണ്‍ ആക്രമണത്തിലാണ് തകര്‍ന്നത്.

വിമാനത്തിന് പരിക്കേറ്റെങ്കിലും യുദ്ധത്തില്‍ തങ്ങള്‍ക്കാണ് വിജയമെന്നാണ് അമേരിക്കന്‍ വാദം. പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം നടത്തിയ 'എപിക് ഫ്യൂറി' എന്ന നീക്കം ലക്ഷ്യം കണ്ടുവെന്ന് യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റ് ഹെഗ്സെത് അവകാശപ്പെട്ടു. 'അമേരിക്കയുടെ യഥാര്‍ത്ഥ ശക്തി ഇറാന്‍ കാണാനിരിക്കുന്നതേയുള്ളൂ' എന്നാണ് പെന്റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഭീഷണി മുഴക്കിയത്.

യുദ്ധം ജയിച്ചുവെന്ന് വാദിക്കുമ്പോഴും ഇറാനുമേലുള്ള എണ്ണ ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക നീക്കം തുടങ്ങുന്നത് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഇറാന്റെ കൈവശമുള്ള 140 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിച്ച് വില കുറയ്ക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ബാരലിന് 100 ഡോളര്‍ കടന്ന എണ്ണവില അമേരിക്കയെ അത്രമേല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിമുറുക്കിയതോടെ ലോകരാജ്യങ്ങള്‍ കടുത്ത ഇന്ധന പ്രതിസന്ധിയിലാണ്.

Tags:    

Similar News