ഏപ്രിലിലും മെയിലും കേരളത്തില്‍ ചുട്ടുപൊള്ളുന്ന വെയിലാണ്; മഴക്കാലത്ത് മുഴുവന്‍ സ്‌കൂളുകള്‍ക്കും ഒറ്റയടിക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്നതിനും മാറ്റമുണ്ടാവണം; മധ്യവേനല്‍ അവധിമാറ്റത്തില്‍ ചര്‍ച്ച തുടങ്ങി വച്ച മന്ത്രിയെ അഭിനന്ദിച്ച് ബല്‍റാം
മന്ത്രിയെ അഭിനന്ദിച്ച് ബല്‍റാം
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനല്‍ അവധിക്കാലം മാറ്റുന്നതില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏപ്രില്‍, മേയ് മാസങ്ങളിലെ സ്‌കൂള്‍ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുജനാഭിപ്രായം തേടിയിരിക്കയാണ് മന്ത്രി. ഏപ്രില്‍, മേയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അതേസമയം, മണ്‍സൂണ്‍ കാലയളവില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്നും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ശിവന്‍ കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. പൊതുചര്‍ച്ചയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം കുറിപ്പിട്ടു.
ഏകപക്ഷീയമായ തീരുമാനങ്ങള്‍ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേല്‍ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയില്‍ നല്ലതല്ലെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അവധി മാറ്റത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് വിശദമായ ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കിയ വിദ്യാഭ്യാസ മന്ത്രിയെ വി.ടി. ബല്‍റാം അഭിനന്ദിച്ചു.
വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്‌കൂള്‍ അവധിക്കാലം നിലവിലെ ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്ന് മാറ്റി ജൂണ്‍-ജൂലൈ ആക്കുന്നതിനേക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങി വച്ചിരിക്കുന്ന പൊതു ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നു.
ഇത്തരത്തിലുള്ള ഒരു മാറ്റത്തേക്കുറിച്ച് തീരുമാനമെടുക്കുന്നതിനു മുന്‍പ് വിശദമായ ചര്‍ച്ചയും അഭിപ്രായ സമന്വയവും സമൂഹത്തില്‍ ഉണ്ടാവണം എന്ന വിദ്യാഭ്യാസ മന്ത്രിയുടെ തിരിച്ചറിവിനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേല്‍ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയില്‍ നല്ലതല്ല. വിദ്യാഭ്യാസ രംഗത്തുള്ള ഏതൊരു മാറ്റത്തിനും അക്കാദമികവും പ്രായോഗികവുമായ കാരണങ്ങള്‍ ഉണ്ടാവണം. അത് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ വിശദീകരിക്കാനും കഴിയണം.
ചര്‍ച്ചകള്‍ക്കായി വിഷയം പൊതുസമൂഹത്തിന് മുന്‍പില്‍ മന്ത്രി അവതരിപ്പിച്ച് കഴിഞ്ഞതേയുള്ളൂ എന്നതിനാല്‍ ഈ ഘട്ടത്തില്‍ സുചിന്തിതമായ ഒരു അന്തിമാഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും കഴിഞ്ഞെന്ന് വരില്ല. വിശദാംശങ്ങളും വാദങ്ങളും എതിര്‍വാദങ്ങളും താത്പര്യത്തോടെ ഉറ്റുനോക്കുന്നു.
ഞാന്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. അവിടെ കേരള സ്‌ക്കൂളുകളില്‍ നിന്ന് ഒരു മാസം വൈകി മെയ്-ജൂണ്‍ മാസങ്ങളിലായിരുന്നു സമ്മര്‍ വെക്കേഷന്‍. നിലവില്‍ അവിടെ രണ്ട് മാസം തികച്ച് വെക്കേഷന്‍ ഇല്ല, 50 ദിവസമേ ഉള്ളു എന്ന് തോന്നുന്നു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം മെയ് 9 മുതല്‍ ജൂണ്‍ 17 വരെയായിരുന്നു വെക്കേഷന്‍, 40 ദിവസം മാത്രം. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് രണ്ട് മാസം അഥവാ 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തേക്കുറിച്ചും ചര്‍ച്ചയാവാമെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണ്.
ഗള്‍ഫ് രാജ്യമായ യുഎഇയില്‍ ഏപ്രില്‍ ആദ്യത്തില്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കും. മൂന്ന് മാസത്തെ ആദ്യ ടേം കഴിഞ്ഞ് ജൂലൈ-ആഗസ്ത് മാസങ്ങളിലായി 8 ആഴ്ചയാണ് സമ്മര്‍ വെക്കേഷന്‍. ഡിസംബറില്‍ 20 ദിവസത്തോളം വിന്റര്‍ ഒഴിവും ഉണ്ടാവും. അക്കാദമിക് വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് അവസാനവും രണ്ടാഴ്ചയോളം ഒഴിവ് കുട്ടികള്‍ക്ക് ലഭിക്കും.
ഏപ്രില്‍, മെയ് മാസങ്ങളിലിപ്പോള്‍ കേരളത്തില്‍ ചുട്ടുപൊള്ളുന്ന വെയിലാണ് എന്നത് കാണാതിരിക്കരുത്. ഗള്‍ഫ് രാജ്യങ്ങളെപ്പോലെ എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികളല്ലല്ലോ നമ്മുടെ പൊതുവിദ്യാലയങ്ങളിലുള്ളത്. കുട്ടികള്‍ പുറത്ത് കളിക്കുമ്പോള്‍ സൂര്യാഘാതം ഏല്‍ക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടാവാറുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം പല സ്‌ക്കൂളുകളിലും അനുഭവപ്പെടാറുണ്ട്. ഇതിനൊക്കെ തൃപ്തികരമായ പരിഹാരം കാണേണ്ടതുണ്ട്.
മഴ പെയ്താല്‍/ പെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടാല്‍ ഉടന്‍ ഒരു ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഒറ്റയടിക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്ന അവസ്ഥക്കും മാറ്റമുണ്ടാവണം. കൂടുതല്‍ ശാസ്ത്രീയമായി ഇതില്‍ ഇടപെടാന്‍ കഴിയണം. മഴക്കാലമാണെങ്കിലും കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌ക്കൂളിലേക്ക് വരാനും പോകാനും കഴിയുന്ന തരത്തില്‍ നമ്മുടെ പൊതു സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനും കഴിയേണ്ടതുമുണ്ട്.
ഏതായാലും മാറ്റങ്ങളേക്കുറിച്ച് ചര്‍ച്ച നടക്കട്ടെ. പ്രായോഗികമായ പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും ഉയര്‍ന്നുവരട്ടെ. ഗുണപരമായ ഇടപെടലുകള്‍ ഉണ്ടാവട്ടെ.