തമിഴ്‌നാട് ശൈലിയിലുള്ള ബിരിയാണിയുടെ രുചിക്കൂട്ടിലൂടെ പാലക്കാട്ടുകാരുടെ പ്രിയങ്കരന്‍; എന്‍.എം.ആര്‍ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന മുസ്ലീം വോട്ടുകള്‍ സമാഹരിക്കാന്‍; ശോഭാ സുരേന്ദ്രനേയും പിഷാരടിയേയും നേരിടാന്‍ സിപിഎം നിയോഗിക്കുന്നത് കാറ്ററിംഗ് രംഗത്തെ അതികായനെ; ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്ക് പാലക്കാട്ടെ വിസ്മയം ആകാന്‍ കഴിയുമോ? ചിരിക്കുന്നത് പരിവാരമോ?
പാലക്കാട്: തമിഴ്‌നാട് ശൈലിയിലുള്ള ബിരിയാണിയുടെ രുചിക്കൂട്ടിലൂടെ പാലക്കാട്ടുകാരുടെ പ്രിയങ്കരനായ എന്‍.എം.ആര്‍ ഹോട്ടല്‍ ശൃംഖല ഉടമ എന്‍. അബ്ദുള്‍ റസാഖിനെ കളത്തിലിറക്കി പാലക്കാട് പിടിക്കാന്‍ സിപിഎം നീക്കം. കുറഞ്ഞ വിലയില്‍ മികച്ച ബിരിയാണിയും അല്‍ഫാമും വിളമ്പി നഗരത്തിന് സുപരിചിതനായ റസാഖിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം സ്ഥിരീകരിക്കുന്നുണ്ട്.
നിര്‍ണ്ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിപിഎം രംഗത്തിറക്കുന്നത്. എന്നാല്‍ ശോഭാ സുരേന്ദ്രനും രമേശ് പിഷാരടിയും ഉള്‍പ്പെടെയുള്ള വമ്പന്‍മാരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നതോടെ പാലക്കാട് ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ പോരാട്ടഭൂമിയായി മാറും. മുമ്പ് മുസ്ലീം ലീഗിനൊപ്പമായിരുന്നു റസാഖ്. കുറച്ചു കാലമായി സിപിഎമ്മിനൊപ്പമാണ് നീക്കം. പാലക്കാട് മുഴുവന്‍ അറിയപ്പെടുന്ന ബ്രാന്‍ഡാണ് എന്‍എംആര്‍. ഇതിലാണ് സിപിഎം പ്രതീക്ഷ.
പാലക്കാട്ടെ അതിപ്രശസ്തമായ എന്‍.എം.ആര്‍ അപ് ടൗണ്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളുടെ ഉടമയായ എന്‍. അബ്ദുള്‍ റസാഖ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്. ബിസിനസ് രംഗത്തെ മികവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനവുമാണ് റസാഖിനെ പരിഗണിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. മണ്ഡലത്തിലെ 40 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ മുന്‍കാലങ്ങളില്‍ യുഡിഎഫിനൊപ്പമായിരുന്നു. ഈ വോട്ടുകളില്‍ വിള്ളലുണ്ടാക്കി വിജയം ഉറപ്പിക്കാനാണ് സിപിഎം കണക്കുകൂട്ടുന്നത്. എന്നാല്‍ വോട്ട് ഭിന്നിപ്പ് ബിജെപിയെ തുണയ്ക്കുമോ എന്നും സംശയമുണ്ട്.
യുഡിഎഫിനായി നടന്‍ രമേശ് പിഷാരടി മത്സരിക്കുമെന്ന സൂചനകള്‍ ശക്തമാണ്. ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ മുസ്ലിം മേഖലകളില്‍ ഉണ്ടാക്കിയ വലിയ മുന്നേറ്റം നിലനിര്‍ത്താന്‍ പിഷാരടിക്ക് കഴിയുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കില്ല. പിഷാരടി മത്സരിച്ചില്ലെങ്കില്‍ ആരാകും സ്ഥാനാര്‍ത്ഥിയെന്നതും വ്യക്തതയില്ല. അതേസമയം, ബിജെപിക്ക് വലിയ സ്വാധീനമുള്ള പാലക്കാട്ട് കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ പോരാട്ടം പ്രവചനാതീതമാകും. കുറച്ചു തിരിഞ്ഞെടുപ്പുകളിലായി ബിജെപിയാണ് കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാമത്. ഷാഫി പറമ്പില്‍ തോല്‍പ്പിച്ച് ഇ ശ്രീധരനെയാണ്. കടുത്ത മത്സരമാണ് ശ്രീധരന്‍ നടത്തിയത്.
മുസ്ലിം വോട്ടുകള്‍ റസാഖിലൂടെ സിപിഎം പെട്ടിയിലാക്കുമ്പോള്‍ അത് യുഡിഎഫിനെയാകും കൂടുതല്‍ ബാധിക്കുക. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. നഗരത്തിലെ മറ്റ് പ്രമുഖ വ്യവസായികളായ രാജു (ടോപ് ഇന്‍ ടൗണ്‍), നിഖില്‍ കൊടിയത്തൂര്‍ എന്നിവരെയും പാര്‍ട്ടി പരിഗണിച്ചിരുന്നെങ്കിലും റസാഖിനാണ് മുന്‍തൂക്കം ലഭിച്ചത്. ഇതിന് കാരണം മന്ത്രി എംബി രാജേഷുമായി റസാഖിനുള്ള അടുത്ത ബന്ധമാണ്.
ബിരിയാണി രുചിയിലെന്നപോലെ രാഷ്ട്രീയത്തിലും പാലക്കാടന്‍ മനസ്സ് കീഴടക്കാന്‍ എന്‍.എം.ആര്‍ റസാഖിന് കഴിയുമോ എന്ന് കാത്തിരുന്നു കാണണം. ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
