ശശീന്ദ്രന്‍ ഇനി മത്സരിക്കില്ലെന്ന് അറിയാവുന്ന സിപിഎമ്മിന് എലത്തൂര്‍ സീറ്റ് സ്വന്തമാക്കണം; ഈ ടേം മുഴുവന്‍ വിശ്വസ്തനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് കോഴിക്കോട്ടെ ആ സീറ്റ് പിടിച്ചെടുക്കാന്‍; കുട്ടനാട്ടിലും ചില മോഹങ്ങള്‍; എന്‍സിപിക്ക് 'ഇടതുപക്ഷം' ഉപേക്ഷിക്കേണ്ടി വരും; പിണറായിയുടെ മനസ്സില്‍ എന്ത്? ചാക്കോയുടെ മോഹം നടക്കില്ല
തിരുവനന്തപുരം: തോമസ് കെ. തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിര്‍ണായക നീക്കത്തിലേക്ക് എന്‍സിപി. ഇടത് മന്ത്രിസഭയില്‍ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിന്‍വലിക്കാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എല്‍ഡിഎഫിനെ അറിയിച്ചേക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ മാത്രമേ ശശീന്ദ്രന്‍ രാജിവയ്ക്കൂ. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ ഇക്കാര്യത്തില്‍ ശശീന്ദ്രന്‍ അനുസരിക്കില്ല. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞാലും ശശീന്ദ്രന്‍ കേള്‍ക്കില്ല. അതിന്റെ ആവശ്യമില്ലെന്നും കൂറുമാറ്റത്തില്‍ കുടുക്കാന്‍ കഴിേയില്ലെന്നും ശശീന്ദ്രന്‍ വിലയിരുത്തുന്നു. സിപിഎം നേതൃത്വത്തിന്റെ പിന്തുണയും ശശീന്ദ്രനുണ്ട്. ഇതോടെ എന്‍സിപിയില്‍ പിളര്‍പ്പ് അനിവാര്യമായി. എലത്തൂരില്‍ നിന്നുള്ള എംഎല്‍എയാണ് ശശീന്ദ്രന്‍. ഉറച്ച ഇടതു കോട്ടയാണ് അത്. അതുകൊണ്ട് തന്നെ ശശീന്ദ്രനില്‍ നിന്നും തന്ത്രത്തില്‍ ആ സീറ്റ് സ്വന്തമാക്കുകയാണ് സിപിഎം ലക്ഷ്യം.
എന്‍സിപിയില്‍ ശശീന്ദ്രന്‍ വിഭാഗവും ശക്തമാണ്. മന്ത്രി വേണ്ടെന്ന നിലപാടിനെതിരെ ശക്തമായ എതിര്‍പ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു മന്ത്രി നിര്‍ബന്ധമാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ശശീന്ദ്രന്‍ മാറി തോമസ് കെ. തോമസ് മന്ത്രിയാകണമെന്നാണ് പി.സി.ചാക്കോ പക്ഷത്തിന്റെ നിലപാട്. എന്നാല്‍ കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം ലഭിച്ചേക്കില്ലെന്ന സൂചന പുറത്തു വന്നതോടെയാണ് എന്‍സിപി നിലപാട് കടുപ്പിക്കുന്നത്. എലത്തൂരില്‍ നിന്നും ഇനി മത്സരിക്കില്ലെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉറച്ച ഇടതു സഹയാത്രികനെന്ന നിലയിലാണ് സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള എലത്തൂരില്‍ ശശീന്ദ്രനെ മത്സരിക്കാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നത്. ഇവിടെ എന്‍സിപിയ്ക്ക് വലിയ സംഘടനാ അടിത്തറയില്ല. അണികളുമില്ല. അതുകൊണ്ട് തന്നെ ശശീന്ദ്രന്‍ ഒഴിഞ്ഞാല്‍ സീറ്റ് സിപിഎം ഏറ്റെടുക്കും. അതിന് വേണ്ടി കൂടിയാണ് ശശീന്ദ്രനെ മുഖ്യമന്ത്രി അനുകൂലിക്കുന്നത്. തോമസ് കെ തോമസ് വിഷയത്തില്‍ എന്‍സിപി മുന്നണി വിട്ടുപോയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് സിപിഎം. കുട്ടനാട് സീറ്റിലും സിപിഎമ്മിന് താല്‍പ്പര്യമുണ്ട്. കേരളാ കോണ്‍ഗ്രസ് ബാനറില്‍ സിപിഎം അനുകൂലിയെ നിര്‍ത്തുകയാണ് ലക്ഷ്യം.
ഈ മാസം 19നു ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് ശശീന്ദ്രനെ മാറ്റാനുള്ള വികാരം ഉയര്‍ന്നത്. പാര്‍ട്ടി പറഞ്ഞാല്‍ രാജിക്കു തയാറാണെന്ന് ശശീന്ദ്രന്‍ അറിയിച്ചുവെങ്കിലും ഇത് തന്ത്രപരമായ സമീപനമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ആ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കാത്തതിലെ പ്രതിഷേധമാണ് ഉണ്ടായത്. കോഴ വിവാദം പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നു നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം കടുത്ത നിലപാട് സ്വീകരിക്കും. പകരം മന്ത്രിയെ അനുവദിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ രാജിവയ്ക്കുമെന്നു തന്നെയാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോഴ വിവാദത്തില്‍ എന്‍സിപി എടുക്കുന്ന നിലപാട് വീക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. അധിക കാലം എന്‍സിപിയെ ഇടതു മുന്നണിയുമായി സിപിഎം സഹകരിപ്പിക്കില്ല. കോഴിക്കോട് ജില്ലയിലാണ് എലത്തൂര്‍ നിയമസഭാ മണ്ഡലം. വലിയ സംഘടനാ കരുത്ത് എലത്തൂരിലും സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം നീക്കം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ എകെ ശശീന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ എന്‍സിപിയില്‍ രണ്ടഭിപ്രായം ഉണ്ടായിരുന്നു. ഇനി താന്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ശശീന്ദ്രന്‍ അങ്കത്തിന് ഇറങ്ങിയത്. ഇത് മനസ്സിലാക്കി അടുത്ത തവണ എലത്തൂരില്‍ മത്സരിച്ച് ജയിക്കണമെന്ന ആഗ്രഹം പിസി ചാക്കോയ്ക്കുണ്ട്. ശരത് പവാറിന്റെ അടുത്ത അനുയായി ആയതു കൊണ്ട് എന്‍സിപിയിലെ തീരുമാനം അനുകൂലമാക്കാനും കഴിയും. എന്നാല്‍ ശശീന്ദ്രന്‍ മതിയാക്കുമ്പോള്‍ ആ സീറ്റ് തിരിച്ചെടുക്കാനുള്ള സിപിഎം തീരുമാനം പിസി ചാക്കോയ്ക്ക് വലിയ വെല്ലുവിളിയായി മാറും. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റില്‍ എല്‍ഡിഎഫിനായി പിസി ചാക്കോയ്ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് സിപിഎം ഈ ഘട്ടത്തില്‍ നല്‍കുന്നത്. അതിന് വേണ്ടി കൂടിയാണ് എന്‍സിപി മന്ത്രി പദം വിവാദത്തിലാക്കുന്നത്. ശശീന്ദ്രനും ഈ നീക്കത്തില്‍ സിപിഎമ്മിനൊപ്പമാണെന്നത് എന്‍സിപിയുടെ നിലവിലെ ഔദ്യോഗിക പക്ഷത്തിനും തിരിച്ചടിയാണ്.
ബിജെപി സഖ്യത്തിലേക്ക് എംഎല്‍എമാരെ കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതി നേരിടുന്ന തോമസ് കെ.തോമസിനോടു വിട്ടുവീഴ്ച പറ്റില്ലെന്നു സിപിഎം നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, ഉപതിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ ഒരു ഘടക കക്ഷിയുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ കഴിയില്ല. എന്‍സിപി എടുക്കുന്ന തീരുമാനം സ്വീകാര്യമല്ലെങ്കിലേ ഇടപെടേണ്ടതുള്ളൂ എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ സമീപനം. തനിക്കെതിരെ പരാതി ഇല്ലെന്നും വാര്‍ത്ത വ്യാജമാണെന്നുമാണ് തോമസ് കെ.തോമസിന്റെ പരസ്യ നിലപാട്. എന്നാല്‍, പരാതിയെക്കുറിച്ച് എന്‍സിപി നേതൃത്വത്തിന് പൂര്‍ണ ബോധ്യമുണ്ട്. മുഖ്യമന്ത്രി തന്നെ അത് അവരെ നേരിട്ടറിയിച്ചതും പാര്‍ട്ടി തലത്തില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തതുമാണ്. അതുകൊണ്ട് പരാതി ഇല്ലെന്നു പരസ്യമായി പറയാന്‍ എന്‍സിപിക്ക് കഴിയില്ല.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ പി.സി. ചാക്കോ കൈക്കൊണ്ട തീരുമാനം പാര്‍ട്ടിക്കകത്ത് ഭിന്നത സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി നേതൃസമിതികളിലെ ഭൂരിപക്ഷവും മാറ്റത്തെ അനുകൂലിച്ചതോടെ തോമസിനു കടന്നുവരാനുള്ള കളമൊരുങ്ങി. കേന്ദ്രനേതൃത്വം കൂടി പച്ചക്കൊടി കാട്ടിയതോടെ വഴി തെളിഞ്ഞെന്നു കരുതിയപ്പോഴാണ് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചത്. ഇതോടെ എന്‍സിപിയിലെ സമവാക്യവും മാറി മറിയുകയാണ്. ശശീന്ദ്രന്‍ പാര്‍ട്ടിയിലും പിടിമുറുക്കുകയാണ്.