തദ്ദേശപ്പോരില്‍ പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്; റോഡ് ഷോകളുമായി ആവേശത്തില്‍ മുന്നണികള്‍; ഡാന്‍സും പാട്ടുമായി അണികള്‍; വോട്ടുറപ്പിക്കാന്‍ അവസാന മണിക്കൂറിലും ഓട്ടപ്പാച്ചില്‍; ഇനി നിശബ്ദ പ്രചരണം; മറ്റന്നാള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതുക ഏഴ് ജില്ലകള്‍
തിരുവനന്തപുരം: തദ്ദേശപ്പോരിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പ്രചാരണപ്പെരുമയ്ക്ക് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാന്‍ അവസാന മണിക്കൂറുകളിലും ഓട്ടപ്പാച്ചിലിലായിരുന്നു മുന്നണികളുടെ പ്രവര്‍ത്തകര്‍. പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്ക് കടന്നതോടെ വീടുകയറിയും പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ടും വഴിനീളെ വാഹനത്തില്‍ വിളിച്ചുപറഞ്ഞും ബാലറ്റില്‍ തങ്ങള്‍ക്കുതന്നെ വോട്ടുവീഴുമെന്ന് ഉറപ്പാക്കി മുന്നണികള്‍.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ മറ്റന്നാളാണ് വിധിയെഴുത്ത്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളില്‍ സജീവമായിരുന്നു. ഏഴു ജില്ലകളില്‍ കലാശക്കൊട്ട് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. രാഷ്ട്രീയാവേശം അതിന്റെ കൊടുമുടിയില്‍ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലായിരുന്നു പകലന്തിയോളം ഏഴു ജില്ലകളിലെയും പ്രവര്‍ത്തകര്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിച്ചത്. ജില്ലാ കേന്ദ്രത്തിലും നഗര, ഗ്രാമ കേന്ദ്രങ്ങളിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രധാന ജങ്ഷനുകളിലുമായിരുന്നു കൊട്ടിക്കലാശത്തിന്റെ ആവേശം കൊടുമുടി കയറിയത്. സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസിനെ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ പാര്‍ട്ടി അണികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും വരെ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
റോഡ് ഷോകളും റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ടൗണുകളില്‍ നിറഞ്ഞു. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു.
റോഡ് ഷോയുമായിട്ടാണ് പരസ്യ പ്രചാരണം അവസാനിച്ചത്. വീടുകള്‍ കയറിയുള്ള അവസാന റൗണ്ട് പ്രചാരണം, ലഘുലേഖ വിതരണം എന്നിവ ഇനിയുള്ള രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. വോട്ടിങ് യന്ത്രത്തിന്റെ മാതൃക വോട്ടര്‍മാരെ പരിചയപ്പെടുത്തുക, സ്ലിപ്പ് വിതരണം എന്നിവയും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ആവേശം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടമായിരുന്നു. റോഡ് ഷോകളുമായി മുന്നണികള്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സംഗമിച്ചു. ആലപ്പുഴയില്‍ വാര്‍ഡ് തലത്തില്‍ ആണ് കൊട്ടിക്കലാശം നടക്കുന്നത്. പരസ്യപ്രചരണത്തിന്റെ അവസാന മിനുട്ടുകളില്‍ കൊട്ടിക്കലാശം ശക്തി പ്രകടന മാക്കുകയാണ് മുന്നണികള്‍. വിവിധ ഇടങ്ങളില്‍ പ്രകടനങ്ങള്‍ തുടങ്ങി. എറണാകുളം കളമശേരി നഗരസഭ പരിധിയിലെ കങ്ങരപ്പടിയില്‍ മന്ത്രി പി രാജീവ് എല്‍ഡിഎഫിന്റെ കലാശക്കൊട്ടില്‍ പങ്കെടുക്കും.
പരസ്യപ്രചരണത്തിന്റെ അവസാന ദിനം റോഡ് ഷോ നടത്തിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്‌സണ്‍ ജോസഫ് വോട്ടര്‍മാരെ കണ്ടത്. തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയും ബൈക്കുകളും അണിനിരത്തിയായിരുന്നു റോഡ് ഷോ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണ് അതിരമ്പുഴ. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ടൗണില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കലാശക്കൊട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പങ്കെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിലും മറ്റു ജില്ലകളിലെ ആസ്ഥാനങ്ങളിലും റോഡ് ഷോകളുമായി മുന്നണികള്‍ കലാശക്കൊട്ട് ആഘോഷമാക്കുകയാണ്.
തൃശ്ശൂര്‍ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മില്‍ ഇന്ന് തൃശ്ശൂരില്‍ നടക്കേണ്ട സെമി ഫൈനല്‍ മത്സരം മാറ്റിവച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.തദ്ദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടിയും ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഡിസംബര്‍ പത്തിനുള്ള കാലിക്കറ്റ് എഫ്‌സസിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തമ്മിലുള്ള മത്സരവും മാറ്റിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
ഇതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാല്‍വഴുതി വീണ് സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കോര്‍പ്പറേഷനിലെ 32 ആം ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുബിജയ്ക്കാണ് പരിക്കേറ്റത്. ഗൃഹസമ്പരക്കത്തിനനിടെ കാല്‍വഴുതി തലയടിച്ച് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ സുബിജയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
