'തരംഗ'ത്തിന് സാധ്യതയെന്ന് ആവര്‍ത്തിച്ചു യുഡിഎഫ് നേതാക്കള്‍; അതിരു കടന്ന അവകാശവാദങ്ങള്‍ക്ക് നില്‍ക്കാതെ എല്‍ഡിഎഫ് നേതാക്കള്‍; പ്രതീക്ഷ എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം സിറ്റിങ് സീറ്റുകള്‍ അധികം നഷ്ടമാവില്ലെന്ന്; ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് പൂര്‍ണമായും ഏകീകരിച്ചിട്ടില്ല; 85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലില്‍ സിപിഎം

'തരംഗ'ത്തിന് സാധ്യതയെന്ന് ആവര്‍ത്തിച്ചു യുഡിഎഫ് നേതാക്കള്‍

Update: 2026-04-11 01:37 GMT

തിരുവനന്തപുരം: പോളിംഗ് ബൂത്തുകള്‍ ശാന്തമായെങ്കിലും രാഷ്ട്രീയ കേരളം കണക്കൂകൂട്ടലുകളിലാണ്. കുതിച്ചുയര്‍ന്ന പോളിംഗ് ശതമാനം ആര്‍ക്കും തുണയാകുമെന്ന ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. തരംഗമെന്ന് യുഡിഎഫ് ആവര്‍ത്തിക്കുമ്പോഴും തളരാതെ കണക്കെടുപ്പിലാണ് എല്‍ഡിഎഫ് നേതാക്കള്‍. 85 സീറ്റുകള്‍ ഉറപ്പിച്ചു ഇടതുപക്ഷം ഭരണത്തുടര്‍ച്ച സ്വപ്നം കാണുമ്പോള്‍, അടിയൊഴുക്കുകള്‍ തങ്ങളെ തുണയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വലതു ക്യാമ്പ്.

തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും മൂന്നാഴ്ച ബാക്കി നില്‍ക്കെ, 'യുഡിഎഫ് തരംഗം' എന്ന വാക്ക് ബോധപൂര്‍വം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട യുഡിഎഫ്, ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന കണക്കുകൂട്ടലിലാണ്. എന്നാല്‍ രസകരമായ കാര്യം, ഇടതു നേതാക്കളുടെ പ്രതികരണങ്ങളാണ്. 'തരംഗം' എന്ന വാക്ക് നാക്കുപിഴയായി പോലും അവര്‍ ഉപയോഗിക്കുന്നില്ല. പകരം 'ഭരണത്തുടര്‍ച്ച' എന്ന വാക്കില്‍ തൂങ്ങാനാണ് സിപിഎം ശ്രമിക്കുന്നത്.

85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലില്‍ സിപിഎം. ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന വിലയിരുത്തലാണ് സിപിഎമ്മിനും മുന്നണിക്കുമുള്ളത്. വിജയസാധ്യത വിലിയിരുത്താന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാളും തിരുവനന്തപുരത്ത് ചേരും. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നും ഭരണതുടര്‍ച്ചയുണ്ടാവുമെന്നും ടി.പി.രാമകൃഷ്ണന്‍ അവകാശപ്പെട്ടു.

സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ടായിട്ടുണ്ടെന്നും പിണറായിയെ താഴയിറക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്തു എന്നുള്ള ചര്‍ച്ചകള്‍ക്കിടയിലും സിപിഎമ്മും ഇടതുമുന്നണിയും ആത്മവിശ്വാസത്തിലാണ്. എന്‍പതിനോട് അടുക്കുന്ന വോട്ടിങ് ശതമാനം ഇടതുമുന്നണിയെ പരുക്കേല്‍പ്പിക്കില്ലെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന പോളിങ് ശതമാനം വന്ന 2016ലും കുറവ് വന്ന 2021ലും ഭരണം നേടാനായിട്ടുണ്ടെന്നാണ് കാരണമായി നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. അടിസ്ഥാന വിഭാഗത്തിന്റെ വോട്ട് ഒപ്പം നിന്നിട്ടുണ്ട് , ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് പൂര്‍ണായും ഏകീകരിച്ചിട്ടില്ലെന്നും അനുകൂലഘടകമായി എല്‍ഡിഎഫ് വിലയിരുത്തുന്നു.

ബിജെപി വിരുദ്ധവോട്ടുകള്‍ എല്‍ഡിഎഫിന് പലമണ്ഡലങ്ങളിലും അനൂകൂലമായിട്ടുണ്ട്. ജനക്ഷേമ പദ്ധതികള്‍സ തുടരണം എന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും ഭരണ തുടര്‍ച്ചയുണ്ടാവുമെന്നും കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഗള്‍ഫ് വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് ആര്‍ക്ക് ഗുണമായി എന്ന് പറയാനാവില്ലെന്നും ടിപി രാമകൃഷ്ണന്‍

എം.എല്‍.എ മാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം സിറ്റിങ് സീറ്റുകള്‍ അധികം നഷ്ടമാവില്ലെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. കടുത്ത മല്‍സരം നേരിട്ട പേരാമ്പ്രയും നേമവും കഴക്കൂട്ടവും ഉള്‍പ്പടെ വിജയപ്രതീക്ഷവെയ്ക്കാനുള്ള കാരണവും ഇതുതന്നെ . എസ്ഡിപിഐ ബന്ധം പരസ്യമായി നിഷേധിക്കുമ്പോഴും അവരുടെ ബിജെപി വിരുദ്ധ പ്രവര്‍ത്തനം പല മണ്ഡലങ്ങളിലും സഹായകമാവും. ഇന്ന് ചേരുന്ന സിപിഐ നേതൃയോഗത്തിലും ഞായാറാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിലും പാര്‍ട്ടി നേതൃത്വം മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിലയിരുത്തും.

എസ്.ഐ.ആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനമുയര്‍ന്നതില്‍ സാങ്കേതികമായ വിശകലനങ്ങളുണ്ടെങ്കിലും ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ 2021നെ അപേക്ഷിച്ച് വര്‍ധനയുണ്ടായി എന്നത് വസ്തുതയാണ്. വോട്ട് രേഖപ്പെടുത്തിയവരുടെ പങ്കാളിത്തത്തെയാണ് വര്‍ധന സൂചിപ്പിക്കുന്നത്. ഈ പങ്കാളിത്തം രാഷ്ട്രീയ സുനാമിയാകുമോ എന്നാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്.

പോളിങ്ങിലെ വര്‍ധന അനുകൂല തരംഗമായി വിലയിരുത്തി അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനം ഏകപക്ഷീയ വിധിയെഴുത്തെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തുമെന്നാണ് ഇടത് പ്രതീക്ഷ. സിറ്റിങ് സീറ്റുകളില്‍ ചിലത് കൈവിട്ടാലും പുതിയവ കൂടി ചേര്‍ത്ത് 45ന് അടുത്ത് എത്താമെന്നാണ് സി.പി.എം പ്രതീക്ഷ. ശേഷിക്കുന്നവ ഘടകകക്ഷികള്‍ പിടിച്ചാല്‍ ചരിത്രപരമായ ഭരണത്തുടര്‍ച്ചയിലേക്ക് കാലൂന്നാമെന്നതാണ് ആത്മവിശ്വാസം.

20 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയര്‍ത്താനിറങ്ങിയ ബി.ജെ.പിയെ സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ 12.47 ലേക്ക് തലകുത്തി വീണതിന്റെ പരിക്ക് ഇക്കുറി തീര്‍ക്കണം. ഇതിനിടെ പ്രചാരണത്തിന്റെ ഒന്നാം ദിനം മുതല്‍ യു.ഡി.എഫ് ഉയര്‍ത്തിയ ഡീല്‍ ആരോപണങ്ങളുടെ നിജസ്ഥിതിക്കും വോട്ടെണ്ണല്‍ നിര്‍ണായകം. ചുരുക്കം ദിവസങ്ങളാണ് പ്രചാരണത്തിന് ലഭിച്ചതെങ്കിലും അത് പരാമാവധി പ്രയോജനപ്പെടുത്താനായി എന്നാണ് മുന്നണികളുടെ പൊതുവിലയിരുത്തല്‍.

വോട്ടുറപ്പിക്കാന്‍ 24 ദിവസത്തോളം നിലം തൊടാതെയുള്ള ഓട്ടം തീര്‍ന്നതിന്റെ ആശ്വാസത്തിലാണ് സ്ഥാനാര്‍ഥികള്‍. ജനവിധിയെ കുറിച്ചുള്ള ഭയവും നെഞ്ചിടിപ്പുമുണ്ടെങ്കിലും അതൊന്നും ബാധിച്ചില്ലെന്ന നിലക്കായിരുന്നു പലരും. കയ്യുയര്‍ത്തി ചിരിച്ച് നില്‍ക്കുന്ന 'നന്ദി' പോസ്റ്റര്‍ വ്യാഴാഴ്ച രാത്രി തന്നെ ഒട്ടുമിക്ക സ്ഥാനാര്‍ഥികളും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

കേരളം ആരു ഭരിക്കുമെന്നറിയാന്‍ ശേഷിക്കുന്നത് 22 ദിനങ്ങള്‍. ഇക്കാലയളവില്‍ കാര്യമായ അധികാരങ്ങളില്ലെങ്കിലും കാവല്‍ സര്‍ക്കാറായി ഇടതുപക്ഷം തുടരും. വോട്ടെണ്ണുന്ന മെയ് നാല് കഴിഞ്ഞ് മെയ് ആറിനേ മാതൃകാ പെരുമാറ്റച്ചട്ടം നീങ്ങൂ. അതുവരെ നിയന്ത്രങ്ങളുണ്ടാകും. വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ പരിമിതമായ ഇളവുകള്‍ ലഭിക്കും. എങ്കിലും സുപ്രധാന തീരുമാനങ്ങള്‍ക്കും ഫയല്‍ നീക്കങ്ങള്‍ക്കുമെല്ലാം കമീഷന്റെ അനുമതി വേണം. മേയ് 23 വരെയാണ് ഈ സര്‍ക്കാരിന്റെ കാലാവധി.

തെരഞ്ഞെടുപ്പ് കമീഷന്റെ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 78.27 ശതമാനമാനമാണ് സംസ്ഥാത്തെ പോളിങ്. ആകെ 2,71,42,952 വോട്ടര്‍മാരില്‍ 2,12,44,788 പേര്‍ വോട്ട് രേഖപ്പെടുത്തി. 140ല്‍ 113 മണ്ഡലങ്ങളിലും 2021നെ അപേക്ഷിച്ച് പോളിങ് വര്‍ധിച്ചു. സര്‍വിസ്, തപാല്‍ വോട്ടുകള്‍ കൂടി ചേര്‍ത്ത് അന്തിമ കണക്ക് വരുമ്പോള്‍ പോളിങ് വര്‍ധിച്ച മണ്ഡലങ്ങള്‍ ഇനിയും ഉയരും. 14ല്‍ 13 ജില്ലകളിലും മുന്‍തവണത്തെ അപേക്ഷിച്ച് പോളിങ് വര്‍ധിച്ചപ്പോള്‍ കണ്ണൂരില്‍ മാത്രമാണ് കുറഞ്ഞത്.സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ആകെ സ്ത്രീവോട്ടര്‍മാരില്‍ 81.19 ശതമാനവും ഇത്തവണ വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാരുടെ പോളിങ് 75.19 ശതമാനമാണ്.

Tags:    

Similar News