പാലക്കാട്ടെ യുഡിഎഫ് കോട്ടകളില്‍ ഒരു ക്ഷീണവും ഉണ്ടായിട്ടില്ല; സിപിഎമ്മിന്റെ പത്രപരസ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി കൗണ്‍സിലര്‍മാരുടെ അടക്കം വോട്ട് എല്‍ഡിഎഫിലേക്ക് വന്നെന്ന് പി സരിന്‍; വലിയ ആത്മവിശ്വാസത്തില്‍ കൃഷ്ണകുമാറും

പാലക്കാട്ടെ യുഡിഎഫ് കോട്ടകളില്‍ ഒരു ക്ഷീണവും ഉണ്ടായിട്ടില്ല

Update: 2024-11-20 17:57 GMT

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകളില്‍ ഒരു ക്ഷീണവുമുണ്ടായിട്ടില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മുനിസിപ്പാലിറ്റിയില്‍ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞു. പുറത്തുവരുന്ന കണക്കുകള്‍ ആത്മവിശ്വാസം പകരുന്നതാണ്. സ്ഥാനാര്‍ത്ഥിയായതുകൊണ്ട് ഭൂരിപക്ഷം പറയുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്റെ പത്ര പരസ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്നും സിപിഎം ന്യൂനപക്ഷ വോട്ടര്‍മാരെ തരംതാഴ്ത്തി കാണരുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പോളിങ് ശതമാനം അന്തിമമായിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബൂത്ത് തലങ്ങളില്‍ നിന്ന് കിട്ടുന്ന കണക്ക് അനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയരും. വിശദമായുള്ള കണക്ക് വി കെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംപിയും ചേര്‍ന്ന് നാളെ പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അതേസമയം, രാഹുലിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. രാഹുലിന്റെ ഭൂരിപക്ഷം 15,000 നും 20,000 ഇടയിലായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം, പാലക്കാട് ഉറച്ച വിജയപ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ പ്രതികരിച്ചു. ബിജെപി കൗണ്‍സിലര്‍മാരുടെയടക്കം വോട്ട് എല്‍ഡിഎഫിലേക്ക് വന്നു. യുഡിഎഫില്‍ നിന്ന് 6000 ഓളം വോട്ടും തനിക്ക് ലഭിച്ചു. കണക്കുകളുടെ അടിസ്ഥാനത്തില്‍ 60000 ന് മുകളില്‍ വോട്ട് നേടുമെന്നും സരിന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പും രാഷ്ട്രീയ ഭാവിയും തമ്മില്‍ ബന്ധമില്ല. അതിനപ്പുറത്തുള്ള സംഘടന പ്രവര്‍ത്തനങ്ങളുണ്ട്. അത്തരം ഉത്തരവാദിത്തങ്ങളില്‍ താന്‍ വ്യാപൃതനാവും. പരാജയങ്ങളില്‍ ഭയപ്പെടുന്നയാളല്ല. സി.പി.എമ്മാണ് എന്റെ മാതൃപാര്‍ട്ടി. എതിര്‍ പാര്‍ട്ടിയില്‍ നിന്ന് വന്ന ഒരാളെ സ്ഥാനാര്‍ഥിയായി ചേര്‍ത്തുപിടിക്കാന്‍ സി.പി.എം തയ്യാറായി. ഒരാള്‍ പോലും സംശയത്തോടെ എന്നെ നോക്കിയില്ല. അതൊരു പ്രത്യയശാസ്ത്രത്തിന്റെ ഉള്‍ക്കാഴ്ചയാണെന്നും സരിന്‍ പറഞ്ഞു.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ പരിധിയില്‍ 65 ശതമാനം പോളിംഗാണ് ഉണ്ടായിരുന്നത്. അന്നും ബിജെപിക്കായിരുന്നു നഗരസഭ പരിധിയില്‍ മേല്‍ക്കോയ്മ. ഇത്തവണ ഒറ്റയടിക്ക് 5 ശതമാനം പോളിംഗ് വര്‍ദ്ധന ഉണ്ടായത് ബിജെപി ക്യാമ്പിനെ ഉത്സാഹഭരിതരാക്കി. അതേസമയം, യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തെ 77 ശതമാനം പോളിംഗ് ഇക്കുറി 69.78 ശതമാനമായി കുറഞ്ഞു. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്.

നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ. പിരായിരിയിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2,500 നും 4,000 ഇടയില്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ 4000 വോട്ടിന്‍െ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് എത്താനാകുമെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു.

Similar News