'ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്'; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം; പൊലീസിലെ ഏറാന്‍മൂളികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുന്നു; ആരോപണ വിധേയരായ പോലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

'ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്'

Update: 2025-09-16 09:01 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ വി ഡി സതീശന്‍. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളില്‍ നിയമസഭയില്‍ നടത്തിയ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

പൊലീസിലെ ഏറാന്‍മൂളികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ വിമര്‍ശിച്ചു. വൃത്തിക്കേടുകള്‍ക്ക് മുഴുവന്‍ പൊലീസ് കൂട്ടുനില്‍ക്കുന്നു. ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. കുന്നംകുളം, പീച്ചി, പേരൂര്‍ക്കട സംഭവങ്ങള്‍ നിരത്തി സതീശന്‍. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം.

അതുവരെ സമരം തുടരുമെന്നും പ്രതിസഭ നേതാവ് നിയമസഭയില്‍ പറഞ്ഞു. അവരെ സര്‍വീസില്‍ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.

നേരത്തെ സംസ്ഥാനത്ത് അരങ്ങേറുന്ന പൊലീസ് മര്‍ദനത്തില്‍ പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സംസാരിച്ചത്. ചര്‍ച്ചക്ക് തുടക്കംകുറിച്ച പ്രതിപക്ഷാംഗം റോജി എം. ജോണ്‍, പൊലീസിനെ നിയന്ത്രിക്കാത്ത പിണറായി സര്‍ക്കാറിനെയും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കുറ്റപ്പെടുത്തി. പൊലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് സാധിക്കുന്നില്ലെന്ന് റോജി എം. ജോണ്‍ ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.എസ്. സുജിത്ത് നേരിട്ടത് അതിക്രൂര പീഡനമാണെന്ന് റോജി പറഞ്ഞു. പൊലീസ് മര്‍ദനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമം നടന്നു. കേസ് ഒതുക്കാനായി സി.സി.ടിവിക്ക് മുമ്പില്‍ നിന്ന് പൊലീസ് കാശ് എണ്ണി വാങ്ങി. സുജിത്തിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചീച്ചി, കുണ്ടറ പൊലീസ് മര്‍ദനങ്ങളും റോജി സഭയില്‍ ചൂണ്ടിക്കാട്ടി.

1977 മാര്‍ച്ച് 30ന് അന്നത്തെ എം.എല്‍.എയായിരുന്ന പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പഴയ പ്രസംഗവും റോജി എം. ജോണ്‍ ഓര്‍മിപ്പിച്ചു. 'അവര്‍ രണ്ട് പേര്‍ ആദ്യ റൗണ്ട് അടിച്ചു. സി.ഐ അടക്കം മൂന്നു പൊലീസുകാര്‍ പിന്നീട് കടന്നു വന്നു. അങ്ങനെ അഞ്ചായി. അഞ്ച് ആളുകളിട്ട് തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പലപ്രാവശ്യം വീണു. പലപ്രാവശ്യം എണീറ്റു. അവസാനം എണീക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായും വീണു. എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അവരെല്ലാം കൂടി മാറി മാറി ദേഹത്ത് ചവിട്ടി. അവര്‍ ക്ഷീണിക്കുന്നത് വരെ തല്ലി. പത്ത്, പതിനഞ്ച്, ഇരുപത് മിനിറ്റ്, എന്നിട്ട് അവര്‍ പോയി' - ഇതായിരുന്നു പിണറായിയുടെ പ്രസംഗം.

പൊലീസിനെതിരായ സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയുടെ കുറിപ്പ് റോജി സഭയില്‍ വായിച്ചു. 'കുറ്റം ചെയ്തവനെ കുറ്റക്കാരനാക്കുകയാണ് പൊലീസ്. പൊലീസ് പാവപ്പെട്ടവന്റെ മേല്‍ കയറുകയാണ്. യൂനിഫോം ദേഹത്ത് കയറിയാല്‍ കറന്റടിച്ച പോലെയാണ്. ജനം നിയമം കൈയ്യിലെടുത്താല്‍ സ്ഥിതി മാറും'. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി നല്‍കിയ അംഗീകാരം വേറെ എവിടെ നിന്ന് കിട്ടാനാണെന്നും റോജി ചോദിച്ചു.

പൊലീസ് മര്‍ദനത്തെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചത്. പ്രതിപക്ഷത്ത് നിന്ന് എം.എല്‍.എയായ റോജി എം. ജോണ്‍ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

സമൂഹം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ നിയമസഭയും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങള്‍ ആഭ്യന്തര വകുപ്പിനെയും ഇടത് സര്‍ക്കാറിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് പിണാറായി സര്‍ക്കാര്‍ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചത്.

Tags:    

Similar News