വഖഫിന്റെ പേരില്‍ മുനമ്പത്തെ ക്രിസ്ത്യന്‍ വികാരം അതിശക്തമായിട്ടും ബിജെപി കച്ചി തൊടാതെ പോയത് എന്തുകൊണ്ട്? പിസി ജോര്‍ജിനെ പോലെയുള്ളവര്‍ വന്നിട്ടും ചലനമുണ്ടാക്കിയില്ല; ലോക്‌സഭയിലെ മിന്നും വിജയത്തിന്റെ ബലത്തില്‍ പിടിച്ചു നിന്ന സുരേന്ദ്രന്റെ തല ഇക്കുറി തെറിച്ചേക്കും; ശോഭ സുരേന്ദ്രനായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ മുറവിളി
പാലക്കാട്: തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് ക്രൈസ്തവ വോട്ടുകളാണ്. തൃശൂര്‍ പൂര വിവാദത്തിലേക്ക് പലരും സുരേഷ് ഗോപിയുടെ വിജയത്തെ കെട്ടുമ്പോഴും ക്രൈസ്തവ മേഖലകളില്‍ ബിജെപി കടന്നു കയറി. ഹാട്രിക് തികച്ച് മോദി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ക്രൈസ്തവര്‍ കൂടുതലായി ബിജെപിയോട് ചേരുമെന്ന് കരുതി. ഇതിനിടെ മുനമ്പത്തെ വഖഫ് വിഷയം ആളി കത്തി. മതമേലധ്യക്ഷന്മാര്‍ തന്നെ മുനമ്പത്തില്‍ വോട്ട് ബിജെപിക്ക് ചെയ്‌തേയ്ക്കാമെന്ന സൂചനകള്‍ നല്‍കി. പക്ഷേ ഇതൊന്നും ബിജെപിക്ക് അനുകൂലമായില്ല. പാലക്കാടിന് തൊട്ടടുത്ത് ചേലക്കരയില്‍ ബിജെപി വലിയ തോതില്‍ വോട്ടുയര്‍ത്തി. സ്ഥാനാര്‍ത്ഥിയുടെ മികവായിരുന്നു അതിന് കാരണം. പക്ഷേ പാലക്കാട് എല്ലാം വെറുതെയായി. ഇത് ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയാകും. വന്‍ പ്രതീക്ഷയുമായി ജയപോസ്റ്റിട്ട ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കടുത്ത നിരാശയിലാണ്. ദേശീയ നേതൃത്വത്തിന് സുരേന്ദ്രന്‍ മറുപടി നല്‍കേണ്ടി വരും. സുരേന്ദ്രനെ മാറ്റാനും ഇതോടെ സാധ്യത കൂടി. വയനാട്ടിലും ബിജെപിക്ക് വോട്ടു കുറഞ്ഞു. സംഘടനാ തലത്തിലെ പോരായ്മകള്‍ ഇവിടേയും നിര്‍ണ്ണായകമായി.
പാലക്കാട് മികച്ച സ്ഥാനാര്‍ത്ഥി വേണമെന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. ഇതിന് വേണ്ടി അവര്‍ മനസ്സില്‍ കണ്ടത് ശോഭാ സുരേന്ദ്രനെയായിരുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലും ഇത് തെളിഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും രംഗത്തു വന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിലെ പ്രധാനി കൃഷ്ണകുമാറിന് വേണ്ടി രംഗത്തു വന്നു. അണിയറയില്‍ പലകളികളും നടന്നു. അങ്ങനെ ശോഭാ സുരേന്ദ്രന്‍ പുറത്തായി. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി. ഇതാണ് പാലക്കാട് ബിജെപിയ്ക്ക് വലിയ തിരിച്ചടിയ്ക്ക് കാരണമായത്. മണ്ഡലത്തിലെ ജനവികാരം എങ്ങനെ എന്നു പോലും മനസ്സിലാക്കാന്‍ ബിജെപിക്കായില്ല. നഗരസഭയില്‍ പോലും ബിജെപി കോട്ടകളില്‍ വിള്ളലുണ്ടായി. എന്നിട്ടും വോട്ടെടുപ്പിന് ശേഷം അമിത ആത്മവിശ്വാസം ബിജെപി ക്യാമ്പുകള്‍ വച്ചു പുലര്‍ത്തി. സന്ദീപ് വാര്യരെ പറഞ്ഞു വിട്ടത് അടക്കം ബിജെപിയുടെ തോല്‍വിയില്‍ കാരണമായി മാറി. തൊട്ടതെല്ലാം പിഴയ്ക്കുകയും ചെയ്തു. വി മുരളീധരനെ പോലും പ്രചരണത്തില്‍ സജീവമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം അനുവദിച്ചില്ലെന്ന പരാതിയും സജീവമാണ്.
കെ സുരേന്ദ്രന്‍ നേരിട്ടാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. രഘുനാഥാണ് എല്ലാം നിയന്ത്രിച്ചത്. എന്നാല്‍ സാമുദായിക സമവാക്യം അടക്കം അനുകൂലമാക്കാന്‍ ഒന്നും ചെയ്തതുമില്ല. ക്രിസ്ത്യന്‍ വികാരം ഇത്തവണ പാലക്കാട് അനുകൂലമാകുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു. പിസി ജോര്‍ജിനെ അടക്കം മണ്ഡലത്തില്‍ സജീവമാക്കി. മുമ്പത്തേക്ക് ഓടിയെത്തി കൃഷ്ണകുമാറും പ്രചരണം നടത്തി. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിക്കൊപ്പമായില്ല. ക്രൈസ്തവ-മുസ്ലീം വോട്ടുകള്‍ എല്ലാം യുഡിഎഫ് പെട്ടിയിലേക്ക് വീണു. ഒരു തരത്തിലും വെല്ലുവിളി യുഡിഎഫിന് ഉണ്ടായില്ല. സിപിഎം മേഖലകളിലും ബിജെപി കേന്ദ്രങ്ങളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ചരിത്രം രചിച്ചു. ഇതിന് കാരണം ബിജെപിയിലെ തമ്മിലടിയായിരുന്നു. മികച്ച സ്ഥാനാര്‍ത്ഥിയെ പോലും അവര്‍ വേണ്ടെന്ന് വച്ചു. ഗ്രൂപ്പിസം എല്ലാം നിര്‍ണ്ണയിച്ചുവെന്നിടത്തായിരുന്നു ബിജെപിയുടെ പരാജയം. അതിരൂക്ഷ വിമര്‍ശനം ബിജെപി നേതൃത്വത്തിനെതിരെ സന്ദീപ് വാര്യര്‍ ഉയര്‍ത്തി കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്നാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി കോണ്‍ഗ്രസ് ഭരിക്കുമെന്നും സന്ദീപ് പറഞ്ഞു.
ബിജെപിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് സന്ദീപ് വാരിയര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. '' സന്ദീപ് വാരിയര്‍ ഒന്നുമല്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അവരുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി. പരാജയത്തിന്റെ ഉത്തരവാദിത്തം കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവയ്ക്കാതെ ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ല. സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥി ആയതുകൊണ്ടാണ് തിരിച്ചടിയുണ്ടായത്. ഏത് തിരഞ്ഞെടുപ്പു നടന്നാലും കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി. മാരാര്‍ജി ഭവനില്‍നിന്ന് സുരേന്ദ്രനെയും സംഘത്തെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് വിജയിക്കും ''സന്ദീപ് കൂട്ടിച്ചേര്‍ത്തു. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്.
ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. കോണ്‍ഗ്രസിലേക്കാണ് ബി ജെ പി വോട്ടുകള്‍ ചോര്‍ന്നത്. ഇതിനൊപ്പം തന്നെ കോണ്‍ഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാര്‍ഥിയായ പി സരിനെയും രാഹുല്‍ നിഷ്പ്രഭനാക്കി. പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി. പിന്നീട് രാഹുലിന് തിരിച്ചു നോക്കേണ്ടി വന്നില്ല. കൃഷ്ണകുമാറും കൂട്ടരും തളര്‍ന്നിരിപ്പായി. പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടുവെന്നതാണ് വസ്തുത. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഏഴായിരം വോട്ട് കുറഞ്ഞു. യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച ഇവിടെ ഇടത് സ്ഥാനാര്‍ത്ഥിയും വോട്ടുയര്‍ത്തി. എന്നാല്‍ ബിജെപിക്ക് വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്.
2021 ല്‍ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 34143 വോട്ട് നേടായിരുന്നു. 2024 ലോക്‌സഭയില്‍ 29355 വോട്ടും കിട്ടിയിരുന്നു. എന്നാല്‍ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു.