ആലപ്പുഴയിലെ ചെങ്കോട്ടയില്‍ ഇക്കുറി വിള്ളല്‍ വീഴുമോ? ആലപ്പുഴ ജില്ല പിടിക്കാന്‍ യുഡിഎഫും കച്ചമുറുക്കി രംഗത്ത്; സജി ചെറിയാനും പ്രസാദും വീണ്ടും കളത്തിലിറങ്ങും; ശോഭ സുരേന്ദ്രന്‍ ഇഫക്റ്റില്‍ കായംകുളത്ത് താമര വരിയിക്കാന്‍ ബിജെപി തന്ത്രം; ഹരിപ്പാടും കുട്ടനാടും ആലപ്പുഴയും വിജയിച്ചു കയറുമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ്
ആലപ്പുഴയിലെ ചെങ്കോട്ടയില്‍ ഇക്കുറി വിള്ളല്‍ വീഴുമോ?
തിരുവനന്തപുരം: ആലപ്പുഴയ്ക്കും പറയാനുള്ളത് ചുവപ്പിനെ നെഞ്ചോട് ചേര്‍ത്ത ചരിത്രം തന്നെയാണ്.ഒന്‍പത് നിയമസഭ മണ്ഡലങ്ങളില്‍ 8 ലും ചുവപ്പിന് തന്നെയാണ് മുന്നേറ്റം.വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഈ പതിവ് തെറ്റിക്കാതിരിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ചരിത്രമാവര്‍ത്തിക്കാന്‍ സിറ്റിങ്ങ് എം എല്‍ എ മാരെ തന്നെ രംഗത്തിറക്കാനാണ് സി പി എമ്മിന്റെ ശ്രമം.തദ്ദേശത്തില്‍ 5 മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. താഴെത്തട്ട് മുതലുള്ള കുതിപ്പ് ജില്ലയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടല്‍.
ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ ഹരിപ്പാട് മാത്രമാണ് നിലവില്‍ യു.ഡി.എഫിന്റെ കൈയിലുള്ളത്. നിലവിലെ സ്ഥിതിയില്‍ ഇടതുപക്ഷത്തിന് ഉറച്ചു പറയാവുന്ന മണ്ഡലങ്ങള്‍ മാവേലിക്കരയും ചേര്‍ത്തലയുമാണ്. ചെങ്ങന്നൂരും ഒരുപക്ഷേ അവര്‍ക്കൊപ്പം നിന്നേക്കാം. ബാക്കി അഞ്ച് സീറ്റുകളില്‍ നാലെണ്ണത്തില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. കായംകുളത്ത് ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത്.
ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍
2016ലും 21 ലും രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്.അതിനാല്‍ തന്നെ ഹരിപ്പാട് ശക്തനായ മത്സരാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാവും ഇടതിന്റെ ശ്രമം.സി പി ഐയുടെ ജില്ല കൗണ്‍സിലംഗം ജി കൃഷ്ണപ്രസാദ് ന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്.ഇടതിന്റെ സിറ്റിങ്ങ് സീറ്റില്‍ ചെങ്ങനൂരില്‍ നിലവിലെ മന്ത്രി കൂടിയായ സജി ചെറിയാന്‍, ചേര്‍ത്തലയില്‍ മന്ത്രി പി പ്രസാദ്, ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍, അമ്പലപ്പുഴയില്‍ എച്ച് സലാം, മാവേലിക്കരയില്‍ എം എസ് അരുണ്‍ കുമാര്‍, അരൂരില്‍ ദലിമ ജോജോ എന്നിവര്‍ വീണ്ടും മത്സരിച്ചേക്കും.
യു പ്രതിഭയുടെ കാര്യത്തിലുണ്ടായ ആശയക്കുഴപ്പം രണ്ട് ടേം വ്യവസ്ഥ മാറ്റിയതോടെ മാറുകയും ചെയ്തു. ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന പ്രതിഭ ഇടതിന്റെ മറ്റൊരു പ്രതീക്ഷയാണ്. കൂടാതെ മുന്‍മന്ത്രി കൂടിയായ ജി സുധാകരനെ അമ്പലപ്പുഴ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സുധാകരന് സീറ്റ് നല്‍കിയാല്‍ സംസ്ഥാന തലത്തില്‍ തന്നെ അത് ഗുണകരമാകുമെന്നാണ് അനുകൂലികളുടെ വാദം.സി പി എം സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനും അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.
കുട്ടനാട് ഏറ്റെടുക്കില്ലെന്ന് സി പി എം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ എന്‍ സി പി യിലെ തോമസ് കെ തോമസ് വീണ്ടും രംഗത്തിറങ്ങിയേക്കും.കേരള കോണ്‍ഗ്രസ്സ് (എം ) ഉം കുട്ടനാട് സീറ്റ് അവശ്യപ്പെട്ടതായാണ് വിവരം.
തദ്ദേശത്തിലെ മേല്‍ക്കൈ... പ്രതീക്ഷയോടെ യു ഡി എഫ്
തദ്ദേശത്തിലെ കണക്ക് പ്രകാരം 5 മണ്ഡലങ്ങളില്‍ ഇക്കുറി മേല്‍ക്കൈ യുഡിഎഫിനാണ്.ഈ ആത്മവിശ്വാസത്തിലാണ് ഇക്കുറി യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയസാധ്യത മുന്‍നിര്‍ത്തി ഓരോ മണ്ഡലത്തില്‍ നിന്നും ഒന്നിലേറെ പേരുകള്‍ ഡി.സി.സി നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, എം.ജെ. ജോബ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ജാതി, മത സമവാക്യം അനുസരിച്ച് പരിഗണിക്കുന്നതിനാണ് ഇത്രയും പേരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ചേര്‍ത്തലയില്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, വി.എന്‍. അജയന്‍, സി.കെ. ഷാജിമോന്‍, ഡോ. കെ.എസ്. മനോജ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍, എം. ലിജു, എം.ജെ. ജോബ് എന്നിവരുടെ പേരുകളാണുള്ളത്.
ചേര്‍ത്തലയില്‍ കെ പി സി സി സെക്രട്ടറി അഡ്വ.എസ് ശരത്,ഷാജി മോഹന്‍,കെ ആര്‍ രാജേന്ദ്രപ്രസാദ് എന്നിവര്‍ക്കാണ് മുന്‍ഗണന.ലാറ്റിന്‍ കത്തോലിക് വോട്ടുകള്‍ കൂടുതല്‍ ഉള്ള ആലപ്പുഴയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം ജെ ജോബ്,കെ എസ് യു ജില്ല പ്രസിഡന്റ് എ ഡി തോമസ്,അഡ്വ പി ജെ മാത്യു, മുന്‍ എം പി കെ എസ് മനോജ് എന്നിവരും സാധ്യതപട്ടികയിലുണ്ട്.അമ്പലപ്പുഴയില്‍ കെ പി സി സി വൈസ്പ്രസിഡന്റ് എം ലിജു,എ എ ഷുക്കൂര്‍ എന്നിവര്‍ പരിഗണനയിലുണ്ട്.കായംകുളത്തും ലിജുവിന്റെ പേര് ചര്‍ച്ചയിലുണ്ട്. ചെങ്ങനൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ വര്‍ക്കിയുടെ പേരും ഉയര്‍ന്നുവരുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ്, ജ്യോതി വിജയകുമാര്‍ എന്നീ പേരുകളും ചര്‍ച്ചയിലുണ്ട്. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ റെജി ചെറിയാനാണ് പ്രഥമ പരിഗണന.
ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ പേരുകള്‍.. മുന്നേറാന്‍ ബി ജെ പി
അലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലാണ് ബി.ജെ.പി ഇക്കുറി വിജയസാധ്യത കാണുന്നത്.ഹിന്ദു വോട്ടര്‍മാരെ ഏകീകരിച്ച് ക്രമേണയുള്ള മുന്നേറ്റം നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഫലങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെയും പ്രകടനം പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 'മിഷന്‍ 2026'ന്റെ ഭാഗമായി, ആലപ്പുഴയിലെ കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളാണ് ബിജെപി പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
2016ന് മുന്‍പ് ആലപ്പുഴയില്‍ കാര്യമായ സാന്നിധ്യമില്ലാതിരുന്ന ബിജെപി, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇതര പാര്‍ട്ടികളെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മുന്നേറ്റം നടത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍,ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ 11മുതല്‍ 16 ശതമാനം വരെ വോട്ടുകള്‍ നേടിയിരുന്നു.എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താനായി.ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന്‍ 28.3 ശതമാനം വോട്ട് വിഹിതം നേടിക്കൊടുത്തു.ഇത് 2019ലെ 17.22 ശതമാനത്തില്‍നിന്ന് വലിയ മുന്നേറ്റമാണ്.
ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തെ പിന്നിലാക്കി ശോഭാ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് എത്തിയത് പാര്‍ട്ടിക്ക് പുതിയ പ്രതീക്ഷകളാണ് നേടിക്കൊടുത്തിരിക്കുന്നത്.ഹരിപ്പാട് മണ്ഡലത്തില്‍ വെറും 1,400 വോട്ടുകള്‍ക്കാണ് ശോഭാ സുരേന്ദ്രന്‍ കോണ്‍ഗ്രസിന്റെ കെസി വേണുഗോപാലിന് പിന്നിലായത്. മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ മുതല്‍ ആലപ്പുഴയുടെ പരമ്പരാഗത കയര്‍ വ്യവസായ മേഖല വരെ നേടുന്ന പ്രശ്നങ്ങളടക്കം ഏറ്റെടുത്തുള്ള പ്രചാരണമായിരുന്നു ശോഭാ സുരേന്ദ്രന്‍ നടത്തിയത്. ഇത് പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ശക്തിപകര്‍ന്നുവെന്നാണ് വിലയിരുത്തല്‍. കൂടാതെ, ശോഭ സുരേന്ദ്രന്റെ ജനപ്രീതിയും മുന്നേറ്റത്തിന് കാരണമായി പാര്‍ട്ടി വിലയിരുത്തുന്നു.
വരുന്ന തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ ശോഭയ്ക്ക് നറുക്ക് വീഴാന്‍ സാധ്യതയേറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശോഭാ സുരേന്ദ്രന്‍ ജില്ലയില്‍ സജീവമാകുകയും വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് കളംനിറയുകയും ചെയ്യുന്നുണ്ട്.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചിട്ടുണ്ട്. ആലാ, ബുധനൂര്‍, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചെടുത്തത്. ആലായിലും ബുധനൂരിലും കാര്‍ത്തികപ്പള്ളിയിലും ചരിത്രത്തിലാദ്യമായാണ് ബിജെപി വിജയിക്കുന്നത്.
മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ ഉള്‍പ്പെടുന്ന 11ല്‍ നാല് പഞ്ചായത്തുകളിലും ബിജെപി ആണ് ഭരണത്തിലേറിയത്.ഇത് വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ചെങ്ങന്നൂര്‍ മണ്ഡലം പ്രതീക്ഷ നല്‍കുന്നു. ആലപ്പുഴയിലെ നഗരപ്രദേശങ്ങളിലും പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. ആലപ്പുഴ നഗരസഭയിലെ സീറ്റ് എണ്ണം മൂന്നില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്താനും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
ശോഭ സുരേന്ദ്രന്‍, ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതി, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍, മുന്‍ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കാനാണ് ബിജെപിയുടെ നീക്കം. മുന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാറിന്റെ പേരും ജില്ലയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. യുഡിഎഫിന്റെ 2025ലെ മുന്നേറ്റവും എല്‍ഡിഎഫിന്റെ സംഘടനാ ശക്തിയും വെല്ലുവിളികളാണെങ്കിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലുള്ള പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
നാളെ പത്തനംതിട്ട
