23ന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കിയ സുരേന്ദ്രന്‍; പാലക്കാട്ടെ പോര് ബിജെപിയും കോണ്‍ഗ്രസും തമ്മിലായതിനാല്‍ വാര്യര്‍ സിപിഎമ്മില്‍ ചേര്‍ന്നാലും തിരിച്ചടിയാകില്ലെന്ന് വാദിച്ച രഘുനാഥ്; എല്ലാം തകര്‍ത്ത് കോണ്‍ഗ്രസ്; മാങ്കൂട്ടത്തിലിന്റെ കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍; ഇത് അത്ഭുത പാലക്കാടന്‍ ട്വിസ്റ്റ്!

Update: 2024-11-16 05:37 GMT

പാലക്കാട്: ഏറെ നിര്‍ണ്ണായകമാണ് കോണ്‍ഗ്രസിനും ബിജെപിക്കും സിപിഎമ്മിനും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ്. ഇത് മനസ്സിലാക്കിയാണ് പി സരിനെ അടര്‍ത്തിയെടുത്ത് പാലക്കാട്ടെ മൂന്നാമനായ സിപിഎം ചര്‍ച്ച കൊഴുപ്പിച്ചത്. സരിന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി. ഇതിനിടെയാണ് ബിജെപിയുടെ പ്രധാന മുഖമായ സന്ദീപ് വാര്യര്‍ക്ക് നാണക്കേടായ സംഭവം ബിജെപി ക്യാമ്പിലുണ്ടാകുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ പ്രചരണത്തിന് എത്തിയ സന്ദീപിന് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ പോലും ഇടം നല്‍കാതെ അപമാനിച്ചു. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥായിരുന്നു ഇതിന് പിന്നില്‍. ഇതോടെ സന്ദീപ് സിപിഎമ്മിലേക്ക് പോകുമെന്ന് പ്രചരണമെത്തി. സിപിഎം നേതാവ് എകെ ബാലന്‍ സന്ദീപിനെ പുകഴ്ത്തി. സിപിഎം സ്വാഗതം ചെയ്തു. എന്നാല്‍ സന്ദീപ് മനസ്സ് തുറന്നില്ല. ഇപ്പോഴിതാ കോണ്‍ഗ്രസിലേക്ക് സന്ദീപ് പോകുന്നു. ഇത് പാലക്കാട്ടെ ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. അതീവ രഹസ്യമായ രാഷ്ട്രീയ നീക്കമാണ് സന്ദീപ് നടത്തുന്നത്.

ബിജെപി നിരയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച നേതാവാണ് സന്ദീപ് വാര്യര്‍. അതുകൊണ്ടു തന്നെ ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് കൂടുമാറിയാലും ഒന്നും സംഭവിക്കില്ലെന്ന് ബിജെപി കരുതി. സിപിഎം മൂന്നാമതായതു കൊണ്ട് തന്നെ സിപിഎം പക്ഷത്തേക്ക് സന്ദീപ് പോയാലും ഒന്നും നടക്കില്ലെന്നും ബിജെപി വിലയിരുത്തി. പാലക്കാട്ടെ ചുമതലയുള്ള രഘുനാഥ് ഈ പ്രചരണം സജീവമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയില്‍ നിന്നും സന്ദീപിനെ പുറത്താക്കാനും തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടുപ്പക്കാരോട് ഈ സാധ്യത പങ്കുവച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. രണ്ട് ദിവസം മുമ്പ് ഇക്കാര്യത്തില്‍ ധാരണയായി. തന്നെ പുറത്താക്കും മുമ്പ് പാര്‍ട്ടി വിടാനാണ് സന്ദീപിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സന്ദീപ് വോട്ട് പിടിക്കും. ഇത് പാലക്കാട്ട് വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും.

പാലക്കാട് ആര്‍ എസ് എസിനുള്ളില്‍ വലിയ പിന്തുണ സന്ദീപിനുണ്ടെന്നാണ് വിലയിരുത്തല്‍. പരിവാര്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ സ്വാധീനിക്കുന്ന പ്രധാനി. ഇത്തരമൊരു നേതാവ് എത്തുമ്പോള്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വാകും. രാഹുല്‍ മാങ്കൂട്ടത്തിന്റെ വിജയത്തില്‍ ഇത് നിര്‍ണ്ണായകമായി മാറുമെന്നാണ് സൂചന. സന്ദീപിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ അതീവ രഹസ്യ നീക്കങ്ങളാണ് നേതാക്കള്‍ നടത്തിയത്. വാര്‍ത്ത ചോരാതിരിക്കാന്‍ വലിയ കരുതലുകള്‍ എടുത്തു. സിപിഎം ഒരു തരത്തിലും ഇത് മണത്തറിയരുതെന്ന് കോണ്‍ഗ്രസ് നിര്‍ബന്ധ ബുദ്ധിയെടുത്തു. ഇതാണ് സന്ദീപിനെ കോണ്‍ഗ്രസ് പക്ഷത്തിലേക്ക് എത്തിക്കുന്നത്. സിപിഎമ്മിനേക്കാള്‍ തനിക്ക് യോജിച്ചത് കോണ്‍ഗ്രസ് പ്ലാറ്റ് ഫോമാണെന്ന് സന്ദീപും മനസ്സിലാക്കി.

ട്രോളി ബാഗ് വിവാദത്തിലും കള്ളപ്പണ കേസിലും സിപിഎം പാലക്കാട്ട് പിഴച്ച അവസ്ഥയിലാണ്. ഇതിനിടെയാണ് സന്ദീപിനേയും കോണ്‍ഗ്രസ് കൊണ്ടു പോകുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ തന്നെ സന്ദീപിനെ സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും നിര്‍ണ്ണായക പങ്കു വഹിച്ചു. എഐസിസിയുടെ അനുഗ്രഹാശിസകളോടെയാണ് സന്ദീപിനെ കോണ്‍ഗ്രസ് കേരള നേതൃത്വം സ്വീകരിച്ചത്. ഷാഫി പറമ്പിലും നിര്‍ണ്ണായക നീക്കം നടത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി സന്ദീപ് വാര്യര്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഉറച്ചൊരു സീറ്റില്‍ പോരാട്ടത്തിന് സന്ദീപ് ഇറങ്ങും. വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വാണ് സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റം.

ഇന്നലെ രാത്രി പാലക്കാട് സന്ദീപും എ.ഐ.സി.സി. നേതാക്കളായ ദീപാദാസ് മുന്‍ഷന്‍, പി.വി.മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബി.ജെ.പി. നേതൃത്വവുമായി തുറന്ന പോരിനിറങ്ങിയ സന്ദീപ് വാര്യര്‍ സി.പി.എമ്മില്‍ ചേരുമെന്ന് നേരത്തേ അഭ്യൂഹമുയര്‍ന്നിരുന്നു. സി.പി.എം. നേതാക്കള്‍ അദ്ദേഹത്തെ സ്വാഗതവും ചെയ്തതാണ്. പാലക്കാട്ടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളാണ് ഇടച്ചിലിന് വഴിയൊരുക്കിയത്. സമവായത്തിന് ആര്‍.എസ്.എസ്. നേതൃത്വവും ഇടപെട്ടിരുന്നെങ്കിലും സന്ദീപിനെ അനുനയിപ്പിക്കാനായിരുന്നില്ല.

താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടി ഇതുവരെ പരിഹാരം കണ്ടില്ലെന്നും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്ന് സംശയിക്കുന്നതായുംകൃഷ്ണകുമാര്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് സന്ദീപ് പറഞ്ഞിരുന്നു.

Tags:    

Similar News