പി കെ ശ്രീമതിയെ പാര്‍ട്ടി വിലക്കിയിട്ടില്ല, വേണ്ട സമയത്ത് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; എം വി ഗോവിന്ദനെ തള്ളി എം എ ബേബി; അഖിലേന്ത്യാ സെക്രട്ടറി തിരുത്തുന്നത് കേന്ദ്രനേതൃത്വം സംസ്ഥാന കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന പിണറായിയുടെ കടുംപിടുത്തത്തെയോ? ബേബി 'വെറുമൊരു' സെക്രട്ടറി ആകാനില്ല; സിപിഎമ്മില്‍ വിലക്ക് വിവാദം ചൂട് പിടിക്കുന്നു

സിപിഎമ്മില്‍ വിലക്ക് വിവാദം ചൂട് പിടിക്കുന്നു

Update: 2025-04-27 14:46 GMT

കണ്ണൂര്‍: ഉന്നത വനിതാ നേതാവിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നും വിലക്കിയെന്ന വാര്‍ത്ത കേരള രാഷ്ട്രീയത്തിലും കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തിലും വിവാദമായി മാറുന്നു. കേരളത്തില്‍ നിന്നുള്ള എം എം ബേബി അഖിലേന്ത്യാ സെക്രട്ടറി ആയതോടെ കേന്ദ്ര ചുമതലയുള്ള നേതാക്കാളെ കേരളത്തില്‍ നിന്നും അകറ്റാന്‍ മുഖ്യമന്ത്രിയും സംസ്ഥാന സിപിഎം നേതൃത്വവും ശ്രമിക്കുന്നു എന്ന നിലയിലാണ് ശ്രീമതി ടീച്ചറുടെ സെക്രട്ടറിയേറ്റ് യോഗത്തിലെ വിലക്കിനെ കാണുന്നത്. കേന്ദ്രനേതൃത്വത്തിന്റെ ആശിര്‍വാദത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ പുതിയൊരു ചേരി രൂപം കൊള്ളാനുള്ള ശ്രമങ്ങളും മുളയിലെ നുള്ളുകയാണ് പിണറായി ചെയ്തത് എന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. ഇതിനൊപ്പം കണ്ണൂര്‍ സിപിഎമ്മിലെ ചേരിപ്പോരുകളും ചര്‍ച്ചകളാകുന്നുണ്ട്.

മുഖ്യമന്ത്രി വിലക്കിയെന്ന വാര്‍ത്ത പൂര്‍ണമായും തള്ളാതെയായിരുന്നു എം വി ഗോവിന്ദന്റെ നിലപാട്. മാത്രമല്ല, സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പി.കെ. ശ്രീമതിയെ പാര്‍ട്ടിയാണ് വിലക്കിയതെന്ന വിധത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഈ പ്രതികരണത്തെ തള്ളുകയാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി ചെയ്തത്. ശ്രീമതി വേണ്ട സമയത്ത് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് എം.എ. ബേബി പറഞ്ഞു. ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പി.കെ. ശ്രീമതി പങ്കെടുക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി.

ശ്രീമതിയെ വിലക്കിയത് മുഖ്യമന്ത്രിയല്ല, പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടരി എം.വി. ഗോവിന്ദന്റെ പ്രതികരണം. മുഖ്യമന്ത്രിയല്ല പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. പികെ ശ്രീമതി സി.പി.എം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. റിട്ടയര്‍ ചെയ്തു എന്ന് പറയാന്‍ പറ്റില്ല. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലേന്ത്യ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിന്റെ സംഘടന പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ്'- ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ വിലക്കിയെന്ന വാര്‍ത്ത പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ട് പി.കെ ശ്രീമതിയും രംഗത്തു വന്നിരുന്നു. ഇതോടെ വിവാദം സി.പി.എമ്മിന്റെ ഉള്‍പാര്‍ട്ടി ഭിന്നതയുടെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്. തനിക്കെതിരെയുള്ള വാര്‍ത്ത മാധ്യമങ്ങള്‍ മെനഞ്ഞെടുത്തതാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി ടീച്ചര്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ തുറന്നടിച്ചു. ഞായറാഴ്ച്ച വൈകിട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ഉദ്ഘാനത്തിന് എത്തിയപ്പോള്‍ ഈ കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.കെ ശ്രീമതി ടീച്ചര്‍' താന്‍ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല കേരളത്തിലുള്ളപ്പോള്‍ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും.

മറിയം ധവ്‌ള പി.ബി അംഗമായ തിനെ തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ചാണ് താന്‍ ഇനി പ്രവര്‍ത്തിക്കുക. പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഈ കാര്യം പറഞ്ഞിട്ടുണ്ട്. കേരളത്തിലുണ്ടെങ്കില്‍ അപ്പോള്‍ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കും. അതില്‍ യാതൊരു വിലക്കുമില്ല ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ് 'വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഹിളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയുടെ നിര്‍ദ്ദേശം. താന്‍ 19 ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

തന്നോട് ഈ വിഷയത്തില്‍ കേരളത്തിന്റെ സമാദരണീയനായ മുഖ്യമന്ത്രിയോ മറ്റുള്ളവരോ ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കേണ്ടത്. തന്റെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ 25ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും എറണാകുളത്തായതിനാല്‍ ഈ കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ക്ഷണിതാവായി പങ്കെടുത്ത പികെ ശ്രീമതി ടീച്ചറെ മുഖ്യമന്ത്രി വിലക്കിയെന്നായിരുന്നു വാര്‍ത്തകള്‍ ' ഇതു വിവാദമായതിനെ തുടര്‍ന്ന് അടിസ്ഥാനരഹിതമാണെന്ന് പി.കെ ശ്രീമതി മണിക്കുറുകള്‍ ക്കുള്ളില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഈകാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നത്.

പി.കെ ശ്രീമതിയെ ഒഴിവാക്കിയത് സാങ്കേതിക നടപടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. സെന്‍ട്രല്‍ കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമില്ല. എകെ ബാലന്‍ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗത്തിന് പങ്കെടുക്കാമെന്ന കീഴ് വഴക്കം മറികടക്കുകയാണ് സി.പി.എം നേതൃത്വമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പി.കെ ശ്രീമതിയുടെ പ്രവര്‍ത്തനം ഇനി ദേശീയ തലത്തില്‍ മാത്രം ഒതുങ്ങാനാണ് സാദ്ധ്യത. മുഖ്യമന്ത്രി വിലക്കിയതിനെ ന്യായീകരിച്ച് സംസ്ഥാന നേതൃത്വം രംഗത്തുവന്നതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇത് പിണറായിയുടെ താല്‍പ്പര്യപ്രകാരമാണെന്നും സൂചനകളുണ്ട്. ഭരണകാര്യത്തില്‍ അടക്കം കേന്ദ്ര ഇടപെടല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. ഇതാണ് വിലക്കിന് പിന്നിലുള്ളതെന്നും സൂചനകലുണ്ട്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാന സമ്മേളനത്തിലും പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കിയ നേതാക്കളോട് മൃദുസമീപനം സ്വീകരിക്കാതെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് വഴങ്ങുന്നതില്‍ അണികള്‍ക്കും നേതാക്കള്‍ക്കുമിടെയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പി.കെ ശ്രീമതി കേന്ദ്ര കമ്മിറ്റിയെന്ന നിലയില്‍ പങ്കെടുക്കണോ വേണ്ട യോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയോയാണെന്നിരിക്കെ കമ്മിറ്റി യോഗത്തില്‍ വെച്ചു പി.ബി അംഗം മാത്രമായ പിണറായി വിജയന്‍ നിങ്ങള്‍ ഇവിടെ ഇരിക്കേണ്ടതില്ലെന്നു പറഞ്ഞതു ശരിയായില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നത്.

കഴിഞ്ഞ 25 ന് നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അരനൂറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള പി.കെ ശ്രീമതിക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന സെക്രട്ടറിയുമാണെങ്കിലും ഇതിനെ മറികടന്നുകൊണ്ടു പി.ബി അംഗം മാത്രമായ മുഖ്യമന്ത്രി പിണറായി വിജയന്‍സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പി.കെ ശ്രീമതിയെ വിലക്കിയതാണ് വിവാദമായത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നും പി.കെ ശ്രീമതിയെ ഒഴിവാക്കിയത് സാങ്കേതിക നടപടി മാത്രമെന്ന വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം രംഗത്തുവന്നത് കഴിഞ്ഞ 19 ന് നടന്ന പ്രഥമ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നും പി.കെ ശ്രീമതിയെ മുഖ്യമന്ത്രി വിലക്കിയതായി ഒരു പ്രമുഖ ദൃശ്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നത്.

പി കെ ശ്രീമതിയെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. സെന്‍ട്രല്‍ കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമില്ല. ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗത്തിന് പങ്കെടുക്കാമെന്ന കീഴ് വഴക്കം മറികടക്കുകയാണ് സി.പി.എം നേതൃത്വം. നേരത്തെ താന്‍ എ.കെ.ജി സെന്ററില്‍ നിന്നും കുടിയിറക്കല്‍ വക്കിലാണെന്ന് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലന്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News