എന്‍ഡിഎഫിനെ കുറിച്ച് വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിച്ചു; വിഎസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി; മാധ്യമ പ്രവര്‍ത്തകന്‍ എം സി എ നാസറിന്റെ അനുസ്മരണ കുറിപ്പ്

മാധ്യമ പ്രവര്‍ത്തകന്‍ എം സി എ നാസറിന്റെ അനുസ്മരണ കുറിപ്പ്

Update: 2025-07-22 11:27 GMT

കോഴിക്കോട്: സന്ദര്‍ഭത്തില്‍ നിന്ന് വാചകങ്ങള്‍ അടര്‍ത്തി മാറ്റിയാല്‍, പലപ്പോഴും പറഞ്ഞയാള്‍ ഉദ്ദേശിക്കാത്ത അര്‍ഥം വന്നുഭവിക്കാം. സോഷ്യല്‍ മീഡിയയുടെ റീല്‍സിന്റെയും ഷോട്ട്‌സിന്റെയും കാലത്ത് അതിന് സാധ്യതയും ഏറെയാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഡി.എഫുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചത് ഉദാഹരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ. നാസര്‍ ചൂണ്ടിക്കാട്ടുന്നതും ഇക്കാര്യം തന്നെ.

'വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വി എസിനോട് വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷെ, ആ വാര്‍ത്താ സമ്മേളനത്തില്‍ എന്‍ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ല.'-നാസര്‍ കുറിച്ചു.

എം സി എ നാസറിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

2010

July 24.

ആ ദിവസം മറക്കില്ല.

ഡല്‍ഹിയില്‍ ''മാധ്യമ'' ത്തിന്റെ റിപ്പോര്‍ട്ടറാണ് ഞാന്‍.

വൈകീട്ട് ദല്‍ഹി കേരള ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനം. തൊട്ടടുത്തുള്ള റാഫി മാര്‍ഗിലെ ഐ എന്‍ എസ് ബില്‍ഡിങ്ങില്‍ നിന്ന് നേരത്തെ തന്നെ അവിടെയെത്തി. വളരെ ഉന്മേഷഭരിതനായാണ് വി എസ് വന്നുകയറിയത്. ദല്‍ഹിയില്‍ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു.

തുടര്‍ന്ന് ചോദ്യങ്ങള്‍ക്കുള്ള സമയം. ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യദിനത്തിന് കേരളത്തില്‍ എന്‍. ഡി എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാര്‍ത്തയായിരുന്നു. അത് മുന്‍നിര്‍ത്തിയാണ് വി എസിനോട് ഞാന്‍ ചോദ്യം ചോദിച്ചത്. എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത പരാമര്‍ശിച്ചു കൊണ്ടു തന്നെയായിരുന്നു എന്റെ ചോദ്യം. എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് വി എസ് അന്ന് അതിന് മറുപടി നല്‍കിയതും. വളരെ വിശദമായി വി എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കണം വി എസ് വിശദ മറുപടി പറഞ്ഞത്. ഒരു പക്ഷെ, ആ മറുപടി സംഘ് പരിവാര്‍ മറ്റു വിധത്തില്‍ ദുരുപയോഗം ചെയ്‌തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു.

വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വി എസിനോട് വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷെ, ആ വാര്‍ത്താ സമ്മേളനത്തില്‍ എന്‍ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ല.

എം സി എ നാസര്‍


Full View


Tags:    

Similar News