'വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും; സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും': തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; നാട്ടുഗൂണ്ടയെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്നും ബിജെപി; പ്രചാരണത്തില്‍ വാക്‌പോരിനും ചൂട്
രാഹുലിന് എതിരെ ബിജെപി
പട്‌ന: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുമാവാം ചെയ്യാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ മുസാഫര്‍പുരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും. ഞാന്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യാം, സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും,' രാഹുല്‍ ഗാന്ധി പറഞ്ഞു.
നിലവില്‍ ബിഹാറില്‍ നിതീഷ് കുമാര്‍ ആണ് ഭരിക്കുന്നതെങ്കിലും, യഥാര്‍ത്ഥ ഭരണം ബിജെപി നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നിതീഷ് കുമാറിന്റെ മുഖം മാത്രമാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സാമൂഹിക നീതി നടപ്പിലാക്കുന്ന കാര്യത്തില്‍ ബിജെപിക്ക് താല്പര്യമില്ലെന്നും, ലോക്‌സഭയില്‍ താന്‍ ആവശ്യപ്പെട്ടിട്ടും ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
്അതേസമയം,രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് നേരെ ബിജെപി നേതാക്കള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിഹാറിലെ ജനങ്ങളെയും അവരുടെ സംസ്‌കാരത്തെയും തിരഞ്ഞെടുപ്പ് റാലിയില്‍ അപമാനിച്ചെന്ന് ബിജെപി. 'നാടന്‍ ഗുണ്ടയേപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്,' ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. വോട്ടിന് പകരമായി നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ പ്രധാനമന്ത്രി മോദി അതും ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ബിഹാറിലെ ജനകീയ ഉത്സവമായ ഛാഠ് പൂജയെക്കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ ബിഹാറിന്റെ നാടോടി സംസ്‌കാരത്തെയും വിശ്വാസങ്ങളെയും അപമാനിക്കുന്നതായി ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് വിഷമയമായ യമുനാ നദിയില്‍ ഭക്തര്‍ക്ക് പൂജകള്‍ നടത്തേണ്ടി വന്നപ്പോള്‍, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൂജകള്‍ക്കായി നദീതീരത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി ബിഹാറിനോട് നിരുപാധികം മാപ്പ് പറയണമെന്നും, ആര്‍ജെഡി നേതാവ് തേജസ്വി യാദവും മഹാഗഡ്ബന്ധന്‍ നേതൃത്വവും ഈ പരാമര്‍ശങ്ങളെ അപലപിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
മുസാഫര്‍പൂരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും, ആവശ്യപ്പെട്ടാല്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. ഡല്‍ഹിയിലെ മലിനമായ യമുനാനദിയില്‍ ഭക്തര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, പ്രധാനമന്ത്രി 'പ്രത്യേകമായി നിര്‍മ്മിച്ച' കുളത്തില്‍ മുങ്ങിക്കുളിച്ചെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തെയും ബിഹാറിലെയും സാധാരണക്കാരെ പരസ്യമായി അപമാനിക്കുന്നതാണെന്ന് പ്രദീപ് ഭണ്ഡാരി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിഹാറില്‍ ആകെ 15 റാലികളില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി എന്നിവരും പ്രചാരണത്തിന്റെ ഭാഗമായി ബിഹാറിലെത്തും. നവംബര്‍ 6, 11 തീയതികളിലാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 14-ന് ഫലപ്രഖ്യാപനം ഉണ്ടാകും.
