മാംദാനി ന്യൂയോര്‍ക്കുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സൗജന്യ ബസ് യാത്രയും സര്‍ക്കാര്‍ പലവ്യഞ്ജന കടകളും; ലെഫ്റ്റ്-ഇസ്ലാമിസ്റ്റ് സഖ്യത്തിന്റെ ന്യൂയോര്‍ക്ക് സന്ദേശം; ജിജോ നെല്ലിക്കുന്നേല്‍ എഴുതുന്നു

Update: 2025-08-10 06:50 GMT

ജിജോ നെല്ലിക്കുന്നേല്‍

വിഭവങ്ങളും ഉല്പാദനോപാധികളും ബലം പ്രയോഗിച്ചു പിടിച്ചെടുക്കുക എന്ന മാര്‍ക്‌സിസ്റ്റ് മുദ്രാവാക്യം ഉയര്‍ത്തിയ ഒരു ഇന്ത്യന്‍ വംശജന്‍, മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയുടെ ആഗോള തലസ്ഥാനമായ ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നതിന്റെ പടിവാതില്‍ക്കലാണ്. പക്ഷെ, ഇദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റിക് കക്ഷിയിലെ ഒരു വലിയ വിഭാഗം ഇങ്ങനെയൊരു ദുരന്തം എങ്ങനെ ഒഴിവാക്കാം എന്നോര്‍ത്ത് തലപുകയ്ക്കുന്ന വൈരുധ്യമാണ് ഈ ക്ഷണിക താരോദയത്തിന്റെ മറുപുറം.

പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനാ നേതാവും റാപ് ഗായകനുമായിരുന്ന സോഹ്രാന്‍ മാംദാനി എന്ന 33-കാരന്റെ ഭ്രമാത്മകമായ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് പിന്നിലെന്താണ്? നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മാംദാനി ന്യൂയോര്‍ക്കുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സൗജന്യ ബസ് യാത്രയും സര്‍ക്കാര്‍ പലവ്യഞ്ജന കടകളും, പൊതു ചെലവിലുള്ള ശിശുപരിപാലന കേന്ദ്രങ്ങളും കര്‍ശനമായ വാടക നിയന്ത്രണ നിയമങ്ങളുമൊക്കെയാണ്. ഉയരുന്ന ജീവിതച്ചെലവും വഷളാകുന്ന സാമ്പത്തിക അസമത്വവും നേരിടുന്ന ന്യൂയോര്‍ക്കുകാര്‍ക്ക് സൗജന്യങ്ങളുടെ ഈ സമ്മോഹന ലോകം ആകര്‍ഷകമാണ്. സമ്മാനക്കിഴികള്‍ കൊടുത്തു തെരഞ്ഞെടുപ്പ് ജയിക്കുന്ന വിദ്യ, വാഴക്കുന്നം നമ്പൂതിരിയുടെ ചെപ്പും പന്തും ജാലവിദ്യയെ വെല്ലുന്ന കരവിരുതോടെ നടത്തിക്കാണിച്ച ചിലരെ നേരിട്ടു കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് ഈ തന്ത്രത്തിന്റെ രസക്കൂട്ട് പെട്ടെന്ന് പിടികിട്ടും. പണക്കാരുടെ മേലുള്ള നികുതി പിന്നെയും വര്‍ധിപ്പിക്കാമെന്നും, ശത കോടീശ്വരന്മാര്‍ ലോകത്തുതന്നെ ഇല്ലാതാകണമെന്നും പറയുന്ന മാംദാനി, പകല്‍ വിശ്രമിക്കുകയും വൈകുന്നേരങ്ങളില്‍ സോഷ്യലിസം സ്വപ്നം കണ്ടുറങ്ങുകയും ചെയ്യുന്നവര്‍ക്കിടയില്‍ പെട്ടെന്ന് താരമായി.

എന്നാല്‍, വന്മരങ്ങളെ കടപുഴക്കി പാര്‍ട്ടി ടിക്കറ്റ് നേടാന്‍ മാംദാനിയെ സഹായിച്ചത് ആശയങ്ങളുടെ തലത്തില്‍ ഇഴയടുപ്പം കൂടിയ മറ്റൊരു സഖ്യമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തീവ്ര സോഷ്യലിസ്റ്റുകളോടൊപ്പം എല്ലാ നിറഭേദങ്ങളിലുമുള്ള മാര്‍ക്‌സിസ്റ്റുകളും, ന്യൂനപക്ഷങ്ങളും, കുടിയേറ്റക്കാരും, കടുത്ത ഇസ്ലാമിസ്റ്റുകളും, ചെറുപ്പക്കാരും വരേണ്യവര്‍ഗത്തിലെ ഉത്പതിഷ്ണുക്കളുമായിരുന്നു ആ സഖ്യത്തിലുണ്ടായിരുന്നത്. വന്‍ നഗരങ്ങളില്‍ അനുസ്യൂതം നടക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങള്‍ രാജ്യങ്ങളുടെയും ലോകത്തിന്റെതന്നെയും ഘടനാപരമായ സ്വത്വത്തെ എങ്ങനെ, എത്രവേഗം, മാറ്റിമറിക്കാന്‍ കെല്പുള്ളതാണെന്നു മാംദാനിയുടെ വിജയം ഒറ്റ രാത്രികൊണ്ട് ലോകത്തെ ഓര്‍മിപ്പിച്ചു.

സോഷ്യലിസ്റ്റ് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയ മാംദാനി പ്രസംഗമദ്ധ്യേ ഒരു ഫ്രോയിഡിയന്‍ സ്ലിപ്പിലെന്നോണം പറഞ്ഞത് അയാള്‍ പ്രതിനിധാനം ചെയ്യുന്ന അമേരിക്കന്‍ ഇടതുപക്ഷത്തിന്റെ ആത്യന്തിക ലക്ഷ്യം 'ഉല്‍പ്പാദനോപാധികള്‍ പിടിച്ചെടുക്കുക' എന്നതാണെന്നാണ്. തൊഴിലുടമകളെ നിഷ്‌കാസനം ചെയ്യുക, വിഭവങ്ങളുടെയും ധനത്തിന്റെയയും നിയന്ത്രണം നേടുക, ഉല്‍പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥാവകാശം അവസാനിപ്പിക്കുക എന്നൊക്കെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യ സമ്പത്തു തന്നെ നിഷിദ്ധമാണെന്നു പറയുന്ന ഒരാളാണ് ലോക ക്യാപിറ്റലിസത്തിന്റെ നട്ടുച്ചയായ ന്യൂയോര്‍ക്കിന്റെ ഭരണാധികാരത്തിലേയ്ക്ക് ചുവടുവയ്ക്കുന്നത്. ക്യാപിറ്റലിസത്തിന്റെ കാസിനോയെ സോഷ്യലിസത്തിന്റെ കത്തീഡ്രലാക്കാന്‍ എത്തിയ മാലാഖയാണ് മാംദാനിയെന്നാണ് അയാള്‍ക്കു വോട്ടുചെയ്ത അസംഖ്യം ചെറുപ്പക്കാര്‍ കരുതുന്നത്. മാംദാനിയുടെ വിജയം ഒരു സോഷ്യലിസ്റ്റ്-പുരോഗമന-യുവജന മുന്നേറ്റത്തിന്റെ വിജയമാണെന്നായിരുന്നു പൊടുന്നനെ ഉണ്ടായ ഒരു ഉപരിപ്ലവമായ വിലയിരുത്തല്‍. എന്നാല്‍, ന്യൂയോര്‍ക് ടൈംസ് പത്രത്തില്‍ വന്ന ഒരു ശ്രദ്ധേയമായ ലേഖനം പറയുന്നത് മാംദാനിയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചത് നഗരത്തിലെ 'കമ്മീ കോറിഡോര്‍' (കമ്മ്യൂണിസ്‌റ് സ്വാധീന മേഖലകള്‍) ആണെന്നാണ്. പൊതുവെ സോഷ്യലിസ്റ്റ്-പുരോഗമന നിലപാടുള്ള ഈ പത്രത്തില്‍ വന്ന തെരഞ്ഞെടുപ്പ് വിശകലനം മറഞ്ഞു കിടക്കുന്ന മറ്റു യാഥാര്‍ഥ്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മള്‍ പൊതുവെ പ്രതീക്ഷിക്കുന്നതിനു വിരുദ്ധമായി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും കറുത്ത വര്‍ഗ്ഗക്കാരുടെയും വോട്ടുകള്‍ അപ്പാടെ മാംദാനിക്കു കിട്ടിയില്ല. ഈ വോട്ടുകളില്‍ വന്‍ ലീഡ് നേടിയത് അയാളുടെ പ്രധാന എതിരാളിയായിരുന്നു. എന്നാല്‍ ബംഗ്ലാദേശികളും, പാകിസ്ഥാനികളും, അറബ് വംശജരും വലിയ സംഖ്യയിലുള്ള പോക്കറ്റുകളില്‍ മാംദാനിയുടേത് വന്‍ ഭൂരിപക്ഷമായിരുന്നു. ഏഷ്യക്കാരും ലാറ്റിന്‍ അമേരിക്കക്കാരും ആഫ്രിക്കക്കാരും കൂടുതലുള്ള സ്ഥലങ്ങളിലും ശക്തമായ ഭൂരിപക്ഷം മാംദാനി നേടി. ചെറുപ്പക്കാരും അതീവ സമ്പന്നരായ വെള്ളക്കാരിലെ പുരോഗമന വാദക്കാരും വലിയതോതില്‍ ഇയാള്‍ക്ക് വോട്ടു ചെയ്തു.

പതിനഞ്ചു ശതമാനത്തിലേറെ വരുന്ന ന്യൂയോര്‍ക്കിലെ മുസ്ലിങ്ങളെ ഏകശിലാ വോട്ടുബാങ്കായി പരിണമിപ്പിക്കുന്നതില്‍ മാംദാനി വന്‍ വിജയം കണ്ടു. പണപ്പെരുപ്പത്തെക്കുറിച്ചു ന്യൂയോര്‍ക്കുകാരോട് സംസാരിക്കാന്‍ 'ഹലാല്‍ഫ്‌ളേഷന്‍' (ഹലാല്‍ ഇന്‍ഫ്‌ളേഷന്‍) എന്ന വാക്ക് തെരഞ്ഞെടുത്തു കൊണ്ട് മുസ്ലിം വോട്ടുബാങ്കിന്റെ മര്‍മമാണ് മാംദാനി ലക്ഷ്യമാക്കിയത്. മാംദാനിയുടെ മറ്റൊരു മുദ്രവാക്യം 'പലസ്തീന്‍ ഇന്റീഫാദയെ' ആഗോളവത്കരിക്കുമെന്നതായിരുന്നു. ലോകത്തെല്ലായിടത്തുമുള്ള ഇടതുപക്ഷക്കാരെ ഏകീകരിക്കുന്ന മുദ്രാവാക്യമാണിത്. ഇടതിനും ഇസ്ലാമിസത്തിനും ഇടയിലുള്ള അതിര്‍വരമ്പ് സമര്‍ത്ഥമായി മായ്ച്ചുകളയുന്ന പ്രത്യയശാസ്ത്ര ജാലവിദ്യകള്‍ നമുക്കും പരിചയമുണ്ട്. കഴിഞ്ഞ വര്‍ഷം കേരള യൂണിവേഴ്‌സിറ്റിയിലെ കലോത്സവത്തിന് 'ഇന്റീഫാദ' എന്നാണ് പേരിട്ടത്. രണ്ടുവര്‍ഷത്തോളം മുന്‍പ്, ആടിയും പാടിയും ഒരു സംഗീതരാവ് ആഘോഷിച്ചുകൊണ്ടിരുന്ന നൂറുകണക്കിന് ചെറുപ്പക്കാരെ വെടിവച്ചു കൊല്ലുകയും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തുകയും ചെയ്ത ഹമാസ് ഉയര്‍ത്തിയ അതെ മുദ്രാവാക്യം ആണ് ഏതാണ്ട് അതെ പ്രായത്തിലുള്ള കേരളത്തിലെ ചെറുപ്പക്കാരുടെ കലാസംഗമത്തിന്റെ പേരായി ഇടതുപക്ഷം നിര്‍ദ്ദേശിച്ചത് എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു.

'ഇന്റീഫാദ' മുദ്രാവാക്യത്തിന് സാധുത പകര്‍ന്ന്, ന്യൂയോര്‍ക്കിലെ നിരവധി മോസ്‌കുകളില്‍ തെരഞ്ഞെടുപ്പിന്റെ മുന്‍പുള്ള വെള്ളിയാഴ്ച മാംദാനിയുടെ പ്രചാരണ സംഘം സന്ദര്‍ശനം നടത്തി. ഇസ്രയേലികളെ ഉന്മൂലനം ചെയ്യണമെന്നും ഹമാസ് നടത്തുന്നത് വിശുദ്ധ യുദ്ധമാണെന്നും പരസ്യമായി പ്രസംഗിച്ച ഒരു ഇമാമിനോടൊപ്പം പ്രചാരണത്തിനിടയില്‍ മാംദാനി പ്രാര്‍ത്ഥിക്കുകയും ഇവരൊരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ഈ മോസ്‌ക് സന്ദര്‍ശനം പ്രചാരണത്തിന് ഉപയോഗിക്കുക വഴി രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി മതവൈകാരികതയും മതവ്യക്തിത്വവും ലോകത്തെല്ലായിടത്തും ഉപയോഗിക്കുന്ന ഇടതു നയമാണ് മാംദാനിയും പിന്‍തുടര്‍ന്നത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെട്ടെന്ന് ഇസ്ലാമിസ്റ്റ് കുളിരുപനി ബാധിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ ആ തണുപ്പ് മാറ്റാന്‍ കെഫിയെ എന്ന കറുപ്പും വെള്ളയും കള്ളികളുള്ള തൂവാല പുതച്ചു പ്രത്യക്ഷപെടുന്നതിന്റെ ഒരു അമേരിക്കന്‍ വേര്‍ഷന്‍ ആയിരുന്നു അവിടെക്കണ്ടത്.

ഇന്ത്യയിലോ, അമേരിക്കയിലോ, ഫ്രാന്‍സിലോ, ബ്രിട്ടനിലോ എവിടെയുമാകട്ടെ, മുസ്ലിങ്ങള്‍ മതാധിഷ്ഠിതമായി വോട്ട് ചെയ്യുകയും രാഷ്ട്രീയക്കാര്‍ അവരുടെ ആരാധനാലയങ്ങളും മതചിഹ്നങ്ങളും--എന്തിനു, നിറങ്ങളും ഭാഷയും പോലും--ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ലോക ഇടതിന് പരാതിയില്ല. ലോകത്തു പലയിടത്തും വിജയകരമായി നടപ്പിലായിക്കൊണ്ടിരിക്കുന്ന ഈ സഖ്യ പരീക്ഷണമാണ് മാംദാനിയും കൈക്കൊണ്ടത്. സോഷ്യലിസം പ്രസംഗിക്കുകയും ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്ന് പറയുകയും ചെയ്യുക; എന്നാല്‍ അതേസമയം മത വൈകാരികതയെ ചൂഷണം ചെയ്യുക എന്നത്. ദാര്‍ശനികമായ ഒരു തലത്തില്‍ ആഗോള ഇടതിന്റെ ഏറ്റവും ജൈവപരമായ പങ്കാളിയായി പൊളിറ്റിക്കല്‍ ഇസ്ലാം പ്രതിഷ്ഠിക്കപ്പെടുന്ന ഈ പ്രതിഭാസം പുതിയതല്ല. ലോക കമ്മ്യൂണിസ്റ്റ് ശക്തികളെ ഒന്നിപ്പിക്കാനും ആഗോള വിപ്ലവം നടപ്പില്‍ വരുത്താനുമായി രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ (കോമിന്റേണ്‍) സമ്മേളനത്തില്‍ വ്‌ലാദിമിര്‍ ലെനിന്‍ പറഞ്ഞത് ഇസ്ലാം അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ മതമാണെന്നും മുസ്ലിം വൈകാരികതയ്ക്കു കമ്യൂണിസ്റ്റുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്നുമാണ്. എന്താണ് ഈ പ്രത്യേക ബന്ധത്തിന്റെ കാതല്‍? നിലവിലുള്ള ലോകക്രമം നിയന്ത്രിക്കുന്നതു യൂറോ-അമേരിക്കന്‍ മേല്‍ക്കോയ്മയാണ്. ഇതാകട്ടെ സാംസ്‌കാരികമായി ഒരു ജൂദയോ-ക്രിസ്ത്യന്‍ ഉല്പന്നവും ജനാധിപത്യകേന്ദ്രീകൃതമായ കാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയുമാണ്. സോവിയറ്റ് യൂണിയന്റെ കാലംതൊട്ടേ ഇടത് ഇതിനെ ഉന്നം വയ്ക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുര്‍ക്കിയുടെ പതനവും പിന്നീട് ഇസ്രയേലിന്റെ സ്ഥാപനവും, അതിനുശേഷം രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ അറബ് ലോകത്തിന്റെ ശിഥിലീകരണവും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പാശ്ചാത്യ ലോകത്തോടുള്ള യുദ്ധപ്രഖ്യാപനത്തിനു കാരണമായി.

മാംദാനിയുടെ രാഷ്ട്രീയത്തില്‍ ഇവ രണ്ടുംമാര്‍ക്‌സിസവും ഇസ്ലാമിസ്റ്റ് അനുഭാവവുംഏതാണ്ട് സമാസമം ചാലിച്ചു ചേര്‍ത്തിരിക്കുന്നു; ഇവയെ വ്യവഹാരയോഗ്യമാക്കാന്‍ സോഷ്യലിസവും. മാംദാനിയെ ഒരു കടുത്ത ഇസ്ലാമിസ്റ്റ് എന്ന് വിളിക്കുന്നത് അനുചിതമായേക്കാം; പക്ഷെ ആഗോള ഇസ്ലാമിസത്തിന്റെ എല്ലാ മുദ്രാവാക്യങ്ങളോടും അയാള്‍ അനുഭാവം കാണിക്കുന്നു. ഇസ്രായേല്‍ നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത രാജ്യമാണെന്ന് ആവര്‍ത്തിച്ചു പറയുന്ന ഇയാള്‍ പൊതുജീവിതമാരംഭിച്ചതു അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ വിചാരണ നടത്തി ജയിലിലടച്ച ഹമാസ് പ്രവര്‍ത്തകരെ പ്രകീര്‍ത്തിച്ചുകൊണ്ട് സ്വയം എഴുതിയ റാപ് ഗാനം പാടിയായിരുന്നു. ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മാംദാനി വാഗ്ദാനം ചെയ്യുന്നു. ആഗോളതലത്തില്‍ ഇസ്രയേലിന്റെ ഏറ്റവും വലിയ മിത്രമാണ് അമേരിക്ക എന്നതുമാത്രമല്ല, ഇസ്രായേലിന് പുറത്തു ഏറ്റവുമധികം ജൂതന്മാര്‍ താമസിക്കുന്ന നഗരം കൂടിയാണ് ന്യൂയോര്‍ക്ക് എന്നോര്‍ക്കണം. അതുപോലെ, മാര്‍ക്‌സിസത്തെ ഇത്രയധികം ഭയപ്പെടുകയും പ്രതിരോധിക്കുകയും ചെയ്ത വേറൊരു രാജ്യമില്ല. സോഷ്യലിസം, സാമ്പത്തിക-ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയ്ക്ക് വിഘാതമാണെന്നും അത് വളരാന്‍ അനുവദിക്കരുതെന്നും പാര്‍ട്ടികള്‍ക്കതീതമായി ഇന്നും ഭൂരിപക്ഷം അമേരിക്കക്കാര്‍ കരുതുന്നു. നിരവധി ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദ്ധരും പറഞ്ഞുകഴിഞ്ഞു, മാംദാനിയുടെ നയങ്ങള്‍ ന്യൂയോര്‍ക്കിലെ സ്ഥിതി വീണ്ടും മോശമാക്കുകയെ ഉള്ളുവെന്ന്. അതായത്, മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിസ്റ്റ് അനുഭാവിയായ ഒരാള്‍ ഈ പ്രബല നഗരത്തിന്റെ ഭരണാധിപനാകുമ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയ ഘടനയുടെ ഭ്രംശ രേഖയാണ് തെളിഞ്ഞുവരുന്നത്. ഇത് വലിയ ചലനങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഉണ്ടാക്കിക്കഴിഞ്ഞു. യാഥാസ്ഥികരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാത്രമല്ല, ഡെമോക്രാറ്റ് പാര്‍ട്ടിയിലെ മിതവാദികളും നിഷ്പക്ഷരും അനിവാര്യമെന്ന് തോന്നിപ്പിക്കുന്ന മാംദാനിയുടെ വിജയം എങ്ങനെ തടയാം എന്നാലോചിക്കുന്നു.

എന്നാല്‍, ഇത് സാധ്യമാണോ? മാംദാനിയുടെ വിജയം ഇക്കുറി തടഞ്ഞാല്‍ പോലും, ,ഇടതു -പ്രോഗ്രസ്സിവ്-പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് സഖ്യം വീണ്ടുമൊരു മാംദാനിയെ സൃഷ്ടിക്കും. അത് ന്യൂയോര്‍ക്കില്‍ മാത്രം ആകണമെന്നില്ല എന്ന് മാത്രമല്ല, ലോക വന്‍ നഗരങ്ങളിലെല്ലാം അത്തരമൊരു സഖ്യത്തിന്റെ ബീജാവാപം നടന്നു കഴിഞ്ഞു. രാജ്യങ്ങള്‍ നഗരങ്ങളിലേക്കു ചുരുങ്ങുന്നത് ഇക്കാലത്തിന്റെ വലിയ വെല്ലുവിളികളില്‍ ഒന്നാണ്. അമേരിക്കന്‍, യൂറോപ്യന്‍ നഗരങ്ങളിലാണ് അദൃശ്യമായ, എന്നാല്‍ ത്വരിതഗതിയിലുള്ള, ഈ അധികാര കൈമാറ്റം സ്പഷ്ടമായി നടക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ നടന്ന കുടിയേറ്റം വന്‍ നഗരങ്ങളെ സങ്കരസംസ്‌കര കേന്ദ്രങ്ങളാക്കി. ദാര്‍ശനികമായ ഇത് നല്ലതുതന്നെ. ക്രിസ്ത്യന്‍ ധാര്‍മികതയും കൊളോണിയല്‍ കാലത്തെ നീതിനിഷേധങ്ങള്‍ക്കുള്ള പ്രായശ്ചിത്തവുമായിരുന്നു ഉദാരകുടിയേറ്റ തരംഗത്തിന്റെ ആദ്യകാലത്തെ ചാലകശക്തി. പിന്നീട് ഈ രാജ്യങ്ങളിലെ സാമ്പത്തികവ്യവസ്ഥ കഴിവും വിദ്യാഭാസവുമുള്ളവരെ അവിടുത്തെ വന്‍ നഗരങ്ങളിലേക്ക് ആകര്‍ഷിച്ചു. ഇങ്ങനെ വന്നവരില്‍ കുറേപ്പേര്‍ ആതിഥേയ രാജ്യങ്ങളുടെ സംസ്‌കാരം സ്വാംശീകരിച്ചു. പക്ഷെ ആദ്യത്തെ കൂട്ടര്‍ അവരുടേതായ തുരുത്തുകള്‍ സൃഷ്ടിക്കുകയും ഈ അടുത്ത കാലത്തു വീണ്ടും നടന്ന അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ഫലമായി അവരുടെ അംഗസംഖ്യ വര്‍ധിച്ചപ്പോള്‍ ആതിഥേയ രാജ്യങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മൂല്യങ്ങളെ നിരസിക്കുകയുമാണുണ്ടായത്. ഈ എതിര്‍പ്പ് ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധ നയങ്ങളോട് ഒട്ടിച്ചേര്‍ന്ന്, ജൈവപരമായി വളര്‍ന്ന്, രാഷ്ട്രീയാധികാരം നേടുന്നതിലേക്കാണ് മുന്നേറുന്നത്. മാംദാനിയുടെ ന്യൂയോര്‍ക്കിലെ വിജയം ഒരു നഗരത്തെ മാത്രം സംബന്ധിക്കുന്ന ഒന്നായിരുന്നുവെങ്കില്‍ ഫ്രാന്‍സില്‍ ഈ സഖ്യം രാജ്യാധികാരത്തിന്റെതന്നെ തൊട്ടരികിലെത്തി. 2022-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, ഫ്രഞ്ച് സ്വത്വം ഉയര്‍ത്തിപ്പിടിച്ച വലതുപക്ഷ പാര്‍ട്ടി ആദ്യ റൗണ്ടില്‍ വിജയിക്കുമെന്ന ഘട്ടം വന്നപ്പോള്‍ 70 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം വോട്ടര്‍മാര്‍ തീവ്ര ഇടതുപക്ഷ പാര്‍ട്ടിക്ക് വോട്ടു ചെയ്തു. അങ്ങനെ അതുവരെ ഫ്രഞ്ച് രാഷ്ട്രീയത്തിന്റെ നടുത്തളത്തില്‍ ഇടമില്ലാതിരുന്ന തീവ്ര ഇടതുപക്ഷം നിര്‍ണ്ണായക ശക്തിയായി മാറി. തൊട്ടുപിന്നാലെ 2024 -ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റാഡിക്കല്‍ ഇടതു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിശാല ഇടതു സഖ്യം ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുകയും പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിക്കുകയും ചെയ്തതിന്പിന്നില്‍ ഫ്രാന്‍സിലെ അറുപതു ലക്ഷത്തിനു മേല്‍ വരുന്ന മുസ്ലിം വോട്ട് ബാങ്കിന്റെ കരുത്താണ് ഉണ്ടായിരുന്നത്.

ഇവിടെയെല്ലാം, ഇടതിന്റേയും ഇസ്ലാമിസത്തിന്റെയും ബന്ധം ആശ്ചര്യകരമായ ഒരു കെട്ടുറപ്പാണ് കാണിക്കുന്നത്. ഒരുതരം ഉള്‍ബോധജന്യമായ ഐക്യത്തോടെ ആണ് ഈ രണ്ടു പ്രത്യയശാസ്ത്രങ്ങളും പരസ്പരം സഹകരിക്കുന്നത്. അടുത്തകാലത്ത് വന്ന രാഷ്ട്രീയക്കാരില്‍ ഈ പ്രത്യയശാസ്ത്ര അച്ചുതണ്ട് ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച ആളാണ് മാംദാനി. പകല്‍ ന്യൂയോര്‍ക്കില്‍ കമ്മ്യൂണിസ്റ്റ് സ്വപ്നത്തിന്റെ ചില്ലറ വില്പന നടത്തുന്ന മാംദാനി സന്ധ്യകളില്‍ ഇസ്ലാമിസത്തിന്റെ വായ്പാട്ടുകാരനാവുന്നു; പുറമേക്ക് അവിശ്വസനീയമായി തോന്നാമെങ്കിലും ലോക നഗരങ്ങളില്‍ അനുദിനം ശക്തിപ്രാപിക്കുന്ന ഈ സഖ്യത്തിന്റെ ആവിഷ്‌കാരങ്ങളാണിവയൊക്കെ. രാജ്യത്തിന് പുറത്തു ജനിച്ച നാല്‍പ്പതു ശതമാനത്തോളം നിവാസികളുള്ള, പതിനഞ്ചു ശതമാനം മുസ്ലിം ജനസംഖ്യയുള്ള ന്യൂയോര്‍ക്ക് നഗരം, ഈ ആഗോള രാഷ്ട്രീയ പരീക്ഷണത്തിന്റെ പ്രധാന വേദിയാകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രസക്തി. നൈതികത നഷ്ടപ്പെട്ട സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളുടെ മറവില്‍, അജയ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിസ്റ്റ് സഖ്യമാണ് മാംദാനി സൃഷ്ടിച്ചത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഈ സ്വഭാവ രൂപാന്തരം മറ്റു നഗരങ്ങളുടെയും രാഷ്ട്രങ്ങളുടെ തന്നെയും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.

ജിജോ നെല്ലിക്കുന്നേല്‍

(റോയിട്ടേഴ്‌സിലും ന്യൂസ് വീക്ക് ഗ്രൂപ്പിലും ഇന്ത്യയില്‍ പ്രവര്‍ത്തിച്ച ലേഖകന്‍ ഇപ്പോള്‍ യൂറോപ്പില്‍ ഫിനാന്‍ഷ്യല്‍ ജേര്‍ണലിസ്റ്റ് ആണ്. email -- jijonelly@yahoo.com)

Tags:    

Similar News