'ബെഞ്ചില്‍ നിന്ന് ജനകോടികളുടെ നെഞ്ചിലേക്ക്; വെറും 36 ദിവസം കൊണ്ട് ചരിത്രം കുറിച്ച സഞ്ജു സാംസണ്‍: ഒരു രാജ്യത്തെക്കൊണ്ട് ഒരു മലയാളം വാക്ക് വിളിപ്പിച്ചവന്‍; ദ വണ്‍ ആന്‍ഡ് ഒണ്‍ലി 'ചേട്ടന്‍': നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്
വെറും 36 ദിവസം കൊണ്ട് ചരിത്രം കുറിച്ച സഞ്ജു സാംസണ്‍
നെല്‍സണ്‍ ജോസഫ്
2026 ജനുവരി 31
36 ദിവസങ്ങള്‍ക്ക് മുന്‍പ്, അന്നാണ് സ്വന്തം നാട്ടുകാരുടെ മുന്നില്‍ വച്ചുതന്നെ ഗ്ലൗ ഇഷാന്‍ കിഷന് കൈമാറി ഫീല്‍ഡിലേക്ക് മടങ്ങിയത്.
അന്ന് വരാന്‍ പോവുന്ന ട്വന്റി ട്വന്റി ലോകകപ്പിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ പോയിട്ട് ടീമില്‍ ഇടം നേടും എന്ന് പോലും ആരെങ്കിലും പറഞ്ഞാല്‍ അവരെല്ലാം പരിഹസിക്കപ്പെടുമായിരുന്നു..
അവിടെനിന്ന് ഇന്ന് ഇതാ, ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഒന്നാമതുള്ള ഫര്‍ഹാനുമായി 62 റണ്‍ വ്യത്യാസം. അതും ഫര്‍ഹാനെക്കാള്‍ രണ്ട് മാച്ച് കുറവ് കളിച്ചിട്ട്. എല്ലാ ടീമുകളും കണ്ടെത്തിയ ഇന്ത്യന്‍ ബാറ്റിങ്ങ് ലൈന്‍ അപ്പിന്റെ ഒരു ദൗര്‍ബല്യം. അങ്ങനെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരാജയം.. ഇടം കയ്യന്മാര്‍ നിറഞ്ഞ ഒരു ബാറ്റിങ്ങ് ലൈന്‍ അപ്പിലെ വലം കയ്യന്‍ എന്നതാണ് അയാള്‍ക്ക് വീണ്ടുമൊരു അവസരത്തിന് വഴിയൊരുക്കുന്നത്.
പെര്‍ഫോം ചെയ്തില്ലെങ്കില്‍ കരിയറിന്റെ തിരശീല ഒരുപക്ഷേ അവിടെ വീഴുമെന്ന നിലയിലുള്ള അത്ര ഹൈ പ്രഷര്‍ സിറ്റുവേഷനിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ അയാള്‍ ഇറങ്ങിവരുന്നത്. അന്ന് ടീമിനെ മുഴുവന്‍ ചുമലിലേറ്റിയ ഒരു ഇന്നിങ്ങ്‌സില്‍ നിന്നിങ്ങോട്ട് പിന്നെ ഒരു പിഴവിനും പഴുതിനും ഇട നല്‍കാത്ത ഒരു സഞ്ജു സ്‌പെഷ്യലായിരുന്നു.
ആദ്യ ഓവറില്‍ ഹെന്‍ട്രിയുടെ ബൗളിങ്ങിലെത്തിയ സിക്‌സര്‍ മുതല്‍ ഒരോവറില്‍ രചിന്‍ രവീന്ദ്രയ്‌ക്കെതിരെ നേടിയ തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ അടക്കം ബൗണ്ടറിയുടെ വരകള്‍ കടന്ന് പോയ 24 സിക്‌സറുകള്‍..ടൂര്‍ണമെന്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം. തൊട്ട് പിന്നില്‍ ഫിന്‍ അലനു മാത്രം എത്തിപ്പിടിക്കാവുന്ന ദൂരത്ത്.
ഈ മൂന്ന് ഇന്നിങ്ങ്‌സുകളുമെടുത്താല്‍ അതിശയിപ്പിക്കുന്നത് അതിലെ പിഴവുകള്‍ വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു എന്നതാണ്. ഇന്ന് ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് ബൗണ്ടറിക്കപ്പുറം ലാന്‍ഡ് ചെയ്തുവെന്ന് തോന്നിച്ച ഒരു ഷോട്ടും കഴിഞ്ഞ ദിവസത്തെ ഒരു ചാന്‍സും പോലെ അപൂര്‍വം..
വെറും അഞ്ചേ അഞ്ച് മാച്ചുകള്‍ കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററുടെ റെക്കോഡ്, ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ബാറ്റര്‍ എന്ന റെക്കോഡ് ഒരു മലയാളിയുടെ പേരിലാക്കിയിട്ടുണ്ട്. യാതൊരു വിധ സംശയങ്ങള്‍ക്കും ഇടനല്‍കാതെ, ഒരു ചോദ്യത്തിനുമുള്ള പഴുതില്ലാതെ ചരിത്രം കുറിക്കുന്ന മൂന്ന് രത്‌നങ്ങള്‍..
കണ്‍സിസ്റ്റന്‍സി ഇല്ലെന്ന വിമര്‍ശനത്തിന് ക്രിക്കറ്റിങ്ങ് ഇവന്റിലെ ഏറ്റവും വിഷമകരമായ സ്റ്റേജില്‍ ഏറ്റവും കണ്‍സിസ്റ്റന്റായ പെര്‍ഫോമന്‍സ്
വെറും മുപ്പത്തിയാറ് ദിവസങ്ങള്‍ക്ക് മുന്‍പ് അയാളുടെ കരിയര്‍ അവസാനിച്ചെന്ന് നിങ്ങളെത്രപേര്‍ വിധിയെഴുതിക്കാണും? ബെഞ്ചില്‍ നിന്ന് ജനകോടികളുടെ നെഞ്ചകത്തെത്താന്‍ വേണ്ടിവന്നത് വെറും 36 ദിവസം.
ഒരു രാജ്യത്തെക്കൊണ്ട് ഒരു മലയാളം വാക്ക് വിളിപ്പിച്ചവന്‍.
' The one and only ചേട്ടന്‍ of Indian Cricket '
സഞ്ജു സാംസണ്‍
