മുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ദുരന്തം; എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി; പുനരധിവാസത്തിന് കിഫ്ബിയില്‍ നിന്ന് തുക കണ്ടെത്തും; രണ്ട് ടൗണ്‍ഷിപ്പുകളിലുമായി ആയിരം വീടുകള്‍ പണിയും; മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്
മുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ദുരന്തം
തിരുവനന്തപുരം: മുണ്ടക്കൈയില്‍ പുനരധിവാസത്തിനുള്ള തുക കിഫ്ബിയില്‍ നിന്ന് കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ടൗണ്‍ഷിപ്പുകളിലുമായി ആയിരം വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മാണം നടക്കുക. സര്‍വേ നടപടികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബറോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ പങ്ക് എല്ലാവരും വഹിച്ചു. ഏകോപനത്തോടെ ഇത് നടത്താനായി എന്നത് നമ്മുടെ നാടിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ആഗസ്ത് 10നാണ് പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നത്. അതിനുമുമ്പ് തന്നെ നാലു മന്ത്രിസഭാംഗങ്ങള്‍ മന്ത്രിസഭ ഉപസമിതി എന്ന നിലയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. ഒരു ഘട്ടത്തില്‍ എല്ലാ മന്ത്രിമാരും അവിടെയെത്തി. പ്രതിപക്ഷ നേതാവും ഉപ പ്രതിപക്ഷ നേതാവും ആദ്യഘട്ട മുതല്‍ തന്നെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എല്ലാവരും അവിടെയെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി'യെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൗണ്‍ഷിപ്പ് നിര്‍മാണത്തില്‍ പ്രതിപക്ഷവുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സഹായം ലഭിക്കുമെന്നാണ് ശുഭ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് മറുപടി നല്‍കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കണക്കുകള്‍ കോടതിയെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അമിക്കസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാട് സ്വീകരിച്ചത്.
'അധിക സാമ്പത്തിക സഹായം കേന്ദ്രത്തില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ലോകം മുഴുവന്‍ ശ്രദ്ധിച്ച ദുരന്തത്തില്‍ കേന്ദ്രത്തില്‍നിന്ന് അധിക സഹായം ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. മികച്ച പുനരധിവാസം സാധ്യമാക്കാനാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. എല്ലാ കക്ഷികളും യോഗത്തില്‍ അഭിനന്ദനാര്‍ഹമായ നിലപാട് സ്വീകരിച്ചു. സമഗ്രവും സര്‍വധനസ്പര്‍ശിയുമായ പുനരധിവാസമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.'- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ധനസഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് സഭയില്‍ ഉയര്‍ന്നത്. പ്രമേയം അവതരിപ്പിച്ച ടി സിദ്ധിഖും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കളും കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന ആരംഭശൂരത്വം ഇപ്പോഴില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പുനരധിവാസ പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കണം. ദുരന്തത്തില്‍പ്പെട്ടവര്‍ ഇരുട്ടില്‍ നില്‍ക്കുന്ന സ്ഥിതിയാണ്. കടം എഴുത്തള്ളുമെന്ന വാഗ്ദാനത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ ഒരു സര്‍ക്കാറിന് സാധിക്കില്ലേ?. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നൂലാമാലകള്‍ ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയില്ലേ?. ദേശീയപാതക്കായി എത്ര വേഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത് -കുഞ്ഞാലിക്കുട്ടി ചോദിച്ചു. 597 പേര്‍ക്ക് സഹായം കൊടുക്കണമെന്നാണ് തീരുമാനിച്ചത്. വയനാട്ടിലും വിലങ്ങാട്ടും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പട്ടിക പ്രകാരം 15,000 രൂപ വീതം മുസ് ലിം ലീഗ് നല്‍കി കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഭൂമി എവിടെയാണ്, ഏതുതരം വീടാണ്, സന്നദ്ധ സംഘടനകളും സര്‍ക്കാരും നല്‍കുന്ന സഹായങ്ങള്‍ ഒരുമിച്ച് ഒരാള്‍ക്ക് കിട്ടുമോ തുടങ്ങിയ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. പുനരധിവാസം വൈകാന്‍ പാടില്ലെന്നും സമയബന്ധിതമായി നടപ്പാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തോട്ടം മേഖലയെ ഏറ്റെടുക്കാന്‍ സാധിക്കില്ലേ?. നമ്മള്‍ ഉണ്ടാക്കിയ നിയമം മാറ്റാന്‍ സാധിക്കില്ലേ?. തോട്ടത്തിന്റെ കാര്യം പറഞ്ഞ് മുന്നോട്ടു പോയാല്‍ ലോകാവസാനം വരെ നില്‍കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പലയിടത്തും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രി സ്ഥലത്തെത്തി സഹായം പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിന്റെ കാര്യത്തില്‍ പക്ഷപാതം കാണിക്കാന്‍ കേന്ദ്രത്തിന് എങ്ങനെയാണ് ധൈര്യമുണ്ടാവുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാറിനൊപ്പം ഉറച്ചു നില്‍ക്കാന്‍ പ്രതിപക്ഷം തയാറാണ്. പ്രധാനമന്ത്രി വന്ന് വലിയ പ്രദര്‍ശനം നടത്തിയിട്ട് സംസ്ഥാനത്തെ അവഗണിക്കുകയാണ്. കേന്ദ്രത്തിന്റെ ഈ നടപടി അനുവദിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.