സിപിഎം സംസ്ഥാന സമിതിയില്‍ മാത്രമൊതുങ്ങിയ ഏക ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായി വിജയകുമാര്‍; ചെന്താരകത്തിന് വിനയായത് ചോദ്യം ചോദിക്കുമെന്ന കുറവ്; റിയാസിന്റെ സീനിയറായ എംബി രാജേഷിനെ ജൂനിയറാക്കി; കൊല്ലത്തും പ്രായപരിധി പിന്നിട്ട നേതാവ് തന്നെ താരം; 2026ല്‍ ആരെ വേണമെങ്കിലും പിണറായിയ്ക്ക് ഇനി മുഖ്യമന്ത്രിയാക്കാം

Update: 2025-03-10 02:11 GMT

തിരുവനന്തപുരം: ഇപി ജയരാജന്‍, എം വിജയകുമാര്‍, എംഎ ബേബി, എന്‍എന്‍ കൃഷ്ണദാസ്, കെ എന്‍ ബാലഗോപാല്‍, പി ശ്രീരാമകൃഷ്ണന്‍, എംബി രാജേഷ്, മുഹമ്മദ് റിയാസ്, എഎ റഹിം-ഇതാണ് ഡിവൈഎഫ് ഐയുടെ ദേശീയ പ്രസിഡന്റായവരുടെ പട്ടിക. എല്ലാവരും മലയാളികള്‍. ഈ പട്ടികയിലെ എംഎ ബേബി പോളിറ്റ് ബ്യൂറോ അംഗമായി. ആദ്യ പ്രസിഡന്റ് ഇപി ജയരാജന്‍ സിപിഎം കേന്ദ്ര കമ്മറ്റിയിലുണ്ട്. കെ എന്‍ ബാലഗോപാല്‍ മന്ത്രിയാണ് സിപിഎം സെക്രട്ടറിയേറ്റിലുമുണ്ട്. പി ശ്രീരാമകൃഷ്ണന്‍ പലവിധ വിവാദങ്ങളില്‍ കുടുങ്ങിയ പേരു ദോഷത്തിനുടമ. ഇപ്പോള്‍ സുഖമില്ലായ്മ കാരണം ഒഴിവായി. എന്‍എന്‍ കൃഷ്ദാസിനും ചില അച്ചടക്ക പ്രശ്‌നങ്ങളുണ്ടായി. എംബി രാജേഷിന് ഇനിയും സിപിഎം സെക്രട്ടറിയേറ്റില്‍ എത്താനായില്ല. പക്ഷേ അവസരമുണ്ട്. എന്നാല്‍ രാജേഷിന് ശേഷം ഡിവൈഎഫ്‌ഐയെ നയിക്കാനെത്തിയ മുഹമ്മദ് റിയാസ് പാര്‍ട്ടി സെക്രട്ടറിയേറ്റിലെത്തി. നിലവിലെ പ്രസിഡന്റ് എഎ റഹിമും സംസ്ഥാന കമ്മറ്റിയിലുണ്ട്. ഈ ഡിവൈഎഫ്‌ഐയുടെ പട്ടികയില്‍ സംസ്ഥാന സമിതിയ്ക്ക് മുകളില്‍ ഉയരാതെ വിരമിക്കേണ്ടി വരുന്ന ഒരു നേതാവുണ്ട്. അതാണ് എം വിജയകുമാര്‍. അടുത്ത സമ്മേളന കാലത്ത് വിജയകുമാറിന് 75 വയസ്സ് പിന്നിടും

സിപിഎം സംസ്ഥാന സമിതിയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് വിജയകുമാര്‍. സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും സ്പീക്കറുമെല്ലാമായിരുന്ന വിജയകുമാറിനെ സംസ്ഥാന സമിതിയില്‍ നിന്നും പ്രെമോഷന്‍ നല്‍കാന്‍ പിണറായി തയ്യാറായില്ല. കേ്ര്രന്ദ കണ്‍ട്രോള്‍ കമ്മീഷനില്‍ വിജയകുമാര്‍ അംഗമാണ്. പക്ഷേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തേണ്ട വിജയകുമാറിനെ ഈ സമ്മേളനം പൂര്‍ണ്ണമായും തഴഞ്ഞു. വിഎസ് അച്യുതാനന്ദനൊപ്പം ഉറച്ചു നിന്നതിന്റെ പ്രതികാരമായി പലരും ഇതിനെ കാണുന്നുണ്ട്. എകെ ബാലന്‍ പ്രായ പരിധിയില്‍ വിരമിക്കുമ്പോള്‍ പാലക്കാട് നിന്നും എംബി രാജേഷ് സ്വാഭാവികമായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് കരുതിയവരുണ്ട്. പക്ഷേ എംബി രാജേഷിന്റെ ഡിവൈഎഫ്‌ഐയിലെ ജൂനയറായ മുഹമ്മദ് റിയാസിനെ എറണാകുളത്ത് തന്നെ സെക്രട്ടറിയേറ്റില്‍ എത്തിച്ചവര്‍ രാജേഷിനെ കൊല്ലത്തും കണ്ടില്ലെന്ന് നടിച്ചു. തിരുവനന്തപുരത്ത് നിന്നുളള ആനാവൂര്‍ നാഗപ്പന്‍ പ്രായ പരിധിയില്‍ പുറത്തു പോകുമ്പോള്‍ വിജയകുമാറിനെ പരിഗണിച്ചില്ല. ഇതിനൊപ്പം പാലക്കാട്ടെ ബാലന്‍ പോകുമ്പോള്‍ എംബി രാജേഷിനും സ്ഥാനമില്ല. പകരം സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലുമെല്ലാം ഇഷ്ടക്കാരെ നിയോഗിക്കുകയാണ് പിണറായി. ഇതിന് കാരണം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള 'ക്യാപ്ടന്‍' മാറ്റ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലുമെല്ലാം പിണറായി ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. അങ്ങനെ എങ്കില്‍ തന്റെ രാഷ്ട്രീയ എതിരാളിയെ നിശ്ചയിക്കാനുള്ള ഭൂരിപക്ഷം സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും എല്ലാം ഉറപ്പിക്കുകയാണ് പിണറായി. ഒരു വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ പോയാലും ഇനി പിണറായി വിചാരിക്കുന്നിടത്തേ കാര്യങ്ങള്‍ നില്‍ക്കൂ. റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടത്തിയാല്‍ വിജയകുമാറും രാജേഷും പിന്തുണയ്ക്കുമെന്ന് ഒരുറപ്പുമില്ല. ഈ സാഹചര്യത്തിലാണ് എംവി ജയരാജനും സി എന്‍ മോഹനനും സെക്രട്ടറിയേറ്റിലേക്ക് എത്തുന്നത്. മന്ത്രിസഭയില്‍നിന്ന് കഴിഞ്ഞ തവണ പുതുതായി 3 പേര്‍ സെക്രട്ടേറിയറ്റില്‍ എത്തിയതിനു തുടര്‍ച്ചയായി എം.ബി.രാജേഷ് ഇത്തവണ വരുമെന്നു കരുതിയെങ്കിലും അതും നടപ്പായില്ല. ഇത്തവണ ജില്ലാ സെക്രട്ടറിമാരായ സി.എന്‍.മോഹനനും (എറണാകുളം) എം.വി.ജയരാജനും (കണ്ണൂര്‍) ആണ് നറുക്കു വീണത്. സീനിയറായ ജില്ലാ സെക്രട്ടറിമാര്‍ എന്നതു മാത്രമല്ല ഇവരുടെ യോഗ്യത. വിഎസ്-പിണറായി പോര് പാര്‍ട്ടിയുടെ മറ്റു സംഘടനകളിലേക്കു പടര്‍ന്ന വേളയില്‍ പിണറായി പക്ഷത്തിനു വേണ്ടി ഡിവൈഎഫ്‌ഐയെ കാത്ത പഴയ ഭാരവാഹികളായിരുന്നു സി.എന്‍.മോഹനനും (പ്രസിഡന്റ്) എം.വി.ജയരാജനും (സെക്രട്ടറി).

പുതുതായി 3 പേര്‍ സെക്രട്ടേറിയറ്റില്‍ എത്തിയപ്പോള്‍ അതില്‍ രണ്ടു പേരും കണ്ണൂരുകാരായി. പി.കെ.ശ്രീമതിക്കു പകരം സീനിയറായ കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ.കെ.ശൈലജയുടെ വരവ് പ്രതീക്ഷിച്ചതാണ്. വനിതാ പ്രാതിനിധ്യം അപ്പോഴും ഒന്നില്‍ ഒതുങ്ങി. മുന്‍ ജില്ലാ സെക്രട്ടറിമാരായ പി.ജയരാജനും പി.ശശിയും രംഗത്തുള്ളപ്പോഴാണ് നിലവിലെ സെക്രട്ടറിയുടെ ഈ കുതിച്ചു കയറ്റം. ഇതോടെ 72 പിന്നിടുന്ന പി.ജയരാജന്റെ സെക്രട്ടേറിയറ്റിലേക്കുള്ള വഴിയടഞ്ഞു. കഴിഞ്ഞ തവണ സംസ്ഥാന സമ്മേളനം നടക്കുന്ന സമയത്ത് സ്പീക്കറായിരുന്നതു മൂലമാണ് എം.ബി.രാജേഷിനെ പരിഗണിക്കാതെ ജൂനിയറായ മുഹമ്മദ് റിയാസിനെയും എം.സ്വരാജിനെയും പി.കെ.ബിജുവിനെയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം സ്പീക്കര്‍ പദവിയില്‍നിന്നു മാറി തദ്ദേശഎക്‌സൈസ് മന്ത്രിയാകുകയും പാലക്കാട് ജില്ലയില്‍ നിന്നുള്ള എ.കെ.ബാലന്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാകുകയും ചെയ്തിട്ടും രാജേഷ് പരിഗണിക്കപ്പെട്ടില്ല. തിരുവനന്തപുരത്ത് നിന്നും എം വിജയകുമാറിനൊപ്പം കടകംപളളി സുരേന്ദ്രനും സെക്രട്ടറിയേറ്റ് പദവി പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ തവണയും സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെട്ട ശേഷം തഴയപ്പെട്ട മുന്‍ മന്ത്രി കടകംപള്ളിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ ചിലരുമായുണ്ടായ അസ്വാരസ്യങ്ങള്‍ വിനയായെന്നു കരുതുന്നവരുണ്ട്. മന്ത്രി റിയാസിനെതിരെ പരസ്യ വിമര്‍ശനം നടത്തിയെന്ന ആരോപണം കടകംപള്ളിക്കെതിരെ ഉണ്ട്. പാര്‍ട്ടിയുടെ ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചകളില്‍ മന്ത്രിമാരും ഉണ്ടാകണമെന്ന തീരുമാനമാണ് ആര്‍.ബിന്ദുവിനും വീണാ ജോര്‍ജിനും സംസ്ഥാന കമ്മിറ്റിയിലേക്കു വഴിതുറന്നത്. എം.പ്രകാശനും (കണ്ണൂര്‍) ടി.ആര്‍.രഘുനാഥും (കോട്ടയം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായതോടെ ഇവര്‍ ഈ ജില്ലകളില്‍ ജില്ലാ സെക്രട്ടറിമാരായേക്കുമെന്ന ചര്‍ച്ച സജീവമാണ്. എ.കെ.ബാലനു പകരമാണ് പട്ടികജാതി വിഭാഗത്തില്‍നിന്ന് പാലക്കാട് ജില്ലയില്‍നിന്നുതന്നെ കെ.ശാന്തകുമാരിയെ എടുത്തത്. ആനാവൂരിന് സംസ്ഥാന കമ്മിറ്റിയില്‍ ഡി.കെ.മുരളി പകരക്കാരനായി. മറ്റു ജില്ലകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരെ കൂടി കൂട്ടിയാല്‍ സംസ്ഥാന കമ്മിറ്റിയില്‍ കണ്ണൂരില്‍നിന്നു മാത്രം 19 പേരാണ് ഉള്ളത്. പുതിയ അംഗങ്ങളെല്ലാം പിണറായി പക്ഷക്കാരും. അങ്ങനെ പാര്‍ട്ടിയെ പ്രായപരിധി പിന്നിട്ട പിണറായി കൊല്ലത്ത് എല്ലാ അര്‍ത്ഥത്തിലും പിടിച്ചെടുക്കുകയാണ്.

മുമ്പൊരിക്കല്‍ സുശീലാ ഗോപാലനെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം സിപിഎമ്മില്‍ ഉയര്‍ന്നു. അന്ന് സിപിഎം സംസ്ഥാന സമിതിയിലെ വോട്ടെടുപ്പാണ് ഇകെ നായനാരെ മുഖ്യമന്ത്രിയാക്കിയത്. വിഎസ് അച്യുതാനന്ദന്റെ പിന്തുണിലായിരുന്നു നായനാര്‍ ആ പദവിയില്‍ അന്നെത്തിയത്. 2026ല്‍ മുഖ്യമന്ത്രിയില്‍ തര്‍ക്കമുണ്ടായാലും സമാന രീതിയില്‍ വോട്ടെടുപ്പ് നടക്കാം. പക്ഷേ പിണറായിയെ അനുകൂലിക്കുന്നവര്‍ ബഹുഭൂരിപക്ഷമുള്ള സംസ്ഥാന കമ്മറ്റിയില്‍ തീരുമാനം പിണറായി തീരുമാനിക്കുന്നിടത്താകും. അതായത് 2026ല്‍ മറ്റൊരു മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടി വന്നാല്‍ എടുക്കേണ്ട കരുതലാണ് പിണറായി സ്വന്തം വിശ്വസ്തരെ മാത്രം പാര്‍ട്ടി സമിതികിള്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കുന്നത്.

Tags:    

Similar News