ബിജെപി സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്ന് ചോദിക്കാന്‍ ഇന്ന് യെച്ചൂരിയില്ല; ആര്‍ എസ് എസിനും മോദിയക്കും ഫാസിസമില്ല; കോണ്‍ഗ്രസ് സഖ്യം ഗുണകരവുമല്ല; 'ഇന്ത്യാ' മുന്നണിയോട് ബൈ ബൈ പറയുമോ? സിപിഎമ്മില്‍ 'കരാട്ടിസം' വളരുമ്പോള്‍

Update: 2025-03-02 04:57 GMT

തിരുവനന്തപുരം: ഫാസിസത്തിന്റെയും,നവ ഫാസിസത്തിന്റെയും വിശകലനത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നയം മാറ്റം വലിയ തരത്തില്‍ ചര്‍ച്ചയാണ്. ആര്‍ എസ് എസിനേയും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും ഒന്നും ഫാസിസ്റ്റായി സിപിഎം കാണുന്നില്ല. ഇതിന് പിന്നില്‍ കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന ചര്‍ച്ച സജീവമാണ്. ഇതിനിടെ മറ്റൊരു വിഷയവും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കും. പുതി. രാഷ്ട്രീയനയം തീരുമാനിക്കും മുന്‍പ്, കഴിഞ്ഞകാല തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അടവുനയത്തില്‍ കോട്ടവും നേട്ടവും പരിശോധിക്കാനാണ് സി.പി.എം ഒരുങ്ങുന്നത്. മധുര പാര്‍ട്ടികോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ച ചെയ്യുംമുന്‍പ്, ആദ്യം ഇക്കാര്യത്തില്‍ ചര്‍ച്ചയും പരിശോധനയും നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുമായി സഖ്യമാവാമെന്നതാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനയം.. ഇതില്‍ വീഴ്ചപറ്റിയോയെന്ന് പരിശോധിച്ച ശേഷം, പുതിയ രാഷ്ട്രീയനയം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് തീരുമാനം. ഇത്തരമൊരു പരിശോധന കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും മുന്‍പ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകാറില്ല. കേരളാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിലാണ് ഈ നീക്കം. കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. ഭരണം ഹാട്രിക്കിലേക്ക് കൊണ്ടു പോകാന്‍ ഏതറ്റം വരേയും സിപിഎം പോകും. അതിന്റെ സൂചനകള്‍ ഫാസിസത്തിലെ നയമാറ്റത്തില്‍ പ്രകടമാണ്. ഇതിനൊപ്പമാണ് ബി.ജെ.പി.ക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുമായി സഖ്യമാകാമെന്നതാണ് നിലവിലെ രാഷ്ട്രീയനയം പുനപരിശോധിക്കുന്നത്. സഖ്യം ഓരോ സംസ്ഥാനത്തെയും പ്രാദേശിക രാഷ്ട്രീയസ്ഥിതി അനുസരിച്ചാകും. കോണ്‍ഗ്രസുമായി സഖ്യംപാടില്ലെന്ന നിലപാടാണ് തുടക്കംമുതല്‍ കേരളഘടകത്തിന്റേത്. ദേശീയ തലത്തിലെ ഇന്ത്യാ സഖ്യത്തില്‍ നിന്നും സിപിഎം മാറണമെന്നതാണ് കേരള ഘടകത്തിന്റ നിലപാട്,.

ദേശീയതലത്തില്‍ സി.പി.എം. ഇന്ത്യാമുന്നണിയുടെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ സമിതികളില്‍ അംഗമല്ല. എന്നാല്‍ സഹകരണവും വേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തുമെന്നും സൂചനയുണ്ട്. സംസ്ഥാന ഘടകങ്ങള്‍ക്ക് മുന്നണി രൂപീകരണത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുന്ന തരത്തിലെ നയം മാറ്റമാണ് കേരള ഘടകം ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യംചേര്‍ന്നുള്ള അടവുനയം പിഴച്ചോയെന്നതില്‍ കൊല്ലത്തെ സംസ്ഥാനസമ്മേളനത്തില്‍ ചര്‍ച്ച നടത്തും. കോണ്‍ഗ്രസിനൊപ്പം ചേരാതെ, ഇടതുമതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ദേശീയതലത്തിലുണ്ടാക്കണമെന്ന ആവശ്യം കേരലം ഉയര്‍ത്തും. സംഘപരിവാര്‍ ശക്തികള്‍ നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റോ,നവ ഫാസിസ്റ്റോ ആയി മറിയിട്ടില്ലെന്നാണ് പി.ബിയുടെ വിശദീകരണവും കൊല്ലത്ത് സജീവ ചര്‍ച്ചയാകും.

സിപിഎമ്മിലെ പ്രകാശ് കാരാട്ട് പക്ഷം പിന്തുടരുന്ന കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്ന വിലയിരുത്തല്‍ സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയനും കാരാട്ടിനെയാണ് എന്നും വ്യക്തിപരമായി പിന്തുണച്ചിട്ടുള്ളത്.

മോദി സര്‍ക്കാരില്‍ ഫാസിസ്റ്റ് പ്രവണതകള്‍ കണ്ടു തുടങ്ങുമ്പോള്‍ ഇടതു മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതില്‍ കോണ്‍ഗ്രസിനെയും സഹകരിപ്പിക്കണമെന്ന യെച്ചൂരിയുടെ നിലപാടിനെ കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗസിലും കാരാട്ട് പക്ഷം എതിര്‍ത്തിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്നായിരുന്നു അന്ന് യച്ചൂരിയുടെ ചോദ്യം. യച്ചൂരിയുടെ മരണത്തോടെ കരാട്ട് പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കി. പാര്‍ട്ടി ദേശീയ കോ ഓര്‍ഡിനേറ്ററുമായി. ഇതിന്റെ പ്രതിഫലനമാണ് ഫാസിസം നയം മാറ്റത്തിലുളളത്. കേരളത്തില്‍ വിഎസ് അച്യുതാനന്ദനെ പോലൊരു നേതാവ് അസുഖ കാരണങ്ങളാല്‍ സജീവമല്ലാത്തതു കൊണ്ടു തന്നെ ഫാസിസം നയം മാറ്റത്തില്‍ വലിയ പ്രതിരോധങ്ങളും ഉണ്ടാകില്ലെന്നാണ് സൂചന.

മധുരയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഗണിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിലെ നവ ഫാസിസ്റ്റ് പ്രവണതകള്‍ എന്ന പ്രയോഗത്തിനാണെന്നാണ് പി.ബിയുടെ വിശദീകരണം.മോദി സര്‍ക്കാരിനെതള്ളിപ്പറയാതെമോദി സര്‍ക്കാരില്‍ രാഷ്ട്രീയാധികാരം ആര്‍.എസ്.എസിന്റെ കൈകളില്‍ ദൃഢപ്പെടുമ്പോള്‍ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്നുവെന്നേയുള്ളൂ. ഫാസിസമെന്ന് പറയണമെങ്കില്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കപ്പെടണം. തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഇല്ലാതാക്കി സ്വേഛാധിപത്യം നടപ്പാക്കണം. അതില്ലാത്ത സാഹചര്യത്തില്‍ ഫാസിസ്റ്റ് സര്‍ക്കാരായി മുദ്ര കുത്താനാവില്ലെന്നാണ് പി.ബിയുടെ വ്യാഖ്യാനം. ഈ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ് സഹകരണ വിഷയവും സിപിഎം പുനപരിശോധനയ്ക്ക് വിധേയമാക്കുന്നത്.

Tags:    

Similar News