' കില്‍ 'എന്ന ബോളിവുഡ് സിനിമയില്‍ അമ്പതു പേരെ മൃഗീയമായി അരുംകൊല ചെയ്യുന്ന രംഗങ്ങള്‍ കണ്ട് നമ്മുടെ പ്രതീക്ഷകളായ ചെറുപ്പക്കാര്‍ ത്രില്ലടിച്ച് ഹര്‍ഷാരവം മുഴക്കിയത് കണ്ട് നടുങ്ങിപ്പോയി; കൊലപാതക തന്ത്രങ്ങള്‍ തിരയുന്ന തിരക്കഥകള്‍; സാഹിത്യകാരന്‍ ശാന്തന്‍ എഴുതുന്നു

Update: 2025-03-04 06:20 GMT

ശാന്തന്‍

ത്രത്തോളം അസന്തുലിതമായ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് സമകാലിക കേരളത്തിലെ ചെറുപ്പക്കാര്‍ ചെയ്യുന്ന കൂട്ടക്കുരുതികള്‍ കണ്‍ തുറന്ന് കാണുന്നവര്‍ക്ക് മനസ്സിലാകും. കാമുകിയും അനുജനുമുള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെ ഒരു ദിവസം കൊലപ്പെടുത്തിയ അഫാന്‍ എന്ന യുവാവും മൊബൈല്‍ ഫോണ്‍ പിടിച്ചു വച്ചതിന് അദ്ധ്യാപകനോട് കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയും സിനിമയിലെപ്പോലെ മൂന്നു പേരെ ഒരുമിച്ചു അടിച്ചുകൊന്ന ഋതുവെന്ന യുവാവും വേറിട്ട വ്യക്തികളല്ല. ജന്മം കൊടുത്തതിന്റെ പേരില്‍ അമ്മമാരെ അടിച്ചു കൊല്ലുന്ന കൗമാരക്കാര്‍ ഏറിവരുന്നു. പുറത്തറിയുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ കുട്ടികള്‍ വീട്ടിലും വിദ്യാലയങ്ങളിലും ചെയ്തുകൂട്ടുന്നുണ്ട്. പക്ഷെ അതിന്റെ കാരണങ്ങളെക്കുറിച്ച് ജാഗ്രതയോടെ ആരും ആരായുന്നില്ല എന്ന വസ്തുത ദു:ഖകരമാണ്. വാര്‍ത്തകള്‍ തീരുമ്പോള്‍ എല്ലാവരും അത് മറക്കുന്നു.

സിനിമകളില്‍ മാത്രമാണ് ഇത്തരം കൊലപാതക പരമ്പരകള്‍ നമ്മള്‍ കണ്ടിട്ടുള്ളത്. പുതിയ കാലത്ത് റിലീസായിക്കൊണ്ടിരിക്കുന്ന മാസ് തട്ടുപൊളിപ്പന്‍ സിനിമകളെ നമ്മള്‍ വെറും വിനോദമായി കണ്ടുകൂട. വിദ്വേഷത്തിന്റെയും കൊലപാതകങ്ങളുടെയും അസഹിഷ്ണുതയുടെയും പരപുച്ഛത്തിന്റെയും ലഹളകളുടെയും കൊലവിളിയുടെയും ലൊക്കേഷനാക്കി നമ്മുടെ കൊച്ചു കേരളത്തെ മാറ്റിയതില്‍ നമ്മുടെ തിരിക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കുമുള്ള പങ്ക് കുറച്ചൊന്നുമല്ല. മുണ്ട് മടക്കിക്കുത്തി മീശ പിരിക്കാനും പുച്ഛിക്കാനും പരിഹസിക്കാനും കൊലചെയ്യാനും നമ്മുടെ പ്രതീക്ഷകളായ ചെറുപ്പക്കാരെ അവരുടെ റോള്‍ മോഡലുകളായ നായക നടന്‍മാരെക്കൊണ്ട് പഠിപ്പിച്ചു കൊടുക്കുന്ന അധമ പ്രവൃത്തിയാണ് വന്‍ വിജയം കൊയ്യുന്ന ബ്രഹ്‌മാണ്ഡചിത്രങ്ങള്‍ ചെയ്യുന്നത്. അത് ചെയ്ത് കീശ വീര്‍പ്പിക്കുന്നവര്‍ അറിയുന്നുണ്ടാവുമോ നമ്മുടെ സമുഹത്തിനു വിഷം കൊടുത്തിട്ട് പൈസാ വാരുകയാണ് അവര്‍ ചെയ്യുന്നതെന്ന് . നൂറ്റാണ്ടുകളായി ബുദ്ധനും ഗാന്ധിയും ക്രിസ്തുവും അരക്ഷിതമായ മനുഷ്യ സമൂഹത്തെ നന്മയിലേക്കു നയിക്കാന്‍ ചെയ്ത ശ്രമങ്ങളെ ദിനംപ്രതി ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്.

സിനിമ എന്ന പേരില്‍ പടച്ചുവിടുന്ന ഇത്തരം അസംബന്ധങ്ങള്‍ക്ക് വലിയ റോള്‍ നമ്മുടെ കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയും വഴി തെറ്റിക്കുന്നതില്‍ ഉണ്ടെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അടുത്ത കാലത്ത് കേരളത്തില്‍ സൂപ്പര്‍ഹിറ്റായ ' കില്‍ 'എന്ന ബോളിവുഡ് സിനിമയില്‍ അമ്പതു പേരെ മൃഗീയമായി അരുംകൊല ചെയ്യുന്ന രംഗങ്ങള്‍ കണ്ട് നമ്മുടെ പ്രതീക്ഷകളായ ചെറുപ്പക്കാര്‍ ത്രില്ലടിച്ച് ഹര്‍ഷാരവം മുഴക്കിയത് കണ്ട് നടുങ്ങിപ്പോയി. നായകകഥാപാത്രങ്ങള്‍ കാണിക്കുന്ന ഗുണ്ടായിസം കണ്ട് തിയേറ്ററില്‍ ചുറ്റുമിരിക്കുന്ന ചെറുപ്പക്കാരും കുട്ടികളും ഊറ്റം കൊള്ളുന്നത് കാണുമ്പോള്‍ പേടി തോന്നും.

ഇതൊക്കെ അവര്‍ അറിയാതെ ജീവിതത്തില്‍ പകര്‍ത്തുകയാണെന്ന വസ്തുത ആരും ഓര്‍മ്മിക്കുന്നില്ല. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ പകരാന്‍ ഇറങ്ങിത്തിരിച്ച സംവിധായകനോ, ലോകം നന്നാക്കാന്‍ എഴുത്തുകാരനെന്ന പേരില്‍ വെകളിപിടിക്കുന്ന തിരക്കഥാകൃത്തോ, തങ്ങള്‍ പ്രചരിപ്പിക്കുന്നത് സമൂഹം അനുകരിക്കുമെന്ന് ഓര്‍മ്മിക്കാറുണ്ടോ? സര്‍ഗ്ഗധിഷണയാല്‍ ജീവിതമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് കാണികളെ ആവേശം കൊള്ളിക്കുന്നതിനു പകരം പുതിയ കൊലപതക സാങ്കേതിക വിദ്യകളാണ് തിരക്കഥാകൃത്തുക്കള്‍ അന്വേഷിക്കുന്നത്. തിരക്കഥാകൃത്ത് എഴുതിക്കൊണ്ടുവരുന്നതെന്തും അഭ്രപാളികളില്‍ പകര്‍ത്തുന്നതാണോ സംവിധായകന്റെ കല ? തിരക്കഥകള്‍ പഠന വിധേയമാക്കാതെ സംവിധായകന്‍ പറയുന്നതെല്ലാം അതേപടി കാണിച്ചു കൊടുക്കേണ്ടവരാണോ ഭൂരിഭാഗം യുവാക്കള്‍ ആരാധിക്കുന്ന നായക നടന്മാര്‍ ? സൂപ്പര്‍സ്റ്റാറുകള്‍ പറയുന്നതാണ് കുട്ടികളുടെ ശരി. മാതാപിതാക്കളോ അദ്ധ്യാപകരോ പറയുന്നതല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സഹന മറിഞ്ഞുകൂട. മറ്റൊരാളുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ അവര്‍ തയ്യാറല്ല.

ക്രിമിനല്‍ മനസ്സുള്ളവര്‍ക്ക് ഏറെ കരുത്തു പകരുന്നതാണ് നായക നടന്മാര്‍ കാണിച്ചു കൊടുക്കുന്ന പ്രതികാരത്തിന്റെ കിടിലന്‍ ഷോട്ടുകള്‍. ' അടിക്കടി ഇടിക്കിടി ' എന്നതാണവരുടെ മദ്രാവാക്യം. സമൂഹത്തെ നയിക്കേണ്ട കുഞ്ഞുങ്ങളെ മുളയിലേ കുറ്റവാളികളാക്കുന്ന പഠനമാണ് നമ്മുടെ സിനിമകള്‍ ചെയ്യുന്നത്. ഹീറോകള്‍ ചെയ്യുന്നതെന്തും അനുകരിക്കുകയും ജീവിതത്തില്‍ നടപ്പാക്കുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ അവസ്ഥ നായകനടന്മാര്‍ അറിയേണ്ടെ ? ബുദ്ധനും ക്രിസ്തുവും ഗാന്ധിയും നമ്മുടെ സമൂഹത്തെ നേരായ വഴിക്ക് നയിക്കാന്‍ തലമുറകളായി പറഞ്ഞു കൊടുത്ത നന്മകളെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഫാന്‍ ക്ലബ്ബുകളിലൂടെ നായകനടന്മാര്‍പ്രചരിപ്പിക്കുന്നത്.

അഹിതം പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും തിരക്കഥകള്‍ തയ്യാറാക്കി അവരെ വകവരുത്തുന്ന രീതിയാണ് നമ്മുടെ ചെറുപ്പക്കാരും കുട്ടികളും ചെയ്യുന്നത്. സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ കൊലപാതങ്ങളെല്ലാം സിനിമകളിലെപ്പോലെ പദ്ധതികള്‍ തയ്യാറാക്കി ആസൂത്രണം ചെയ്തതാണ്. മദ്യപാനമോ പുകവലിയോ കാണിക്കുമ്പോള്‍ നിയമപരമായ മുന്നറിയിപ്പ് കാണിക്കാറുണ്ട്. അന്‍പത് പേരെ ആരുംകൊലചെയ്യുന്ന ബോളിവുഡ് സിനിമയിലോ ഇത്തരത്തിലുള്ള കൊലപാതങ്ങള്‍ അരങ്ങേറുന്ന മലയാള സിനിമയിലോ എങ്ങും കൊല ചെയ്യുമ്പോള്‍ കൊലപാതകം ശിഷാര്‍ഹമാണെന്ന നിയമപരമായ മുന്നറിയിപ്പ്‌പോലും നല്‍കുന്നില്ല. കേരളത്തില്‍ അത്തരത്തിലുള്ള കൊലപാതകങ്ങള്‍ കാണിച്ച് തുടങ്ങിയതേയുള്ളൂ. അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. നമ്മുടെ സെന്‍സര്‍ ബോര്‍ഡ് ജാഗരൂകരാകണം. ഇത്തരം ദൃശ്യങ്ങള്‍ നിയന്ത്രിക്കുകയും കഥയുടെ ഭാഗമായി കാണിക്കേണ്ടി വന്നാല്‍ നിയമപരമായ മുന്നറിയിപ്പ്‌കൊടുക്കേണ്ടതു മുണ്ട്.

ലോകജനത ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതുമായ ഇറാനിയന്‍ ചലച്ചിത്രങ്ങള്‍ നല്ലതിരക്കഥകളും ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങളും കൊണ്ട് അണിയിച്ചൊരുക്കിയതാണ്. ചലച്ചിത്ര മേളകളില്‍ മാത്രമല്ല ഒ.റ്റി.റ്റി തുടങ്ങിയ പ്ലാറ്റുഫോമുകളിലും ഇറാനിലെ തിയേറ്റുകളിലും ഈ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മൃഗീയദൃശ്യങ്ങള്‍ ആ സിനിമകളില്‍ ഇല്ല എന്ന വസ്തുത മറക്കരുത്. ഇത്തരം പ്രവണതകളെ നിയന്ത്രിച്ചില്ലെങ്കില്‍ നമ്മുടെ പുതിയ തലമുറയില്‍ ഭൂരിഭാഗവും കുറ്റവാളികളായിത്തരും എന്നതില്‍ സംശയമില്ല.

രണ്ടും മൂന്നും കൊലകള്‍ ചെയ്ത് ഇരട്ട ജീവപര്യന്തം വാങ്ങിയ ചെറുപ്പക്കാരാണ് കേരളത്തിലെ ജയിലുകളിലിപ്പോള്‍ കൂടുതലും. നിസ്സാരകാര്യങ്ങള്‍ക്ക് കൊലപാതകം ചെയ്തവരാണ് അധികവും. എല്ലാ പ്രശ്‌നപരിഹാരങ്ങളും കൊലപാതകത്തില്‍ തീര്‍പ്പാക്കുന്നവര്‍. കേരളത്തിലെ ജയില്‍ വാസികളെ കാണുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ അവരുടെ ആത്മസംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് അറിയുന്നത് അവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും മാനസിക ബുദ്ധിമുട്ടുകളും. ഒരു നിമിഷം ഒന്ന് മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ആയെങ്കില്‍ ഒരിക്കലും കൊലചെയ്യില്ലായിരുന്നു എന്ന് പരിതപിക്കുന്നവര്‍.

ജയിലഴികള്‍ക്കുള്ളിലായി ജീവിതം പരാജയപ്പെട്ടതില്‍ മനസ്സ് വേദനിച്ചു കഴിയുന്നവര്‍. ആത്മപീഡയാല്‍ അനങ്ങാന്‍ പറ്റാതാകുന്ന അവസ്ഥയാണവരുടേത്. ജീവിതമവസാനിച്ചു ഇനി എന്ത് ചെയ്താലും ഈ ജയിലറയ്ക്കുള്ളില്‍ അല്ലേ എന്ന് ചിന്തിച്ച് നിഷേധികളായവര്‍. എല്ലാ പ്രത്യാശയും അടങ്ങി സെന്‍ട്രല്‍ ജയിലിന്റെ മതിലുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജന്മങ്ങളെ കണ്ടപ്പോള്‍ ഓര്‍ത്തുപോയി അവരെ കൊലപാതകികള്‍ ആക്കുന്ന അവസ്ഥാവിശേഷത്തിന് പ്രധാനപ്പെട്ട ഒരു പങ്ക് തീര്‍ച്ചയായും പണം വാരി നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്കുണ്ടെന്ന്.

Tags:    

Similar News