പാലക്കാട് ആരെ തുണയ്ക്കും? സിപിഎമ്മിന് ചേലക്കര നിലനിര്‍ത്താനാകുമോ? വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ? മഹാരാഷ്ട്ര എങ്ങോട്ട്? ജാര്‍ഖണ്ഡില്‍ ഭരണം മാറുമോ? വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചന എട്ടരയോടെ; അന്തിമ ചിത്രം മൂന്ന് മണിക്കൂറിനുള്ളില്‍; രാജ്യം ആകാംഷയില്‍; കേരളത്തിന് നിര്‍ണ്ണായകം

Update: 2024-11-23 00:53 GMT

ന്യൂഡല്‍ഹി: ഇന് രാജ്യത്തിന് അതിനിര്‍ണ്ണായകം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കും കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ 2 ലോക്സഭാ സീറ്റുകളിലേക്കും 48 നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പു ഫലം ഇന്നു വരും. വോട്ടെണ്ണല്‍ ഇന്നു രാവിലെ 8 മുതല്‍ തുടങ്ങി. അര മണിക്കൂറിനുള്ളില്‍ ആദ്യ ലീഡ് അറിയാം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാല്‍, വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഹൈവോള്‍ട്ടേജ് പ്രചാരണം നടന്ന പാലക്കാട്ടും ആകാംക്ഷയേറെ. ചേലക്കരയും ഇരുമുന്നണികള്‍ക്കും പ്രധാനം. വിപുലമായ ഒരുക്കളാണ് ഫലം പ്രേക്ഷകരിലെത്തിക്കാന്‍ മറുനാടന്‍ ഒരുക്കിയിട്ടുള്ളത്. തല്‍സമയ ഫലവും വിശകലനവും മറുനാടനിലൂടെ അറിയാനാകും.

കേരളത്തില്‍ ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിര്‍ത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്നു യുഡിഎഫിനു വാദിക്കാം. വയനാട്ടില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. മറ്റു മുന്നണികള്‍ക്ക് അവിടെ പ്രതീക്ഷയുമില്ല. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സിപിഎമ്മില്‍ അതു പ്രതിസന്ധി സൃഷ്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വവും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. ബിജെപിയെ സംബന്ധിച്ച് ചേലക്കരയില്‍ പ്രതീക്ഷയില്ല. എന്നാല്‍ പാലക്കാട് വിജയം പ്രതീക്ഷിക്കുന്നു. അവിടെ വിജയിച്ചാല്‍ തൃശൂര്‍ ലോക്സഭാ സീറ്റിലെ വിജയത്തിന്റെ തുടര്‍ച്ചയാകും അത്. മഹാരാഷ്ട്രയിലെ ഫലം ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്.

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഇന്ന്. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍, ഇരു സംസ്ഥാനങ്ങളിലും തങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുന്നു. മഹാരാഷ്ട്രയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Tags:    

Similar News