'തൂങ്ങി മരിക്കാന്‍ കസേരയില്‍ കയറുമ്പോഴാണ് സാറിന്റെ ഫോണ്‍ കോള്‍ വന്നത്; സാറാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണം': 34 വര്‍ഷം മുമ്പ് എസ്പിയെ രക്ഷിച്ച ടി പി സെന്‍കുമാറിന്റെ ഫോണ്‍ കോള്‍; ബിഎല്‍ഒമാര്‍ ജോലി ഭാരം കൊണ്ടു ആത്മഹത്യ ചെയ്യരുത്; മുന്‍ ഡിജിപിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

മുമ്പ് എസ്പിയെ രക്ഷിച്ച ടി പി സെന്‍കുമാറിന്റെ ഫോണ്‍ കോള്‍

Update: 2025-11-21 16:45 GMT

ടി പി സെന്‍കുമാര്‍

ആത്മഹത്യ ചെയ്യാനായി ജനിച്ചവര്‍

വിവിധ കാരണങ്ങളാല്‍ മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ചിലതെല്ലാം ബയോളജിക്കല്‍ കാരണം കൊണ്ടായിരിക്കാം. മനുഷ്യന്റെ സ്വഭാവം പലപ്പോഴും ജനിതക കാരണങ്ങള്‍ കൊണ്ടു വരാം.

എന്നാല്‍ അതൊന്നുമില്ലാത്തവര്‍ ചിലപ്പോള്‍ ചില നിമിഷങ്ങളുടെ തീവ്ര ചിന്തയില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചേക്കാം.

34 വര്‍ഷങ്ങള്‍ മുന്‍പ് ഒരു ജില്ലാ എസ്പി ഇതെന്നോട് പറഞ്ഞതാണ്. ആ കാലത്തു 'പോലീസും പൊതുജനങ്ങളും ' എന്ന വിഷയത്തില്‍ ഒരാഴ്ച നീളുന്ന ചര്‍ച്ചകള്‍ എല്ലാ വിഭാഗം പൊതുജനങ്ങളുമായി നടത്തുമായിരുന്നു. ഡിജിപി രാജഗോപാല്‍ നാരായണ്‍ സാറിന്റെയും മുഖ്യമന്ത്രി നായനാര്‍ സാറിന്റെയും ആശയമായിരുന്നു.

ഒരു ദിവസം ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു എസ്പി ഉച്ചക്ക് ഊണ് കഴിക്കുമ്പോള്‍ എന്നോട് പറഞ്ഞു. 'സാറാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണം'. രണ്ടു ദിവസം മുന്‍പ് രാത്രി 1130നാണ് ഞാന്‍ അദ്ദേഹത്തെ ഈ പരിപാടിക്ക് വിളിച്ചത്. അദ്ദേഹം പറഞ്ഞു. 'ഞാന്‍ മാനസിക വിഷമം മൂലം മരിക്കാന്‍ തീരുമാനിച്ചു. ഫാനില്‍ തൂങ്ങി മരിക്കാനായി എല്ലാം റെഡി ആക്കി. കസേരയില്‍ കയറുമ്പോളാണ് സാറിന്റെ ഫോണ്‍ വിളി വന്നത്. തൂങ്ങാന്‍ ഉറച്ച ഞാന്‍ എന്തുകൊണ്ടോ ഫോണെടുത്തു. സാറുമായി സംസാരിച്ച ശേഷം എന്റെ മരിക്കാനുള്ള ത്വര ഇല്ലാതായി. അതുകൊണ്ട് ഇന്ന് ഞാനിവിടെ വന്നു.'

ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ഒരു ഓഫീസര്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തുറന്നു പറച്ചിലില്‍ അത്ഭുതം പൂണ്ടിരിക്കാന്‍ മാത്രമേ എനിക്കായുള്ളു. ഓരോ മനുഷ്യന്റെയും ഓരോ സമയത്തെ സ്ഥിതി.! ഇപ്പോളദ്ദേഹം 84 വയസ്സായി, ആരോഗ്യത്തോടെ കഴിയുന്നു. അദ്ദേഹത്തെ രക്ഷിച്ച ഫോണ്‍ കോളിനെ പറ്റി എന്തു പറയാന്‍?

ഇപ്പോള്‍ ഭാരതമൊട്ടാകെ 3,4 ബിഎല്‍ഓമാര്‍ ജോലിഭാരം, എസ്‌ഐആര്‍, കാരണം ആത്മഹത്യ ചെയ്ത വാര്‍ത്ത കണ്ടപ്പോള്‍ എഴുതിപ്പോയതാണ്. ബിഎല്‍ഒ ഒന്നും ജോലി ഭാരം കൊണ്ടു ആത്മഹത്യ ചെയ്യരുത്.!


Tags:    

Similar News