തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; കേന്ദ്രത്തിനെതിരായ വിമര്‍ശനം ആര്‍ലേക്കര്‍ വായിക്കുമോ എന്നതില്‍ ആകാംക്ഷ; ബജറ്റ് അവതരണം 29ന്; ഭരണരപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മില്‍ കോര്‍ക്കാന്‍ വിഷയങ്ങള്‍ ഏറെ

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

Update: 2026-01-20 02:42 GMT

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അവസാന സമ്മേളനം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ കൊമ്പുകോര്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് മുന്നോട്ടുവെയ്ക്കാനുള്ള വേദിയായി ഇത് മാറും.

സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും രാവിലെ 8.45ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിക്കും. ആദ്യദിവസം നയപ്രഖ്യാപനപ്രസംഗം മാത്രമേ ഉണ്ടാകൂ. നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം അടങ്ങുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഭേദഗതി വരുത്തില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്‍ക്കാര്‍ വീണ്ടും മടക്കി നല്‍കുകയാണ് ഉണ്ടായത്. ഇതോടെ സര്‍ക്കാര്‍ തിരുത്തിയില്ലെങ്കിലും പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായും വായിക്കമോ എന്നതിനാണ് ആകാംക്ഷയുള്ളത്. അതോ കേന്ദ്ര വിമര്‍ശനമുള്ള ഭാഗം അദ്ദേഹം വായിക്കാതെ വിടുമോ എന്നതും കണ്ടറിയണം. വായ്പാ പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ നയപ്രഖ്യാപനത്തിന് ശേഷം അന്തരിച്ച സഭാംഗം കാനത്തില്‍ ജമീലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ബുധനാഴ്ച പിരിയും. 22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാകും.

മാര്‍ച്ച് 26ന് സഭ പിരിയും. അതിനിടയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ സമ്മേളനം വെട്ടിച്ചുരുക്കും. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മിലെ ഡി കെ മുരളി നല്‍കിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടേക്കും. കഴിഞ്ഞ സമ്മേളന കാലത്ത് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചിരുന്നു. പിന്നീട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയും അന്തരിച്ചു. ലൈംഗികാതിക്രമ കേസില്‍ ജയിലിലായ പാലക്കാട് അംഗം രാഹുല്‍ മാങ്കൂട്ടത്തിലും സഭയില്‍ എത്തില്ല.

മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശങ്ങളും ശബരിമല സ്വര്‍ണക്കൊള്ളയും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുമ്പോള്‍ ഭരണ നേട്ടവും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും ഉയര്‍ത്തി പ്രതിരോധിക്കാനാണ് ഭരണ പക്ഷ നീക്കം.

Tags:    

Similar News