രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ഫേസ്ബുക്ക് കുറിപ്പ്; അഴിമതി ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ടു; പള്ളിക്കല്‍ ഡിവിഷനിലെ ആദ്യം ഫലം വന്നപ്പോള്‍ തോല്‍വി; റീകൗണ്ടിങ്ങില്‍ ട്വിസ്റ്റ്; സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ ഒടുവില്‍ ചിരിക്കുമ്പോള്‍

Update: 2025-12-13 11:31 GMT

പത്തനംതിട്ട: അഴിമതി ചോദ്യം ചെയ്ത് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് റീകൗണ്ടിങ്ങില്‍ വിജയം. ആദ്യം ഫലം വന്നപ്പോള്‍ പള്ളിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീനാദേവി തോറ്റെന്നായിരുന്നു മത്സരഫലം. പിന്നീട് റീകൗണ്ടിങ് നടത്തിയപ്പോള്‍ 196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീനാദേവി വിജയിച്ചത്. ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീലത രമേശായിരുന്നു. സിപിഐയുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. അഴിമതി ചോദ്യം ചെയ്തതായിരുന്നു സിപിഐയിലെ പ്രശ്നമെന്നായിരുന്നു ശ്രീനാദേവി പാര്‍ട്ടിവിട്ട സമയം പറഞ്ഞത്.

ആദ്യം തോറ്റുവമെന്ന് ഫലം വന്നെങ്കിലും പള്ളിക്കല്‍ ഡിവിഷനില്‍ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസര്‍ വിജയിയായി പ്രഖ്യാപിച്ചത്. മുന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. നേരത്തെ സിപിഐ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് പള്ളിക്കല്‍ ഡിവിഷന്‍ തന്നെയാണ് കോണ്‍ഗ്രസും ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നല്‍കിയത്. അധികാരമല്ല, ആദര്‍ശമാണ് വലുതെന്നായിരുന്നു സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മയും പ്രതികരണം.

സിപിഐ വിട്ടെന്നും പാര്‍ട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജിവച്ചതായും ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് ശ്രീനാദേവി മാധ്യമങ്ങളെ അറിയിച്ചത്. ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പാലക്കാട് എംഎല്‍എയുമായി ബന്ധപ്പെട്ട് ശ്രീനാദേവിയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഈ വിഷയത്തില്‍ അവരെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചതും. സിപിഐയുടെ ജില്ലാ - സംസ്ഥാന നേതൃത്വങ്ങളെ കണക്കിന് വിമര്‍ശിച്ചതിന് ശേഷമായിരുന്നു ശ്രീനാദേവി പാര്‍ട്ടി വിട്ടത്.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടതായിരുന്ന ശ്രീനാദേവിയെ പാര്‍ട്ടി ഒഴിവാക്കിയിരുന്നു. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിന്നുകയായിരുന്നു ഇവര്‍. മുമ്പ് പള്ളിക്കലിലെ സിപിഐ പ്രതിനിധിയായിരുന്ന ശ്രീനാദേവി നവംബര്‍ 17ന് കെപിസിസി ആസ്ഥാനത്ത് എത്തിയതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ദീപാദാസ് മുന്‍ഷിയും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്നാണ് ഷോളണിയിച്ച് സ്വീകരിച്ചത്.

നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തില്‍ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്നും തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ഈ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമായിരുന്നു ശ്രീനാദേവി ഫേസ്ബുക്കില്‍ കുറിച്ചത്.

Tags:    

Similar News