ഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാനയിലും മുഖ്യമന്ത്രി മാറ്റം വിജയമായി; പഞ്ചാബിയായ ഖട്ടറെ മാറ്റി ഒബിസിക്കാരനെ നേതാവാക്കിയത് ജാട്ട് ഇതര വോട്ടുകളെ ഏകോപിപ്പിച്ചു; ഹരിയാനയിലെ ഹാട്രിക് 'രാഷ്ട്രീയ തന്ത്രത്തിന്റെ' മിന്നും നേട്ടം; സൈനി മുഖ്യമന്ത്രിയായി തുടരും

ഒ.ബി.സി. നേതാവായ സൈനിയുടെ സംഘടനാ മികവ് ബിജെപിയ്ക്ക് ഹരിയാനയില്‍ തുണയായി.

Update: 2024-10-09 03:44 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹാട്രിക് ജയത്തിന് പിന്നിലെ ചാലക ശക്തിയായ മുഖ്യമന്ത്രി നയാബ് സിങ് സൈനി ബി.ജെ.പി. സര്‍ക്കാരിനെ തുടര്‍ന്നും നയിക്കും. മുഖ്യമന്ത്രിപദവിയില്‍ 200 ദിവസംകഴിഞ്ഞ സൈനി ഇനി ഹരിയാണയില്‍ ബി.ജെ.പി.യെ നയിക്കും. കഴിഞ്ഞ മാര്‍ച്ച് 12-നാണ് സൈനി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതുകൊണ്ട് തന്നെ സൈനിയെ മാറ്റില്ല. മികച്ച ജയം നേടിയതിന് പിന്നില്‍ സൈനിയാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നു. ആര്‍ എസ് എസും സൈനിയ്‌ക്കൊപ്പമാണ്.

ഒ.ബി.സി. നേതാവായ സൈനിയുടെ സംഘടനാ മികവ് ബിജെപിയ്ക്ക് ഹരിയാനയില്‍ തുണയായി. 10 വര്‍ഷം അധികാരത്തിലിരുന്ന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പി. സൈനിയെ രംഗത്തിറക്കിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ അട്ടിമറി നീക്കമായിരുന്നു ഇതിന് കാരണം. മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മേയില്‍ മൂന്ന് സ്വതന്ത്രര്‍ രംഗത്തു വന്നു. ഇതിന് പിന്നാലെ ജെജിപയും ബിജെപിയ്ക്ക് പിന്തുണ പിന്‍വലിച്ചു. ഇതോടെ കോണ്‍ഗ്രസ് അധികാരം മോഹിച്ചു. എന്നാല്‍ സൈനിയെ ഇറക്കി കളിച്ച് ബിജെപി ജയിച്ചു. അപ്പോഴാണ് സൈനി മുഖ്യമന്ത്രിയായത്. പിന്നാലെ വിശ്വാസ വോട്ട് ജയിക്കുകയും തെയ്തു.

മുന്‍മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കര്‍ഷകപ്രക്ഷോഭത്തെ കൈകാര്യംചെയ്ത രീതി വിവാദമായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരത്തേ സംസ്ഥാന അധ്യക്ഷനായിരുന്ന സൈനി പാര്‍ട്ടിയുടെ അടിത്തറയറിഞ്ഞാണ് കരുനീക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ചുസീറ്റ് നഷ്ടപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി. ജാട്ട് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് തുണയായതെന്നാണ് വിലയിരുത്തല്‍. അങ്ങനെ ഹരിയാനയില്‍ പുതിയ വോട്ട് ബാങ്ക് രാഷ്ട്രീയം പരീക്ഷിച്ചു. ഹനുമാന്‍ സ്വാമിയുടെ വിശ്വാസിയെന്ന ചര്‍ച്ചയും സൈനിയക്ക് തുണയായി.

കോണ്‍ഗ്രസ് ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജാട്ട് വോട്ടുകളില്‍ ശ്രദ്ധയൂന്നിയപ്പോള്‍, ഒ.ബി.സി. മുഖമായ സൈനിയിലൂടെ ബി.ജെ.പി. പിന്നാക്ക വോട്ടുകള്‍ പെട്ടിയിലാക്കി. സൈനിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമതസ്വരമായ മുതിര്‍ന്നനേതാവ് അനില്‍ വിജിനെയും ചേര്‍ത്തുനിര്‍ത്തി. അങ്ങനെ ബിജെപിയുടെ നേതൃത്വത്തിലെ ഭിന്നതയും മേയ് മാസത്തോടെ മാറി. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്ത ചിലര്‍ വിമതരായി രംഗത്തു വന്നെങ്കിലും ഫലം കണ്ടില്ല. ഹരിയാനയിലെ ചതുഷ്‌കോണ പോര് അങ്ങനെ ബിജെപിക്ക് അനുകൂലമായി.

2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ 47 സീറ്റുമായാണ് ബി.ജെ.പി. സര്‍ക്കാര്‍ ഹരിയാണയില്‍ അധികാരത്തിലെത്തിയത്. അന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മോദിയുടെ അടുപ്പക്കാരനുമായ ഖട്ടര്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയുമായിരുന്നു. ഗുജറാത്ത് ബി.ജെ.പിയിലെ കലഹത്തെത്തുടര്‍ന്ന് മോദിയെ ഹരിയാനയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അയച്ചിരുന്നു. അന്നുമുതലാണ് ഇരുവരും അടുക്കുന്നത്. 40 വര്‍ഷത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തന പരിചയവും ഖട്ടര്‍ക്ക് നിര്‍ണായകമായി.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിനുവേണ്ട 46 സീറ്റ് ഒറ്റയ്ക്കുനേടാന്‍ കഴിഞ്ഞില്ലെങ്കിലും ഖട്ടര്‍ വീണ്ടും മുഖ്യമന്ത്രിയായി. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായ ഖട്ടര്‍, രണ്ടുതവണ തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയുമായി. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ പാര്‍ട്ടി അനുവദിച്ചില്ല. പഞ്ചാബിയായ ഖട്ടറെ മാറ്റി ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള സൈനിയെ മുഖ്യമന്ത്രിയാക്കിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 30 ശതമാനത്തോളം വരുന്ന പിന്നാക്കവോട്ടുകള്‍ ഏകീകരിക്കാനും ഭരണവിരുദ്ധവികാരം ഇല്ലാതാക്കാനുമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയെ മാറ്റുന്ന ബി.ജെ.പിയുടെ പതിവ് ഹരിയാനയിലും ആവര്‍ത്തിച്ചപ്പോള്‍ മുറുമുറുപ്പ് നേരിട്ടെങ്കിലും ഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാനയിലും ഇത് വിജയം കണ്ടു. ജാട്ട് വിഭാഗത്തില്‍നിന്നുള്ള ഒ.പി. ധന്‍കറെ മാറ്റിയാണ് സൈനി സംസ്ഥാന ബി.ജെ.പി. അധ്യക്ഷനാവുന്നത്. 25 ശതമാനത്തോളം വരുന്ന ജാട്ട് സമൂഹം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെങ്കിലും ജാട്ടിതരവോട്ടുകളുടെ ഏകീകരണമായിരുന്നു ബി.ജെ.പി. ലക്ഷ്യമിട്ടത്.

2010-ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനി, അത്തവണ പരാജയപ്പെട്ടു. 2014-ല്‍ നാരായിന്‍ഗഡില്‍നിന്ന് 24,000-ത്തിലേറെ വോട്ടിന് ജയിച്ച് എം.എല്‍.എയും മന്ത്രിയുമായി. 2019-ലെ തിരഞ്ഞെടുപ്പില്‍ കുരുക്ഷേത്രയില്‍ നിന്ന് മത്സരിച്ച് എം.പിയായിരിക്കുമ്പോഴാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും പിന്നീട് മുഖ്യമന്ത്രിയുമാവുന്നത്.

Tags:    

Similar News