തിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ 'ചെന്താരകത്തെ' മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ 'ജീവിക്കുന്ന ബലിദാനി' സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്
കണ്ണൂര്‍: കണ്ണൂരില്‍ നിന്നും ഒരു രാജ്യസഭാ അംഗമുണ്ടാകുന്നു. സദാനന്ദന്‍ മാസ്റ്റര്‍. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അധ്യാപകനായ സദാനന്ദനെ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ അതിന് പിന്നില്‍ തന്ത്രമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എല്ലാം സാധ്യമാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. ആര്‍ എസ് എസിന് വേണ്ടി ജീവന്‍ ബലി കൊടുത്തവരെ ബിജെപി ചേര്‍ത്ത് നിര്‍ത്തുമെന്ന സന്ദേശമാണ് ഇതിലൂടെ മോദി നല്‍കുന്നത്. വടക്കന്‍ കേരളത്തില്‍ നിലയുറപ്പിക്കാനുള്ള ബിജെപിയുടെ വജ്രായുധമാണ് സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം.
കേന്ദ്രത്തില്‍ പിടിപാടുള്ള ആര്‍ എസ് എസുകാരനായി മാറുകയാണ് സദാനന്ദന്‍ മാസറ്റര്‍. കേരളത്തിലെ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്ന രണ്ട് വിവാദ വിഷയങ്ങള്‍ കൂടി തിരിച്ചറിഞ്ഞാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഈ നീക്കം. സിപിഎമ്മിലെ 'ചെന്താരകമാണ്' പി ജയരാജന്‍. തിരുവോണ ദിന നാളില്‍ രാഷ്ട്രീയ പകയുടെ ദുരിതം ഏറ്റുവാങ്ങിയ സിപിഎം നേതാവ്. കണ്ണൂരിലെ സഖാക്കളുടെ കണ്ണിലുണ്ണിയായ പിജെ പാര്‍ട്ടിയില്‍ തഴയപ്പെടുന്നുവെന്ന ചിന്തയും വികാരവും അതിശക്തമാണ്. പാര്‍ട്ടിയെ പിജെ എന്ന നേതാവ് ഒരു ഘട്ടത്തിലും തള്ളി പറഞ്ഞിട്ടില്ല. പക്ഷേ ജയരാജന് തഴയപ്പെടുന്നുവെന്ന ചിന്ത രാഷ്ട്രീയ നിരീക്ഷകര്‍ പോലും പങ്കുവയ്ക്കുന്ന യാഥാര്‍ത്ഥ്യമാണ്.
ഇതിനൊപ്പമാണ് കണ്ണൂരിലെ സിപിഎമ്മിനെ എന്നും വേദനിപ്പിക്കുന്ന കൂത്തുപറമ്പിലെ വെടിവയ്പ്പ്. അഞ്ച് രക്തസാക്ഷികളെ നല്‍കിയ കൂത്തുപറമ്പ് കണ്ണൂരിലെ സിപിഎമ്മിന് മറക്കാനാകുന്ന ഒന്നല്ല. അന്ന് വെടിവയ്പ്പിന് ഉത്തരവിട്ട യുവാവായ എ എസ് പി ഇന്ന് കേരളാ പോലീസിന്റെ തലപ്പത്താണ്. ചെന്തരാകത്തെ തഴയുന്നവര്‍ കൂത്തുപറമ്പില്‍ നീതിയും നല്‍കിയില്ലെന്ന ചര്‍ച്ച കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തളം കെട്ടുന്നുണ്ട്. ഇതിനിടെയാണ് രാഷ്ട്രീയ പകയുടെ ജീവിക്കുന്ന ഉദാഹരണമായ സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ബിജെപി എത്തിക്കുന്നത്. സദാനന്ദനെ രാഷ്ട്രപതിയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതെങ്കിലും അതിന് പിന്നിലെ ബുദ്ധി കേന്ദ്രം മോദി-അമിത് ഷാ കൂട്ടുകെട്ടാണെന്ന് ഏവര്‍ക്കും അറിയാം. അമിത് ഷാ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പോയതിന് പിന്നാലെയാണ് തീരുമാനം പുറത്തു വരുന്നതും.
രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ബിജെപി നേതാവ് സി. സദാനന്ദന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതം ധൈര്യത്തിന്റേയും അനീതിക്ക് മുന്നില്‍ കീഴടങ്ങാത്ത മനോഭാവത്തിന്റേയും മാതൃകയാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അക്രമത്തിനും ഭീഷണിക്കും സദാനന്ദന്റെ ആവേശത്തെ തടയാനാകില്ല. അധ്യാപകനായും സാമൂഹിക പ്രവര്‍ത്തകനുമായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എംപി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകട്ടെ എന്നും മോദി കുറിച്ചു. ഈ പോസ്റ്റും അസാധാരണമാണ്. സാധാരണ ഗതിയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ അവരെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടാറില്ല. മുമ്പ് സദാനന്ദന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വോട്ട് തേടിയെത്തിയ മോദി ഇപ്പോള്‍ അദ്ദേഹത്തെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നു. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍. ഇക്കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ഈ സ്ഥാനത്തെത്തിയത്. ഇതിന് പിന്നാലെയാണ് ആര്‍ എസ് എസിന്റെ കണ്ണൂരിലെ പ്രധാന മുഖമായി കരുതുന്ന സദാനന്ദനെ രാജ്യസഭയിലേക്ക് എത്തിക്കുന്നത്.
കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിര്‍ദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. മഹാരാഷ്ട്രയില്‍നിന്നുള്ള അഭിഭാഷകനായ ഉജ്വല്‍ നികം, മുന്‍ വിദേശകാര്യമന്ത്രി ഹര്‍ഷ വര്‍ധന്‍ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നിവരും രാജ്യസഭയില്‍ അംഗങ്ങളാകും. അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനും , വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദന്‍ മാസ്റ്ററെ ആ പട്ടികയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയത്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് വധശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. രാഷ്ട്രീയ പകയില്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട് കൃത്രിമക്കാലുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ജില്ലാ സര്‍കാര്യവാഹക് ആയിരിക്കെയാണ് കണ്ണൂര്‍ സ്വദേശിയായ മാസ്റ്റര്‍ ആക്രമിക്കപ്പെടുന്നത്.
രാജ്യസഭാംഗമായി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നല്‍കിയിരുന്നുവെന്നും സദാനന്ദന്‍ പറഞ്ഞു. 'സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം-സി.സദാനന്ദന്‍ മപറഞ്ഞു. സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം പ്രചോദനം ഉള്‍ക്കൊണ്ടുള്ള തെരഞ്ഞെടുപ്പെന്ന് ബിജെപി വ്യക്തമാക്കി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരായ കുറ്റപത്രമായി നിലനില്‍ക്കുന്നു. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമെന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ പറഞ്ഞു. മാരകമായ ആക്രമണമേറ്റിട്ടും മാസ്റ്റര്‍ ആര്‍എസ്എസ് ആക്ടിവിസ്റ്റായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ആക്രമണങ്ങളുടെ കേന്ദ്രമായ കൂത്തുപറമ്പ് മത്സരിച്ചത് വലിയ സന്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സദാനന്ദന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത് അടുത്തിടെയാണ്. സിപിഎം പ്രവര്‍ത്തകരായ എട്ടു പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിന തടവും അന്‍പതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. 31 വര്‍ഷങ്ങള്‍ക്കുശേഷമാണ് അപ്പീലില്‍ ശിക്ഷാവിധി ശരിവെച്ചത്.