ഓട്ടോണമസ് ഡ്രൈവര്‍ മദ്യപിക്കില്ല; ഓഫിസിലെ ടെന്‍ഷന്‍ ബാധിക്കില്ല; വീട്ടിലെ വഴക്ക് വിഷയമല്ല; വഴിക്ക് ഫോണ്‍ എടുക്കില്ല; വണ്ടിയില്‍ പങ്കാളിയുമായി വഴക്കിടില്ല; നമ്മുടെ ഡ്രൈവിംഗ് സംസ്‌കാരം മാറ്റുകസാധ്യമല്ല. പക്ഷെ നിര്‍മ്മിത ബുദ്ധി ഓടിക്കുന്ന കാറുകള്‍ വഴി അത് സാധ്യം; മാറ്റം വരും... സ്വയം ഓടിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ വരുമോ? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
സ്വയം ഓടിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ വരുമോ?
2024 ല്‍ 1,80,000 ആളുകളാണ് ഇന്ത്യയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് എന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ഒരു പ്രസംഗത്തില്‍ പറഞ്ഞത്.
ഇതില്‍ 70 ശതമാനം പേരും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരും ആണ്. ഒരു വര്‍ഷം 10,000 കുട്ടികളാണ് സ്‌കൂളുകള്‍ക്ക് പരിസരത്തുള്ള അപകടങ്ങളില്‍ മരിക്കുന്നത്. പതിനായിരം കുട്ടികള്‍ ! അപകടങ്ങളുടെ എണ്ണം ഇതിന്റെ പലമടങ്ങ് വരും. കേരളത്തില്‍ മരണങ്ങളുടെ പത്തിരട്ടിയാണ് അപകടങ്ങള്‍. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ ഇത് മരണങ്ങളുടെ മൂന്നിരട്ടിയാണ്. കേരളത്തില്‍ ചെറിയ അപകടങ്ങള്‍ പോലും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നതോ കേരളത്തിന് പുറത്ത് അപകടം ഉണ്ടായാല്‍ ആളുകള്‍ ആനുപാതികമായി കൂടുതല്‍ മരിക്കുന്നതോ ആകാം കാരണം.
രണ്ടാണെങ്കിലും ഓരോ വര്‍ഷത്തിലും ലക്ഷത്തിലധികം റോഡപകടങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുന്നു. പതിനായിരങ്ങള്‍ മരിക്കുന്നു. ഉണ്ടാകുന്ന അപകടങ്ങളില്‍ 82 ശതമാനവും ഡ്രൈവറുടെ തെറ്റായ പെരുമാറ്റം കൊണ്ടാണ് (ഓവര്‍ സ്പീഡ്, മദ്യപാനം, എതിര്‍ദിശയില്‍ വണ്ടി ഓടിക്കുന്നത്, വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് എന്നിങ്ങനെ). ഇതൊക്കെ ഏറെ നാളായി ഞാന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ്.
നമ്മുടെ ഡ്രൈവര്‍മാരെ ഒക്കെ നന്നാക്കി റോഡപകടങ്ങള്‍ കുറക്കുക സാധ്യമാണോ?
തീര്‍ച്ചയായും. പക്ഷെ അതിന് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം. ചില കുറ്റങ്ങളുടെ ശിക്ഷ കടുപ്പിക്കണം. ചില നിയമങ്ങള്‍ മാറ്റുകയും വേണം. അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല, പ്രതീക്ഷയും ഇല്ല.
അവിടെയാണ് സ്വയം ഓടിക്കുന്ന കാറുകളുടെ (autonomous cars) സാധ്യത വരുന്നത്.
ഡ്രൈവിങ്ങ് സീറ്റില്‍ നിന്നും ഡ്രൈവര്‍ മാറി യന്ത്രം വരുമ്പോള്‍ ഇപ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ 80 ശതമാനം വരെ കുറക്കാനുള്ള അവസരമുണ്ട്. സ്വയം ഓടിക്കുന്ന കാറുകള്‍ ഇന്ന് സയന്‍സ് ഫിക്ഷന്‍ അല്ല. ലോകത്ത് അനവധി നാടുകളില്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്.
കഴിഞ്ഞ ആഴ്ച ജനീവയില്‍ നിര്‍മ്മിതബുദ്ധിയെ പറ്റിയുള്ള ആഗോള ഉച്ചകോടിയില്‍ ഇതൊരു വലിയ വിഷയമായിരുന്നു. പന്ത്രണ്ട് ലക്ഷം ആളുകളുടെ ജീവനാണ് റോഡപകടങ്ങള്‍ എടുക്കുന്നത്. ലോകത്ത് യുവാക്കളുടെ മരണങ്ങളുടെ ഒന്നാമത്തെ കാരണം റോഡപകടങ്ങള്‍ ആണ്. അത് ഒഴിവാക്കുന്നതുകൊണ്ട് സാമൂഹ്യവും സാമ്പത്തികവും ആയ ഗുണങ്ങള്‍ ഉണ്ട്.
ചൈനയിലെ ഒരു പ്രസ്ഥാനം Apollo Go സ്വയം ഓടിക്കുന്ന കാറുകള്‍ വാടകക്ക് കൊടുക്കുന്ന സംവിധാനം ആണ്. നമുക്ക് യാത്ര പോകണമെങ്കില്‍ യൂബര്‍ പോലെ കാര്‍ ഓര്‍ഡര്‍ ചെയ്യുന്നു. കാര്‍ നമ്മള്‍ നിര്‍ദ്ദേശിക്കുന്ന ഇടത്ത് വരുന്നു. OTP അമര്‍ത്തിയാല്‍ വാതില്‍ തുറക്കുന്നു. കാര്‍ നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.
ഇതുവരെ ഒരു കോടി യാത്രകളാണ് Apollo Go സ്വയം ഓടിക്കുന്ന കാറുകളില്‍ നടത്തിയിട്ടുള്ളത്. പതിനാലു കോടി കിലോമീറ്റര്‍. പത്തു ലക്ഷം ഉപഭോക്താക്കള്‍. അപകട മരണം = പൂജ്യം !
ചൈനയില്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഹോങ്കോങ്ങും കടന്നു മറ്റു രാജ്യങ്ങളിലേക്ക് വരികയാണ്. ദുബായില്‍ അമ്പത് കാറുകള്‍ സര്‍വ്വീസ് തുടങ്ങിയെന്നാണ് വാര്‍ത്ത. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് തന്നെ ദുബായ് ടാക്സികള്‍ സ്വയം ഓടിക്കുന്നവയാകും, സംശയം വേണ്ട.
ഇന്ത്യയില്‍ ഓട്ടോണമസ് കാറുകള്‍ വന്നാല്‍ നമുക്ക് ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ പറ്റില്ലേ? ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റോഡപകടത്തില്‍ മരിക്കുന്ന ഇന്ത്യ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടേ? ഇക്കാര്യം ഞാന്‍ എപ്പോഴൊക്കെ ആരോടൊക്കെ പറഞ്ഞിട്ടുണ്ടോ അവരൊക്കെ ചിരിച്ചുതള്ളിയിട്ടേ ഉള്ളൂ !.
ആധുനികമായ റോഡുകളോ, റോഡ് മാര്‍ക്കിങ്ങുകളോ, സിഗ്‌നലുകളോ ഇല്ലാത്ത ഇന്ത്യയില്‍, റോഡ് നിയമങ്ങള്‍ അനുസരിക്കാത്ത വാഹനങ്ങളും, മനുഷ്യരും, മൃഗങ്ങളും ഉള്ള ഇന്ത്യയില്‍ ആര്‍ക്കും ഓട്ടോണമസ് വാഹനങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. ഇതാണ് പൊതു ബോധം.
ഈ ചോദ്യം ഞാന്‍ Apollo Go യിലെ ഉള്‍പ്പടെയുള്ള സീനിയര്‍ എഞ്ചിനീയര്‍മാരോട് ചോദിച്ചു. അവരൊക്കെ പറഞ്ഞത് ഇതാണ്.
റോഡുകള്‍ ഇല്ല, സിഗ്‌നലുകള്‍ ഇല്ല, ആളുകള്‍ ഉണ്ട്, മൃഗങ്ങള്‍ ഉണ്ട് എന്നതൊന്നും ഓട്ടോണമസ് വാഹനങ്ങള്‍ വരുന്നതിന് ഒരു തടസ്സമല്ല.
വാസ്തവത്തില്‍ ഓട്ടോണമസ് കാറുകള്‍ക്ക് ചുറ്റും അനവധി സെന്‍സറുകള്‍ ആണുള്ളത്. അത് നമ്മള്‍ കാണുന്നത് പോലുള്ള കണ്ണുള്ള കാമറ മാത്രമല്ല. ഇന്‍ഫ്രാ റെഡ് മുതല്‍ റഡാര്‍ വരെയുള്ള എല്ലാ സെന്‍സറുകളും ഉണ്ട്. പെരുമഴയത്ത് നമുക്ക് ഒട്ടും വിസിബിലിറ്റി ഇല്ലാത്ത സമയത്തും ഓട്ടോണമസ് കാറിന്, ചുറ്റുമുള്ള കാര്യങ്ങള്‍ റഡാര്‍ വഴി കാണാന്‍ പറ്റും.
റോഡിനരുകില്‍ നിന്നോ വാഹനത്തിന് പുറകില്‍ നിന്നോ കുട്ടികളോ മൃഗങ്ങളോ വരുന്നുണ്ടെങ്കില്‍ ഇന്‍ഫ്രാറെഡ് കാമറ അത് കണ്ടിരിക്കും. നമുക്ക് മുന്നിലുള്ള ട്രാഫിക്, വരാനിരിക്കുന്ന ദിനാന്തരീക്ഷ സ്ഥിതി, ഇതൊക്കെ അപ്പോഴപ്പോള്‍ ആട്ടോണോമസ് വെഹിക്കിളിന്റെ കമ്പ്യൂട്ടറില്‍ എത്തുന്നുണ്ട്. ഈ വിവരങ്ങളെല്ലാം സന്നിവേശിപ്പിക്കാന്‍ കമ്പ്യൂട്ടറിന് നിമിഷാര്‍ത്ഥം പോലും വേണ്ട.
അപ്പോള്‍ റോഡും അത് ഉപയോഗിക്കുന്നവരും കൃത്യമായ ഓര്‍ഡറില്‍ ഉള്ളതല്ലാത്തതും നിയമം പാലിക്കാത്തവരും ആണെന്നത് ആട്ടോണോമസ് കമ്പ്യൂട്ടറിനെ ബാധിക്കുന്ന വിഷയമല്ല. അതിന് കൈകാര്യം ചെയ്യാവുന്ന നിസ്സാരമായ വിഷയമാണത്.
വേണ്ടത് ഡേറ്റ ആണ്.
അമേരിക്കയിലെ, ചൈനയിലെ, ദുബായിലെ ഒക്കെ രീതികളനുസരിച്ച് പഠിപ്പിച്ച ഓട്ടോണമസ് കാര്‍ കേരളത്തില്‍ എത്തിയാല്‍ വണ്ടി മുന്നോട്ട് പോകില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും മോശം ട്രാഫിക്ക് ഉള്ള ഒരു റോഡില്‍, മനുഷ്യരും മൃഗങ്ങളും ഇടംവലം നോക്കാതെ റോഡ് ഉപയോഗിക്കുന്ന ഒരു നഗരത്തില്‍ കുറച്ചു നാള്‍ ഓടിച്ചു പഠിക്കാന്‍ കുറച്ച് ഓട്ടോണമസ് കാറുകള്‍ക്ക് അവസരം കൊടുത്താല്‍ പിന്നെ അവരെ പിടിച്ചാല്‍ കിട്ടില്ല.
ഈ പരീക്ഷണകാലത്ത് അവര്‍ സഞ്ചാരികള്‍ ഇല്ലാതെ, വളരെ സ്പീഡ് കുറച്ചു വണ്ടി ഓടിച്ചു പഠിച്ചോളും. അതിനുള്ള അവസരം നല്‍കിയാല്‍ മാത്രം മതി.
ഓട്ടോണമസ് കാറിന് നല്ല സെന്‍സറുകള്‍ മാത്രമല്ല ഉള്ളത്.
ഓട്ടോണമസ് ഡ്രൈവര്‍ മദ്യപിക്കില്ല.
ഓഫിസിലെ ടെന്‍ഷന്‍ അതിനെ ബാധിക്കില്ല.
വീട്ടിലെ വഴക്ക് വിഷയമല്ല.
വഴിക്ക് ഫോണ്‍ എടുക്കില്ല.
വണ്ടിയില്‍ ഇരിക്കുന്ന പങ്കാളിയുമായി വഴക്കിടില്ല.
മറ്റു യാത്രക്കാര്‍ അവരുടെ ശ്രദ്ധ തിരിക്കുന്നില്ല.
എന്തിന് റോഡില്‍ ഉണ്ടാകുന്ന കശപിശ കംപ്യൂട്ടറിന്റെ ഈഗോയെ ബാധിക്കുന്നുമില്ല.
എല്ലാത്തിനുമുപരിയായി വലിയ വാഹനത്തിന്റെ ഡ്രൈവര്‍ ആയത് കൊണ്ട് മാത്രം ചെറിയ വാഹങ്ങളോടോ കാല്‍നട യാത്രക്കാരോടോ കമ്പ്യൂട്ടര്‍ ഡ്രൈവറിന് പുച്ഛമില്ല. അവരുടെ ജീവനെ വില കുറച്ചു കാണുന്നുമില്ല.
അസമയത്ത് വാഹനത്തില്‍ കയറുന്ന സ്ത്രീകളെ പീഡിപ്പിക്കില്ല.
പരിചയമില്ലാത്ത നഗരങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊള്ളയടിക്കില്ല.
പകുതി വഴി എത്തുമ്പോള്‍ റേറ്റ് മാറ്റി പറ്റിക്കില്ല.
വീട്ടുവിശേഷങ്ങള്‍ ചോദിച്ച് ബോറടിപ്പിക്കില്ല.
2030 ആകുമ്പോഴേക്കും 50 ശതമാനം അപകടമരണങ്ങള്‍ കുറക്കണം എന്നതാണ് എന്റെ ആഗ്രഹം. കേരളത്തില്‍ 2,000 ജീവനുകള്‍, ഇന്ത്യയില്‍ 90,000 ജീവനുകള്‍ നമുക്ക് രക്ഷിക്കാം.
നമ്മുടെ ഡ്രൈവിംഗ് സംസ്‌കാരം മാറ്റുകവഴി അത് സാധ്യമല്ല. പക്ഷെ നിര്‍മ്മിത ബുദ്ധി ഓടിക്കുന്ന കാറുകള്‍ വഴി അത് സാധ്യമാണ്. മാറ്റം വരും.
മുരളി തുമ്മാരുകുടി