വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു: 64.53 ശതമാനം; പോളിങ് കുറഞ്ഞത് പ്രിയങ്കയെ ബാധിക്കില്ലെന്ന് യുഡിഎഫ്; കാരണമാക്കുന്നത് എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ മ്ലാനത; രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്ക നേടുമെന്ന് പ്രതിപക്ഷ നേതാവ്; ചേലക്കരയില്‍ മികച്ച പോളിങ്; ആറുമണി കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര; 72.51 ശതമാനം പോളിങ്ങെന്ന് പ്രാഥമിക കണക്ക്

വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു

Update: 2024-11-13 13:24 GMT

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും ഭേദപ്പെട്ട പോളിങ്. വയനാട്ടില്‍ 64.53 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 73 ശതമാനമായിരുന്നു പോളിങ്. ചേലക്കരയില്‍ 72.51 ശതമാനമാണ് പോളിങ്. പോളിങ് സമയമായ ആറുമണി കഴിഞ്ഞിട്ടും ചേലക്കരയില്‍ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. ക്യൂവില്‍ നിന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കി.

വയനാട്ടില്‍ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞത് രാഷ്ട്രീയ കക്ഷികള്‍ക്ക് ആശങ്കയുണര്‍ത്തി.കൂടുതല്‍ പോളിങ് ഏറനാടും (69.39 %) കുറഞ്ഞ പോളിങ് നിലമ്പൂരിലും (61.62 %) രേഖപ്പെടുത്തി. 


 പോളിങ് കുറഞ്ഞത് പ്രിയങ്ക ഗാന്ധിയെ ബാധിക്കില്ലെന്ന് പി കെ ബഷീര്‍ എം എല്‍ എ പ്രതികരിച്ചു. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ യുഡിഎഫ് കേന്ദ്രങ്ങളേക്കാള്‍ പോളിങ് കുറഞ്ഞു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ മ്ലാനത പോളിങ് കുറയാന്‍ ഇടയാക്കി. പോളിങ് കുറഞ്ഞത് പരിശോധിക്കുമെന്നും പി കെ ബഷീര്‍ പറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവും അവകാശപ്പെട്ടു. രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്ക നേടുമെന്ന്

വി ഡി സതീശന്‍ പറഞ്ഞു.

പുലര്‍ച്ചെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ സമ്മതിദായകരുടെ നീണ്ടനിര ദൃശ്യമായിരുന്നു. വൈകിട്ടും തിരക്ക് അനുഭവപ്പെട്ടു. വയനാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളില്‍ രാവിലെ തിരക്ക് അനുഭവപ്പെട്ടിരുന്നു. നഗരപ്രദേശത്ത് തിരക്ക് കുറവായിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപി സ്ഥാനം രാജിവച്ച വയനാട്ടില്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐയുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരി എല്‍ഡിഎഫിനായും, ബിജെപിയുടെ നവ്യഹരിദാസാണ് എന്‍ഡിഎയ്ക്കായി കളത്തിലുള്ളത്. ആദ്യമായി ജനവിധി തേടുന്ന മത്സരമായതിനാല്‍ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചു.

എംഎല്‍എയായിരുന്ന കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് ജയിച്ചതിനാലാണ് ചേലക്കരയില്‍ പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപും യുഡിഎഫിന്റെ രമ്യാ ഹരിദാസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ചേലക്കരയില്‍ കെ ബാലകൃഷ്ണനാണ് ബിജെപിക്കായി കളത്തിലിറങ്ങിയത്. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ച് മാറ്റിവച്ചതിനാല്‍ പാലക്കാട് 20നാണ് വോട്ടെടുപ്പ്.


വോട്ടുചെയ്യാനെത്തി ശ്രുതി

ചരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ശ്രുതിയും വോട്ട് ചെയ്യാനെത്തി. കുടുംബത്തെ നഷ്ടമായപ്പോള്‍ ശ്രുതിക്ക് കൂട്ടായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സണായിരുന്നു. എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് ജെന്‍സണും ശ്രുതിയെ വിട്ടുപോയി. അപകടത്തില്‍ പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് വോട്ട് ചെയ്യാന്‍ എത്തിയത്.



 

സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിനോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശ്രുതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നും ശ്രുതി വ്യക്തമാക്കി. 'ഒരുപാട് പേര്‍ ഒപ്പം നിന്നിട്ടുണ്ട്. അവസ്ഥ മനസിലാക്കി എല്ലാവരെയും പ്രതിനിധീകരിക്കാന്‍ ഒരാള്‍ വേണം. എന്നതിനാലാണ് വോട്ട് ചെയ്യാന്‍ വന്നത്. എല്ലാവരെയും കാണാമല്ലോ എന്ന് വിചാരിച്ചു. എല്ലാവരെയും കണ്ടതില്‍ സന്തോഷം',- ശ്രുതി പറഞ്ഞു.

Tags:    

Similar News