എല്‍ഡിഎഫ് പുറന്തള്ളിയതോടെ വഴിയാധാരം ആകാതിരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂര്‍ സീറ്റ് കൈമോശം വരാതിരിക്കാന്‍ കോണ്‍ഗ്രസില്‍ കുളംകലക്കി; സതീശന്റെ കണിശതയില്‍ അന്‍വറിന്റെ നീക്കങ്ങള്‍ അമ്പാടെ പൊളിഞ്ഞു; യുഡിഎഫില്‍ കയറാന്‍ ലീഗ് നേതാക്കളുമായി കെഞ്ചി അന്‍വര്‍; തിരുവമ്പാടി സീറ്റെങ്കിലും കിട്ടാന്‍ നെട്ടോട്ടത്തില്‍

എല്‍ഡിഎഫ് പുറന്തള്ളിയതോടെ വഴിയാധാരം ആകാതിരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

Update: 2025-05-27 02:46 GMT

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചതോടെ പി.വി. അന്‍വര്‍ നിലയില്ലാ കയത്തിലേക്ക്. യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തി മുന്നണിയില്‍ കയറിക്കൂടാന്‍ നടന്ന അന്‍വര്‍ ആകെ പെട്ട് ലീഗ് നേതാക്കള്‍ക്ക് മുന്നില്‍ കെഞ്ചി നടക്കുന്ന അവസ്ഥയിലാണിപ്പോള്‍. തന്റെ എതിര്‍പ്പിനെ അവഗണിച്ച് ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച യുഡിഎഫിന് മുന്നില്‍, പിന്തുണക്കണമെങ്കില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന ഉപാധി വെച്ചിരിക്കുകയാണ് അന്‍വര്‍. എന്നാല്‍, അത്തരം ഉപാധികളുമായുള്ള വിലപേശവുമായി ഇങ്ങോട്ടു വരേണ്ടെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ കാര്‍ക്കശ്യത്തിന് മുന്നിലാണ് അന്‍വറിന്റെ തന്ത്രങ്ങള്‍ അപ്പാടെ ചീറ്റിപ്പോയത്.

ഇപ്പോഴത്തെ അവസ്ഥയിലും യുഡിഎഫിന്റെ പടിക്ക് പുറത്താണ് അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല താനും. ഈ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ കൈവിട്ടതോടെ എങ്ങനെയെങ്കിലും യുഡിഎഫില്‍ ഒരു സീറ്റ് തരപ്പെടുത്താനുള്ള തത്രപ്പാടിലാണ് അന്‍വര്‍. തിരുവമ്പാടി സീറ്റിലാണ് അന്‍വര്‍ കണ്ണെറിഞ്ഞിരിക്കുന്നത്. ലീഗാണ് ഈ സീറ്റില്‍ പൊതുവേ മത്സരിക്കാറുള്ളത്. അതുകൊണ്ട് തന്നെ അന്‍വറിന്റെ മോഹം നടക്കണമെങ്കില്‍ ലീഗ് വിചാരിക്കണം.

മത്സരിക്കാന്‍ ജയ സാധ്യത ഉള്ള സീറ്റ് വേണമെന്നും ഇക്കാര്യം കോണ്‍ഗ്രസുമായി സംസാരിക്കണമെന്നും തന്നെ വന്ന് കണ്ട മുസ്ലീം ലീഗ് നേതാക്കളോട് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. പരിഗണിക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നല്‍കിയതായാണ് സൂചന. അന്‍വര്‍ ഇന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തും. യുഡിഎഫ് പ്രവേശനവും സീറ്റ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. അന്‍വറിനെ കൂടെ നിര്‍ത്താനാണ് നിലവില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് താല്പര്യം. എന്നാല്‍, മുന്നണിയില്‍ ചേര്‍ക്കണമെന്ന കാര്യത്തില്‍ ലീഗിനും രണ്ട് മനസ്സാണ്.

എന്നാല്‍ ആര്യാടന്‍ ഷൌക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷവും സ്ഥാനാത്ഥിക്ക് തിരിച്ചടിയാകുന്ന രീതിയില്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയ അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പുണ്ട്. അന്‍വര്‍ വിലപേശലുമായി കോണ്‍ഗ്രസിലേക്ക് വരേണ്ട കാര്യമില്ലെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്ത് അന്‍വറിനെ പിണക്കേണ്ട എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുമ്പോഴും അതിന് അന്‍വര്‍ മിതത്വം പാലിക്കണമെന്നാണ് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആര്യാടന്‍ ഷൗക്കത്തിനെ തള്ളിയും വി.എസ്. ജോയിയെ പിന്തുണച്ചുമാണ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. സമുന്നത നേതാവിനെ ഉയര്‍ത്തിക്കാട്ടാനില്ല എന്നതാണ് എല്‍.ഡി.എഫിന്റെ 'പ്രതിസന്ധി'യെങ്കില്‍ വി.എസ്. ജോയിയും ആര്യാടന്‍ ഷൗക്കത്തും ഒരുപോലെ സ്ഥാനാര്‍ഥിയാവാന്‍ രംഗത്തുള്ളതായിരുന്നു യു.ഡി.എഫിന്റെ വെല്ലുവിളി. യു.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തില്‍ ഉറപ്പുലഭിക്കാത്തതിനാല്‍ ഉടക്കിട്ട് അന്‍വര്‍ സൃഷ്ടിച്ച സമ്മര്‍ദം വേറെയും. ഇവയെല്ലാം തരണം ചെയ്താണ് കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

കീറാമുട്ടിയായ പ്രശ്‌നം ദ്രുതഗതിയില്‍ തീര്‍പ്പാക്കി സ്ഥാനാര്‍ഥിയെ ആദ്യം പടക്കളത്തിലിറക്കാനായത് നേട്ടമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. ആര്യാടന്‍ ഷൗക്കത്താണെങ്കില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയ അന്‍വറിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ധാരണയായി. അന്‍വറിനുമുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍.ഡി.എഫ് ചര്‍ച്ചയാക്കുമെന്ന് നേതാക്കള്‍ വിലയിരുത്തി. ഇതോടെ, നേതൃത്വം വി.എസ്. ജോയിയുമായി സംസാരിച്ച് ഷൗക്കത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തി. അന്‍വറിന് യു.ഡി.എഫ് പ്രവേശനത്തില്‍ ഉറപ്പുനല്‍കിയെങ്കിലും മുഴുവന്‍ ഘടകകക്ഷികളുമായി ആലോചിച്ചേ തീരുമാനമുണ്ടാകൂവെന്ന് അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എം.എല്‍.എ സ്ഥാനം രാജിവെച്ച അന്‍വറിനും രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന അങ്കമാണിത്. അതുകൂടി മുന്നില്‍ കണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി അന്‍വര്‍ പരസ്യമാക്കിയത്. കോണ്‍ഗ്രസില്‍ അടക്കം കുളംകലക്കാന്‍ അന്‍വര്‍ നടത്തിയ ശ്രമങ്ങള്‍ കടുത്ത എതിര്‍പ്പിന് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഫലത്തില്‍ യുഡിഎഫ് പ്രവേശനത്തിന് വേണ്ടി നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വര്‍ കയ്യാലപ്പുറത്തായ അവസ്ഥയിലാണ്. നാവ് തന്നെയാണ് അന്‍വറിന് വില്ലനായി മാറുന്നതും.

Tags:    

Similar News